തിരുവനന്തപുരം: ധനപ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് കടുത്ത ധനകാര്യ നിയന്ത്രണം ഏര്‍പ്പെടുത്തി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അനുവദിച്ച വാഹനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്ന് ഉത്തരവ്. ഇ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള ഓഫീസുകളില്‍ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ കരാര്‍ നിയമനം മതിയെന്നും നിര്‍ദേശം. ധനകാര്യ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.
ഓരോ ഓഫീസ്, സ്ഥാപനങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള ആവശ്യങ്ങള്‍ക്കു മാത്രമായും ബന്ധപ്പെട്ട ഓഫീസുകളുടെ നിയന്ത്രണാധികാര പരിധിക്കുള്ളിലും മാത്രമേ വാഹനം ഉപയോഗിക്കാവൂ. വീഴ്ച വരുത്തുന്ന വാഹനത്തിന്റെ നിയന്ത്രണ ഉേദ്യാഗസ്ഥനെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ കൈക്കൊള്ളും. ഒരു കാരണവശാലും ചെലവുകള്‍ ബജറ്റ് വിഹിതം അധികരിക്കരുത്. ചെലവ് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അധികം അനുവദിക്കുന്നത് ധനപുനര്‍വിനിയോഗം വഴി മാത്രമായിരിക്കണം. തനത് ഫണ്ട് ഉള്ള ഗ്രാന്റ് ഇന്‍ എയിഡ് സ്ഥാപനങ്ങള്‍ക്ക് ഫണ്ടിന്റെ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഗ്രാന്റ് അനുവദിക്കുക. വാഹനങ്ങള്‍ ഇല്ലാത്തതു മൂലം ജോലിയില്ലാതെ തുടരുന്ന ഡ്രൈവര്‍മാരെ അതാത് വകുപ്പുകള്‍ക്ക് കീഴിലെ ഓഫീസുകളില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് പകരമായി പുനര്‍വിന്യസിക്കണം. വര്‍ഷങ്ങളായി തുടരുന്നതും എന്നാല്‍ ഇപ്പോള്‍ ആവശ്യമില്ലാത്തതുമായ പദ്ധതി, പ്രൊജക്ടുകള്‍ ഒരുമാസത്തിനുള്ളില്‍ അവസാനിപ്പിക്കണം. സെമിനാറുകള്‍, മേളകള്‍, ശില്പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവയുടെ ചെലവ് ബജറ്റ് വിഹിതത്തിന്റെ 50%ല്‍ അധികരിക്കാന്‍ പാടില്ല.
വിവിധ ഓഫീസുകളിലെ പേയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ സംവിധാനം നിലനില്‍ക്കുന്നതിനാല്‍ പരമ്പരാഗതമായ പ്രത്യേക കൗണ്ടര്‍ അവസാനിപ്പിച്ച് ജീവനക്കാരെ അതാത് മാതൃവകുപ്പുകളിലേക്ക് തിരികെ പ്രവേശിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: