ജീവിതരേഖ
തലശ്ശേരിക്കടുത്ത് ന്യൂമാഹിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പില്‍ കൃഷ്ണന്റെയും ദമയന്തിയുടെയും നാലാമത്തെ മകളാണ്അഹല്യ.പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്ന രത്നസിംഗിന്റെ ക്ലാര്‍ക്കായിരുന്ന വെള്ളയില്‍ നാലുകുടിപ്പറമ്പ്പരേതനായ ശങ്കരനാണ് ഭര്‍ത്താവ്.
1967 ഡിസംബര്‍ 26, 27, 28 തിയതികളില്‍ കോഴിക്കോട് നടന്ന ജനസംഘം ദേശീയ സമ്മേളനത്തോടെയാണ് അഹല്യാശങ്കറിന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ജനസംഘത്തിന്റെ ജില്ലാ കമ്മിറ്റി അംഗമായി. 1980ല്‍ മുംബൈയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള വനിതാ പ്രതിനിധികളില്‍ ഒരാള്‍. 1973ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായാണ് തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങിയത്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മൂന്ന് തവണ മത്സരിച്ചു.
1991ല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ യാത്രയുടെ മുഖ്യസംഘാടകയായിരുന്നു.
2000ത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പോടെയാണ് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയത്. ബിജെപിയുടെ ജില്ലാ സമിതി അംഗം, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, നാഷണല്‍ കൗണ്‍സില്‍ അംഗം, സംസ്ഥാന സമിതി അംഗം, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, വേദവ്യാസ മാനേജിംഗ് ട്രസ്റ്റി എന്നീ ചുമതലകള്‍ വഹിച്ചു. ജനസംഘം നേതാക്കളായ ദേവകി അമ്മ, ടി.പി. വിനോദിനിയമ്മ, രാഷ്‌ട്രസേവികാ സമിതി കാര്യവാഹികയായിരുന്ന ഡോ. ബാലസരസ്വതി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. അടല്‍ ബിഹാരി വാജ്‌പേയ്, എല്‍.കെ. അദ്വാനി, രാജ്മാതാ വിജയരാജെ സിന്ധ്യ, സുമിത്രാ മഹാജന്‍ തുടങ്ങിയ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
അടങ്ങാത്ത വീറുംമായാത്ത ചിരിയും
വനിതകള്‍ പൊതുരംഗത്തും രാഷ്‌ട്രീയ രംഗത്തും അപൂര്‍വമായിരുന്ന കാലഘട്ടത്തിലാണ് അഹല്യാ ശങ്കര്‍ ധൈര്യപൂര്‍വം ജനസംഘത്തിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനത്തിലേക്ക് മുന്നിട്ടിറങ്ങിയത്. കേരളത്തിലങ്ങോളമിങ്ങോളം യാത്രചെയ്ത് സംഘടനാ പ്രവര്‍ത്തനത്തില്‍ അവര്‍ മാതൃകയായി. ജനസംഘത്തിന്റെ സംസ്ഥാന അധ്യക്ഷയായിരുന്ന എം. ദേവകി അമ്മയെപോലെയുള്ള നേതാക്കളുടെ ഉശിരും തന്റേടവും കണ്ടാണ് അവര്‍ വളര്‍ന്നത്. പ്രതിസന്ധികളുടെ മുന്നില്‍ പതറാതെ, പ്രശ്‌നങ്ങളുടെ നടുവിലേക്കെടുത്ത് ചാടി, പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്കി അവര്‍ കരുത്തോടെ നിലകൊണ്ടു. കമ്യൂണിസ്റ്റ് അക്രമത്തിന്റെയും മുസ്ലിം മതമൗലികവാദികളുടെ ഭീകരാക്രമണത്തിന്റെയും മുന്നില്‍ പകച്ചുപോകുമായിരുന്ന പലഘട്ടങ്ങളിലും അവരുടെ നേതൃത്വശേഷിയുടെ ബലത്തില്‍ പ്രവര്‍ത്തകര്‍ ധൈര്യപൂര്‍വം മുന്നേറി. മാറാട് കൂട്ടക്കൊലയില്‍ പകച്ചുപോയ കടലോര മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ അവര്‍ ആശ്വാസമായി ചെന്നെത്തി. മുസ്ലിം മതഭീകരവാദികളോടും സര്‍ക്കാരിനോടും ഒരേ പോലെ പോരാടേണ്ടിവന്ന ഘട്ടത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് അവര്‍ പ്രതിഷേധത്തിന്റെ തീക്കാറ്റായി മാറി. ഓരോ വീട്ടിലും ചെന്ന് അവര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും മുന്‍നിരയിലേക്ക് അവരെ ചേര്‍ത്തുപിടിച്ചു.
സ്‌നേഹമായിരുന്നു…
ഒരമ്മയുടെ സ്‌നേഹപൂര്‍ണമായ സാന്നിദ്ധ്യമായിരുന്നു സമൂഹത്തിലും സംഘടനയ്‌ക്കുള്ളിലും അഹല്യാ ശങ്കര്‍ എന്ന നേതാവ്. കടലോരമേഖലയില്‍ ദുരിതമനുഭവിക്കുന്നവരുടെ ഇടയില്‍ ആരും ആവശ്യപ്പെടാതെ അവര്‍ എത്തി സ്‌നേഹ സ്വാന്തനമായി അവര്‍ മാറി. കൈയ്യയച്ച് സഹായിക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. സംഘടനാ പ്രവര്‍ത്തനത്തിന് ആവശ്യമായ പണമില്ലാതെ ബുദ്ധിമുട്ടുന്ന സംഘടനാ പ്രവര്‍ത്തകര്‍ക്ക് അവര്‍ ആവശ്യപ്പെടാതെ, അവരുടെ എതിര്‍പ്പ് പരിഗണിക്കാതെ സഹായിക്കാന്‍ അഹല്യാ ശങ്കര്‍ എന്ന നേതാവിന് മടിയുണ്ടായില്ല. പണക്കൂമ്പാരത്തില്‍ നിന്നായിരുന്നില്ല സാധാരണ ജീവിതം നയിച്ച വീട്ടമ്മയുടെ നീക്കിവയ്‌പ്പില്‍ നിന്നായിരുന്നു ആ സഹായം. പണമില്ലാതെ കഷ്ടപ്പെടുമ്പോഴും സഹായം നിരസിച്ച ഒരു മുതിര്‍ന്ന പ്രവര്‍ത്തകനോട് ”തിരിച്ചൊന്നും പറയരുത്, നിരസിക്കരുത്” എന്ന നിര്‍ദേശത്തോടെ ഷര്‍ട്ടും മുണ്ടും അയ്യായിരം രൂപയടങ്ങുന്ന പണപ്പൊതിയും അവര്‍ നല്കി. ഇത് പറഞ്ഞത് ഉയര്‍ന്ന ചുമതലകള്‍ വഹിച്ച ഒരു കാര്യകര്‍ത്താവായിരുന്നു. ക്ഷണിച്ച വിവാഹ ചടങ്ങിലും ക്ഷണിക്കാത്ത വിവാഹചടങ്ങുകളിലും അവര്‍ അറിഞ്ഞെത്തി. പെണ്‍കുട്ടികളുടെ വിവാഹമാണെങ്കില്‍ മടികൂടാതെ സഹായിച്ചു. ഇരുകൈ അറിയാതെയായിരുന്നു ഈ സഹായമത്രയും.
കണ്ണൂര്‍ ജില്ലയിലും കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോഴും പരിക്കേല്‍ക്കുമ്പോഴും ആ അമ്മയുടെ മനസ്സ് ഏറെ വേദനിച്ചു. പ്രശ്‌നബാധിത സ്ഥലങ്ങളിലേക്ക് മുന്‍പിന്‍ നോക്കാതെ അവര്‍ കുതിച്ചെത്തി. നേതാവായിരുന്നില്ല സ്‌നേഹം നിറയുന്ന അമ്മയുടെ സാമീപ്യമായിരുന്നു അഹല്യാ ശങ്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: