തിരുവനന്തപുരം: ലഹരിവസ്തുക്കളുടേയും എം.ഡി.എം.എ പോലുള്ള രാസലഹരി മരുന്നുകളുടെയും വിപണനവും ഉപയോഗവും തടയുന്നതിനായി കേരളാ പോലീസ് സംസ്ഥാന വ്യാപകമായി ആരംഭിച്ച ഓപ്പറേഷന് ഡി ഹണ്ടില്‍ ഇതുവരെ പിടിയിലായത് ഏഴായിരത്തിലേറെ പേര്. എഴുപതിനായിരം പേരെ പരിശോധിച്ചപ്പോള്‍ അതില്‍ ലഹരിമരുന്ന് കയ്യില്‍ നിന്ന് പിടിച്ചവരുടെ എണ്ണം നടുക്കുന്നതാണ്. 7,307 പേരാണ് ഒരുമാസത്തിനകം അറസ്റ്റിലായത്.
7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 7307 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസ്സുകളില്‍ മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (3.952 കിലോ.ഗ്രാം), കഞ്ചാവ് (461.523 കിലോഗ്രാം), കഞ്ചാവ് ബീഡി (5,132 എണ്ണം) എന്നീ ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ മാത്രം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,288 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 207 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 214 പേരാണ് അറസ്റ്റിലായത്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന് ഡിഹണ്ട് നടപ്പാക്കുന്നത്. ഡി ഹണ്ട് ഓപ്പറേഷന് തുടങ്ങിയ ശേഷം ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും വന്‍തോതില്‍ കുറഞ്ഞതായി പോലീസ് അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: