India

ആ അപകടകാരികള്‍ നിങ്ങളുടെ ഫോണിലുമുണ്ടോ? പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കിയത് 300ലധികം ആപ്പുകള്‍

Published by

ന്യൂദല്‍ഹി: പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്ത 300ലധികം അപകടകാരികളായ ആപ്പുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ 60 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഈ പശ്ചാത്തലത്തില്‍ ഫോണ്‍ ഉപയോക്താക്കളുടെ, പ്രത്യേകിച്ച് കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധര്‍. ഫോണ്‍ പരിശോധിച്ച് ഇത്തരം ആപ്പുകള്‍ നീക്കാനും അനാവശ്യമായവ ഡൗണ്‍ലോഡു ചെയ്യാതിരിക്കാനും ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. സാധാരണ നിലയില്‍ സുരക്ഷിതമെന്നു കരുതി പ്‌ളേ സ്‌റ്റോറില്‍ നിന്ന് വിവിധ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആപ്പുകള്‍ ഡൗണ്‍ലോഡു ചെയ്യാറുണ്ട്. നിരുപദ്രവകരമായി തോന്നാമെങ്കിലും ഇവ രഹസ്യമായി ഡാറ്റ ചോര്‍ത്തുകയും ഉപയോക്താക്കളെ സാമ്പത്തിക തട്ടിപ്പിന് വരെ ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് നിഗമനം.
അഞ്ച് ഭൂഖണ്ഡങ്ങളിലുടനീളമുള്ള ഉപയോക്താക്കളെയാണ് ഈ ക്ഷുദ്ര ആപ്പുകള്‍ ലക്ഷ്യമിട്ടത്. ഐക്കണുകളും പേരുകളും മറയ്‌ക്കുന്നത് പോലുള്ള രഹസ്യ രീതികള്‍ ആപ്പുകള്‍ പ്രയോഗിക്കുന്നതിനാല്‍ അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ ‘സിസ്റ്റം സെറ്റിംഗ്‌സ്’ പോലുള്ള പേരുകള്‍ ഉപയോഗിക്കുകയോ ചെയ്യും. ആപ്പ് തുറക്കാത്തപ്പോള്‍ പോലും അവ പരസ്യങ്ങള്‍ കാണിക്കും. ഇത് ബാറ്ററി ലൈഫും ഡാറ്റ ഉപയോഗവും കുറയ്‌ക്കും . രഹസ്യമായി ലൊക്കേഷന്‍ ഡാറ്റ, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവ ശേഖരിക്കും. വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by