മുംബൈ: ഛത്രപതി സാംബാംജി ആരായിരുന്നുവെന്നും ഔറംഗസേബ് ചക്രവര്‍ത്തി ഇന്ത്യക്കാരോട് ചെയ്തത് എന്തെന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്ത ശിവാജി സാവന്ത് എന്ന നോവലിസ്റ്റിന്റെ ജീവിതം സാര്‍ത്ഥകം. ഇദ്ദേഹം എഴുതിയ ഛാവ എന്ന നോവലിനെ ആസ്പദമാക്കിയാണ് ലക്ഷ്മൺ ഉടേക്കർ ഛാവ എന്ന അതേ പേരില്‍ ഹിന്ദി സിനിമ എടുത്തത്. ഇതാണ് ഇപ്പോള്‍ ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കണമെന്ന ആവശ്യമുയര്‍ത്തിയ സമരത്തിലേക്കും അതേ തുടര്‍ന്നുള്ള വര്‍ഗ്ഗീയ കലാപത്തിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. 1980ല്‍ രചിച്ച നോവല്‍ 45 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാനും ഹിന്ദു സ്വരാജിന്റെ പ്രാധാന്യം മനസിലാക്കിത്തരാനും കാരണമായിരിക്കുന്നു.
2022 സെപ്തംബറില്‍ തന്റെ 62ാം വയസ്സില്‍ ഹൃദയാഘാതം മൂലം മരിച്ച ശിവാജി സാവന്ത് വെറുമൊരു നോവലിസ്റ്റ് മാത്രമല്ല, ചരിത്രകാരന്‍ കൂടിയായിരുന്നു. അതിനാല്‍ ചരിത്രത്തിലെ കഥാപാത്രങ്ങളും അവരുടെ ജീവിതവും അദ്ദേഹത്തിന് കൂടുതല്‍ ആഴത്തില്‍ അറിയാനാവും. അതുകൊണ്ടാണ് ശിവജിയുടെ മകനായ സാംബാജിയുടെ പ്രാധാന്യം ശക്തമായി അവതരിപ്പിക്കാന്‍ ശിവജി സാവന്തിന് സാധിച്ചത്. ചരിത്രകാരന്‍ എന്നതിനപ്പുറം രാഷ്‌ട്രീയ എഴുത്തുകാരന്‍ കൂടിയായിരുന്നതിനാലും മറാത്തക്കാരനായതിനാലും മറാത്തക്കാരുടെ ചരിത്രവും വികാരവും കൃത്യമായി അദ്ദേഹത്തിനറിയാം. അത് ഈ നോവലില്‍ ഉടനീളം പ്രതിഫലിച്ചിട്ടുണ്ട്. മറാത്ത വികാരം ശക്തമായി ഉണര്‍ത്താന്‍ അദ്ദേഹത്തിനായി.
ഏറെ ഗവേഷണത്തിനും ധ്യാനത്തിനും ശേഷം എഴുതിയ നോവലാണ് ഛാവ. ഛാവ എന്നതിനര്‍ത്ഥം സിംഹക്കുട്ടി എന്നാണ്. സിംഹമായ ശിവജിയുടെ മകന്‍ ധീരതയുടെയും പോരാട്ടത്തിന്റെയും പ്രതീകമാണെന്നും ഹിന്ദു രാഷ്‌ട്രത്തിന്റെ പതാകാവാഹകനാണെന്നും നോവലിസ്റ്റ് സങ്കല്‍പിക്കുന്നു. അദ്ദേഹത്തിന്റെ പേന ഇവിടെ ഒരു വലിയ ആയുധം തന്നെയായി മാറുകയായിരുന്നു. ഛാവ സിനിമയുടെ സംവിധായകനായ ലക്ഷ്മണ്‍ ഉഡേക്കര്‍ ഒരു കോവിഡ് കാലത്താണ് ശിവജി സാവന്ത് എഴുതിയ ഛാവ നോവല്‍ വായിച്ചത്. നോവല്‍ ലക്ഷ്മണ്‍ ഉഡേക്കറെ വല്ലാതെ ഉലച്ചുകളഞ്ഞു. കൃത്യമായി ഭാരതീയ പൈതൃകം കാത്തുസൂക്ഷിക്കാന്‍ പൊരുതിയ യോദ്ധാവ് അനുഭവിച്ച മുറിവുകള്‍ ലോകം അറിയണമെന്ന് ലക്ഷ്മണ്‍ ഉഡേക്കര്‍ വല്ലാതെ മോഹിച്ചു. അതാണ് ഈ നോവല്‍ സിനിമയാക്കുന്നതിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
ഹിന്ദുസ്വരാജ്യം സ്ഥാപിക്കുക എന്ന ശിവജിയുടെ മോഹം യാഥാര്‍ത്ഥ്യമാക്കാന്‍ ധീരതയോടെ പ്രവര്‍ത്തിച്ച യോദ്ധാവാണ് സാംബാജി മഹാരാജ്. അദ്ദേഹം ഒമ്പത് വര്‍ഷത്തോളം ഔറംഗസേബിന്റെ സൈന്യവുമായി പോരാടി. ഒടുവില്‍ ചതിയിലൂടെ കുരുക്കിയാണ് അദ്ദേഹത്തെ പിടികൂടി ഇസ്ലാമിലേക്ക് മതം മാറാന്‍ വേണ്ടി അനവധിയായ പീഢനങ്ങള്‍ നല്‍കിയത്. ഔറംഗസേബിന്റെ നഖം പറിക്കുകയും കൈ വെട്ടുകയും ഒടുവില്‍ നാവ് പിഴുതെടുക്കുകയും ചെയ്തു. എന്നിട്ടും മതം മാറാന്‍ തയ്യാറല്ലാതിരുന്ന അദ്ദേഹത്തിന്റെ കണ്ണും കുത്തിപ്പൊട്ടിച്ചു. ചരിത്രത്തില്‍ നടന്ന സംഭവങ്ങളെ തീവ്രതയോടെ വായനക്കാരിലേക്ക് എത്തിക്കുകയായിരുന്നു ശിവജി സാവന്ത്. ഇതോടെയാണ് ഹിന്ദുസ്വരാജിനെ തകര്‍ത്ത,ഹിന്ദു സ്വരാജിന് വേണ്ടി പോരാടിയ സാംബാജി മഹാരാജിനെ ഇഞ്ചിഞ്ചായി കൊന്ന ഔറംഗസേബിന് സ്മാരകമെന്തിന് എന്ന ചിന്ത മറാത്തക്കാരുടെ ഉള്ളില്‍ ഉണര്‍ന്നത്.
ലോക് ശിക്ഷണ്‍ മാസികയുടെ എഡിറ്റര്‍ ഉദ്യോഗം രാജിവെച്ച് മുഴുവന്‍ സമയ നോവല്‍ രചനയിലേക്ക് പോയ വ്യക്തിയാണ് ശിവജി സാവന്ത്. മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കർണനെ ആസ്പദമാക്കിയും അദ്ദേഹം ഒരു നോവല്‍ രചിച്ചിട്ടുണ്ട്. മൃത്യുഞ്ജയ് (ഇംഗ്ലീഷ്: മരണത്തിനെതിരായ വിജയം ) എന്നാണ് ആ നോവലിന്റെ പേര്. ഈ പുസ്തകം ഹിന്ദി (1974), ഇംഗ്ലീഷ് (1989), കന്നഡ (1990), ഗുജറാത്തി (1991), മലയാളം (1995) എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു,
. പ്രശസ്ത മറാത്തി നോവലായ മൃത്യുഞ്ജയ് എഴുതിയതിന് അദ്ദേഹം മൃത്യുഞ്ജയ്കാർ ( മൃത്യുഞ്ജയ് എന്നതിന്റെ രചയിതാവ് എന്നർത്ഥം) എന്നറിയപ്പെടുന്നു , യുഗന്ധർ ആണ് മറ്റൊരു നോവല്‍. 1994-ൽ ഭാരതീയ ജ്ഞാനപീഠം നൽകുന്ന മൂർത്തീദേവി അവാർഡ് ലഭിച്ച ആദ്യത്തെ മറാത്തി എഴുത്തുകാരനായിരുന്നു അദ്ദേഹം. നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടി.
ചരിത്ര എഴുത്തുകാരൻ മാത്രമല്ല, രാഷ്‌ട്രീയ എഴുത്തുകാരനും കൂടിയായിരുന്നു അദ്ദേഹം.കോടതിയിൽ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് 1962 മുതൽ 1974 വരെ കോലാപ്പൂരിലെ രാജാറാം പ്രശാലയിൽ (രാജാറാം സ്കൂൾ) അധ്യാപകനായി ജോലി ചെയ്തു. തുടർന്ന്, അദ്ദേഹം പൂനെയിലേക്ക് താമസം മാറി, മഹാരാഷ്‌ട്ര സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്ന ലോക്ശിക്ഷൻ എന്ന മാസികയുടെ സഹ-എഡിറ്ററായും പിന്നീട് എഡിറ്ററായും ആറ് വർഷം തുടർന്നു . പിന്നീട് ജോലി രാജിവെച്ച് മുഴുവന്‍ സമയ എഴുത്തുകാരനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: