മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ ഒന്നാം പ്രതി ഷൈബിന് അഷറഫിന് 11 വർഷവും ഒമ്പത് മാസവും തടവ്. രണ്ടാം പ്രതി ഷിഹാബുദീന്‍ ആറ് വർഷവും ഒമ്പത് മാസവു തടവ്, ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും ഒമ്പത് മാസവും തടവു ശിക്ഷ വിധിച്ചു. മഞ്ചേരി ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.
കേസിലെ മറ്റ് പ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. മനപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞിരുന്നു. കേരളത്തില്‍ ഏറെ ചര്‍ച്ചയായതും നാടകീയവുമായ കേസായിരുന്നു ഷാബാ ശരീഫ് കൊലക്കേസ്. മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താന്‍ സാധിക്കാത്ത കേസാണിത്. അതിനാല്‍ തന്നെ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ കേസില്‍ നിര്‍ണായകമായിരുന്നു.

മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താനാണ് ഷാബാ ശരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 1ന് മൈസൂരുവിലെ വീട്ടിൽ നിന്നാണ് ഷാബാ ശരീഫിനെ തട്ടിക്കൊണ്ടുപോയത്.
മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ താമസിപ്പിച്ച ഷാബാ ശരീഫിനെ 2020 ഒക്ടോബർ 8ന് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാക്കിൽക്കെട്ടി ചാലിയാറിൽ ഒഴുക്കുകയായിരുന്നു. കേസിൽ 80 സാക്ഷികളെ വിസ്തരിച്ചു. മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച പുളിമര പലകയുടെ കുറ്റി അന്വേഷണത്തിൽ കണ്ടെത്തി. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപം രാധാകൃഷ്ണൻ നായർ എന്നയാളുടെ വീട്ടുവളപ്പിലെ പുളിമരത്തിന്റെ കുറ്റിയാണ് പോലീസ് കണ്ടെത്തിയത്. ഈ പുളിമരം മര വ്യാപാരിയായ പറമ്പാടൻ ഉമ്മറിനാണ് രാധാകൃഷ്ണൻ വിറ്റത് ഇയാളിൽ നിന്നാണ് ഷാബാ ശരീഫിന്റെ മൃതദേഹം വെട്ടിനുറുക്കിയ നൗഷാദ് ഒന്നര മീറ്റർ നീളമുള്ള മരക്കഷണം വാങ്ങിയത്.
കൊലപാതകത്തിന് തൊട്ടടുത്ത ദിവസമാണ് മരക്കഷണം വാങ്ങിയത്. വെട്ടിനുറുക്കാൻ അനുയോജ്യവും ബലമുള്ളതുമായതിനാലാണ് പുളിമരക്കഷണം തെരഞ്ഞെടുത്തതെന്ന് പ്രതി നൗഷാദ് പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: