ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നിയമവിരുദ്ധ മദ്രസകൾക്കെതിരെ നടപടിയെടുക്കാനുള്ള മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ തീരുമാനത്തെ പിന്തുണച്ച് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ്. അനധികൃത മദ്രസകൾ അടച്ചുപൂട്ടിയത് ഏതെങ്കിലും സമുദായത്തെ ലക്ഷ്യം വച്ചല്ലെന്നും അച്ചടക്കം ഉറപ്പാക്കാനാണെന്നും മദ്രസ ബോർഡ് ചെയർമാൻ ഷാമും ഖാസിമി പറഞ്ഞു.
സർക്കാരിൽ രജിസ്റ്റർ ചെയ്ത മദ്രസകളെ എൻസിഇആർടി പാഠ്യപദ്ധതിയിലൂടെ മുഖ്യധാരാ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാൻ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ കോൺഗ്രസ് പാർട്ടി പ്രീണന രാഷ്‌ട്രീയം കളിക്കുകയാണെന്നും അതൊരു രാഷ്‌ട്രീയ വിഷയമാക്കുകയാണെന്നും കാസ്മി ആരോപിച്ചു.
ഉത്തരാഖണ്ഡ് സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ വിവേചനമില്ല, സബ്കാ സാത്ത് സബ്കാ വികാസ് എന്ന മുദ്രാവാക്യവുമായി മുസ്ലീം അടക്കം എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനായി സർക്കാർ പ്രവർത്തിക്കുന്നു. മദ്രസകൾ രജിസ്റ്റർ ചെയ്യാത്തതിന് കാരണം അവയുടെ സ്വന്തം പോരായ്‌മകളാണെന്നും ഈ പോരായ്‌മകൾ കാരണം അവിടെ പഠിക്കുന്ന കുട്ടികൾക്ക് ശരിയായതും നല്ലതുമായ വിദ്യാഭ്യാസം നേടാൻ കഴിയുന്നില്ലെന്നും ഖാസിമി പറഞ്ഞു.
മദ്രസകൾ സർക്കാർ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിധിയിൽ തുടർന്നാൽ നല്ല ഫലങ്ങൾ കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സീൽ ചെയ്യുന്ന അനധികൃത മദ്രസകളിലെ കുട്ടികളെ രജിസ്റ്റർ ചെയ്ത മദ്രസകളിൽ പ്രവേശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡിൽ 416 രജിസ്റ്റർ ചെയ്ത മദ്രസകളിലായി ഏകദേശം 46,000 കുട്ടികൾ വിദ്യാഭ്യാസം നേടുന്നുണ്ട്. രജിസ്റ്റർ ചെയ്യാത്ത 529 മദ്രസകൾ ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർന്ന് ധാമി സർക്കാർ ഈ രജിസ്റ്റർ ചെയ്യാത്ത മദ്രസകൾ പൂട്ടി സീൽ ചെയ്യുന്നതിനുള്ള ഒരു കാമ്പയിൻ തന്നെ ആരംഭിച്ചു. ഇതുവരെ 110 അനധികൃത മദ്രസകൾ പൂട്ടി സീൽ ചെയ്തുവെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: