തൃശൂർ: പെരുമ്പിലാവ് ആൽത്തറയിൽ ഭാര്യയുടെ മുന്നിൽ വച്ച് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റീൽസ് ചിത്രീകരിക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രതികളുടെ മൊഴി. മരത്തംകോട് വാടകയ്‌ക്ക് താമസിക്കുന്ന കടവല്ലൂർ സ്വദേശി കൊട്ടിലിങ്ങൽ വീട്ടിൽ അക്ഷയ് (28) ആണ് മരിച്ചത്.
ആൽത്തറ ഇരട്ടക്കുളങ്ങര അമ്പലത്തിന് സമീപമുള്ള കോളനിയിൽ ഇന്നലെ രാത്രി എട്ടോടെയാണ് അക്ഷയ് വെട്ടേറ്റു മരിച്ചത്. കേസിലെ മുഖ്യപ്രതിയായ ലിഷോയിയും അക്ഷയ്‌യുടെ മറ്റൊരു സുഹൃത്തായ ബാദുഷയും അക്ഷയ്‌ക്ക് താത്‌പര്യമില്ലാത്ത ഒരാൾക്കൊപ്പം റീൽസ് ചിത്രീകരിച്ചു. ഇത് അക്ഷയ് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികളുടെ മൊഴി.
അക്ഷയ് ചോദ്യം ചെയ്തതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണിയും തർക്കവും ഉണ്ടായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ് ഇന്നലെ ലിഷോയുടെ വീടിന് മുന്നിൽ വച്ചാണ് വെട്ടേറ്റ് മരിച്ചത്. അക്ഷയ് ഭാര്യയോടൊപ്പം ലിഷോയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയ്‌യുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേയ്‌ക്ക് ഓടിക്കയറിയിരുന്നു.
കൊലയ്‌ക്ക് പിന്നാലെ ലിഷോയ് ഒളിവിൽ പോയിരുന്നു. ലിഷോയ് പോലീസ് പിടിയിലായിട്ടുണ്ട്. സംഭവത്തിൽ പെരുമ്പിലാവ് സ്വദേശി നിഖിലിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ നാലുപേർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം. അക്ഷയ്‌യും ലിഷോയും സുഹൃത്തുക്കളാണ്. ഇവരുടെ സുഹൃത്ത് ബാദുഷയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മൂന്ന് പേരും. മൂന്ന് മാസം മുൻപാണ് അക്ഷയ്‌യുടെ വിവാഹം നടന്നത്. കഴിഞ്ഞ മാസം ഇയാളെ കഞ്ചാവുമായി നഗരത്തിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു.
ലഹരി കടത്തിനെച്ചൊല്ലിയുള്ള തർക്കമാണോ കൊലയ്‌ക്ക് കാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: