കൊല്ലം: മയക്കുമരുന്നുമായി പിടിയിലായ അനില രവീന്ദ്രനിൽ നിന്നും വീണ്ടും എംഡിഎംഎ കണ്ടെത്തി. സ്വകാര്യഭാഗത്ത് ഒളിപ്പിച്ച 40.45 ഗ്രാം എംഡിഎംഎ, വൈദ്യപരിശോധനയിലാണ് കണ്ടെത്തിയത്. യുവതിയെ കൊല്ലം ജില്ല ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്.
പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില രവീന്ദ്രനിൽ നിന്നും നേരത്തെയും എം.ഡി.എം.എ പിടികൂടിയിട്ടുണ്ട്. ഇവർ പോലീസിന്റെ നോട്ടപുള്ളിയായിട്ട് ഏറെ നാളായി. കഴിഞ്ഞ ദിവസമാണ് 34 കാരിയായ യുവതിയെ പോലീസ് 50 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കർണാടക രജിസ്ട്രേഷൻ കാറിൽ കൊല്ലത്തേക്ക് വരുന്നതിനിടെയാണ് അനിലയെ ശക്തികുളങ്ങര പോലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടിയത്.
കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് വിൽപ്പനയ്‌ക്കായെത്തിച്ചതാണ് എംഡിഎംഎയെന്നാണ് പോലീസ് പറയുന്നത്. ബെംഗളൂരുവിൽനിന്ന് സ്വന്തം കാറിൽ ഒളിപ്പിച്ച് കടത്തുന്ന എംഡിഎംഎ ആവശ്യക്കാർക്ക് എത്തിച്ചുനൽകാറാണ് പതിവ്. നേരത്തേ 2021-ൽ കാക്കനാട് അപ്പാർട്മെന്റിൽനിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും എൽഎസ്ഡി സ്റ്റാംപുകളുമായി പിടിയിലായ കേസിൽ പ്രതിയാണ് ഇവർ.
വെള്ളിയാഴ്ച രാവിലെമുതൽതന്നെ സിറ്റി പരിധിയിൽ വ്യാപക പരിശോധന തുടങ്ങിയിരുന്നു. കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. സിറ്റി പോലീസ് പരിധിയിൽ ഈമാസം മാത്രം വാണിജ്യ അളവിൽ എംഡിഎംഎ പിടികൂടുന്ന നാലാമത്തെ കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: