തിരുവനന്തപുരം: മന്ത്രി ശിവന്‍കുട്ടി കേരളത്തിലെ തൊഴിലാളികളുടെ അന്തസ്സിനെക്കുറിച്ചും അവരുടെ ജീവിതനിലവാരത്തിന്റെ ഉയര്‍ച്ചയെക്കുറിച്ചും വാഴ്‌ത്തുമ്പോള്‍ ട്രേഡ് യൂണിയന്‍ മസില്‍ പവര്‍ എങ്ങിനെയാണ് കേരളത്തിന്റെ വ്യവസായവികസനം അട്ടിറിച്ചതിനെക്കുറിച്ച് നിശ്ശബ്ദനാകുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നോക്കൂകൂലിയാണ് കേരളത്തിന്റെ വികസനം തകര്‍ത്തതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രസ്താവന കേരളത്തിന്റെ കണ്ണുതുറപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ കേന്ദ്രമന്ത്രിയെ വെല്ലുവിളിക്കാനാണ് ശിവന്‍കുട്ടി ശ്രമിക്കുന്നത്. കേരളത്തില്‍ നിന്നും ട്രേഡ് യൂണിയനെ പേടിച്ച് ഓടിപ്പോയ വ്യവസായികളുടെ നിര നീണ്ടതാണ് അതിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കിറ്റെക്സ് സാബു. ഇതിനുമുമ്പേ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉള്‍പ്പെടെ നിരവധി വ്യവസായികള്‍ കേരളത്തിന്റെ നോക്കുകൂലിയുടെ രസം അറിഞ്ഞവരാണ്. തൊഴിലാളി വെള്ളക്കോളര്‍ മനോഭാവക്കാരനായി മാറുകയും മുതലാളിയെ വര്‍ഗ്ഗശത്രുവായി കാണുകയും ചെയ്യുന്ന ഒരു മനോഭാവത്തിനകത്ത് വ്യവസായം വളരില്ലെന്ന് ശിവന്‍കുട്ടിക്ക് അറിയാമെങ്കിലും സമ്മതിക്കില്ല
ഇപ്പോള്‍ എന്തിനും ഏതിനും കടമെടുക്കേണ്ടിവരികയാണ് കേരളത്തിന്. അതിന് കാരണം വ്യവസായിക വളര്‍ച്ച ഇല്ലാത്തതാണ്. വ്യവസായങ്ങള്‍ വികസിച്ചാല്‍ അവര്‍ നല്‍കുന്ന വന്‍നികുതിത്തുക സര്‍ക്കാര്‍ ഖജനാവിന് ഊര്‍ജ്ജം പകരും. അതിന് ഉദാഹരണമാണ് വിഴിഞ്ഞത്തെ അദാനിയുടെ തുറമുഖ പദ്ധതി. ഭാവിയില്‍ കോടികളുടെ വരുമാനമാണ് വിഴിഞ്ഞം തുറമുഖത്തില്‍ നിന്നും കേരള സര്‍ക്കാരിന് ലഭിക്കുക. പകരം കേരളം ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കി മുടിയുകയാണ്. മദ്യത്തെയും ലോട്ടറിയെയും ആശ്രയിച്ച് ചുറ്റിത്തിരിയുകയാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥ. പിന്നെയുള്ളത് കേന്ദ്രത്തില്‍ നിന്നുള്ള ധനസഹായമാണ്.
കഴിഞ്ഞ ദിവസം ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു സോഷ്യൽ മീഡിയ യൂസറായ രത്തന്‍ ധില്ലന്‍ പങ്കുവെച്ച ഒരു പോസ്റ്റ് 4.2 കോടി പേരാണ് മണിക്കൂറുകള്‍ക്കകം കണ്ടത്. അച്ഛന്റെ പഴയ അലമാര വൃത്തിയാക്കുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ രണ്ട് ഓഹരികള്‍ കിട്ടി. ഒന്ന് 20 രൂപയുടെയും മറ്റൊന്ന് പത്ത് രൂപയുടെയും ഓഹരികള്‍ ആയിരുന്നു. 30 ഓഹരികൾ ആണ് ഇദ്ദേഹം വാങ്ങിയത്. ഇപ്പോൾ അത് 960 ഓഹരികൾ ആയി മാറി. ഇവയുടെ ഇപ്പോഴത്തെ വില 18 ലക്ഷം രൂപയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെറും ചില്ലറ വില മാത്രമായിരുന്നു. അതായത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയുടമയെ ആ കമ്പനി 37 വര്‍ഷങ്ങള്‍ കൊണ്ട് ലക്ഷപ്രഭുവാക്കി. മഹാരാഷ്‌ട്രയില്‍ പല കുടുംബങ്ങളും വാങ്ങിവെയ്‌ക്കുന്ന റിലയന്‍സ് ഇന്‍സ്സ്ട്രീസിന്റെ ഏതാനും ഓഹരികളാണ് പിന്നീട് അവരുടെ മക്കളുടെ വിവാഹം നടത്തുന്നതിനുള്ള ചെലവിനുള്ള പണമായി മാറുന്നത്. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഈ ഓഹരിയുടെ വില എത്രയോ മടങ്ങ് വര്‍ധിക്കുക പതിവാണ്. ഇതാണ് വ്യവസായ വളര്‍ച്ചയുടെ മറ്റൊരു നേട്ടം. ഇതൊന്നും നോക്കൂകൂലിയുള്ള കേരളത്തില്‍ സംഭവിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: