Kerala

താമരശേരിയിൽ നിന്ന് പോലീസ് പിടികൂടിയ ഫായിസ് എംഡിഎംഎ വിഴുങ്ങിയതായി സംശയം, പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി

Published by

കോഴിക്കോട്: താമരശേരി പോലീസ് അറസ്റ്റ് ചെയ്ത യുവാവ് എംഡിഎംഎ വിഴുങ്ങിയാതായി സംശയം. ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാർ ചേർന്ന് പോലീസിൽ ഏൽപ്പിച്ചിരുന്നു. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പോലീസിന്റെ പിടിയിലായത്.

എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് പരിശോധന നടത്താനായി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എംഡിഎംഎ വിഴുങ്ങിയെന്ന് ഇയാൾ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഇതിന് പിന്നാലെ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മുൻപും, താമരശ്ശേരിയിൽ നിന്ന് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നു. താമരശ്ശേരി അമ്പായത്തോട് വെച്ച് പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ട് പാക്കറ്റ് മയക്കുമരുന്ന് വിഴുങ്ങിയ യുവാവ് ഷാനിദ് ആണ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത മറ്റൊരു പാക്കറ്റില്‍ ഒമ്പത് ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.

ഇയാളെ പോലീസ് ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നു. പാക്കറ്റുകള്‍ ശസ്ത്രക്രിയ ചെയ്ത ശേഷം മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഷാനിദ് സമ്മതപത്രത്തില്‍ ഒപ്പിട്ട് നല്കാൻ വിസമ്മതിച്ചു. തുടർന്ന് യുവാവിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയും മരിക്കുകയുമായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by