Kerala

ബാർ ജീവനക്കാരന്റെ കഴുത്തിൽ കത്തിവച്ച് കവർച്ച : നിരവധി കേസുകളിലെ പ്രതികളായ നാല് പേർ അറസ്റ്റിൽ

16ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്

Published by

ആലുവ : ബാർ ജീവനക്കാരന്റെ കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തിയകേസിൽ നാല് പേർ പിടിയിൽ. ഇടുക്കി തങ്കമണി വലിയപറമ്പിൽ വിബിൻ ബിജു (22),ആലുവ ആലങ്ങാട് മൂഞ്ഞാറ വീട്ടിൽ ജിനോയ് ജേക്കബ്ബ് (33), തൃശൂർ വെള്ളിക്കുളങ്ങര തോട്ടുങ്ങൽ വീട്ടിൽ ആലീഫ് (24), ആലപ്പുഴ മുതുകുളം സഫാ മൻസിലിൽ മുഹമ്മദ് ഫൈസൽ (29), എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.

16ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്. ഓവർ ബ്രിഡ്ജിനടിയിലെ റയിൽവേ ട്രാക്കിൽ വച്ച് കവർച്ചാ സംഘം കഴുത്തിലും, വായിലും കത്തി വച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു.

തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗും, മൊബൈൽ ഫോണും കവർന്ന് കടന്നു കളയുകയുമായിരുന്നു.പരാതി ലഭിച്ചയുടനെ പ്രത്യേക ടീം രുപീകരിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. നിരവധി സി സി ടി.വി ക്യാമറകൾ പരിശോധിച്ചു. മണപ്പുറം ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

വിബിൻ ബിജുവിനെതിരെ മുളന്തുരുത്തി, എറണാകുളം നോർത്ത്, ചോറ്റാനിക്കര, കുന്നംകുളം എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ജിനോയ് ജേക്കബിന് എറണാകുളം സൗത്ത്, സെൻട്രൽ , അരൂർ ,കണ്ണമാലി, മരട്, ഷൊർണ്ണൂർ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ആലിഫിനെതിരെ വെള്ളിക്കുളങ്ങര, പാലാരിവട്ടം, സെൻട്രൽ എന്നീ സ്റ്റേഷനുകളിലും മുഹമ്മദ് ഫൈസലിന് ഷൊർണ്ണൂർ സ്റ്റേഷനിലും കേസുകളുണ്ട്. കവർച്ച നടത്തിയ ഫോൺ കണ്ടെടുത്തു.

ഡിവൈഎസ്പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് ,എസ്.ഐ കെ. നന്ദകുമാർ, സീനിയർ സി പി ഒ മാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ , കെ.എം മനോജ്,മേരി ദാസ്, പി.ആർ ശ്രീരാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by