ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. സുപ്രീംകോടതി ജഡ്ജിയും രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അടങ്ങുന്നതാണ് അന്വേഷണ സമിതി. ഹോളി ആഘോഷത്തിനിടെ ജഡ്ജിയുടെ വസതിയില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രിക്കുന്നതിനിടെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് ഇക്കാര്യം കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയെയും സംഭവത്തെപ്പറ്റി അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇന്നലെ രാവിലെ സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തത്. അതിന് മുമ്പായി കൊളീജിയം ചേര്‍ന്ന് എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
സംഭവത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായയ്‌ക്ക് സുപ്രീംകോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ തിരിച്ചയക്കാനുള്ള കൊളീജിയം തീരുമാനം സുപ്രീംകോടതി ഫുള്‍കോര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണ സമിതി ജസ്റ്റിസ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പുറത്താക്കാനുള്ള നടപടികളിലേക്ക് കടക്കും. 2014ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മ്മ മുന്‍ അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ എന്‍ വര്‍മ്മയുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: