വാഷിങ്ടൺ: യു.എസ്. വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുക എന്ന ലക്ഷ്യത്തോടെയുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. നടപടി സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനെന്നാണ് യുഎസ് പ്രസിഡൻ്റ് നൽകുന്ന വിശദീകരണം. അതേസമയം വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടണമെങ്കിൽ യുഎസ് കോൺഗ്രസിന്റെ അനുമതി വേണം.
വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് അതത് സംസ്ഥാനങ്ങളാണെന്നാണ് ഡൊണാൾഡ് ട്രംപിന്റെ പക്ഷം. “ഞങ്ങൾ എത്രയും പെട്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടും. ഇത് ഞങ്ങൾക്ക് ഒരു ഗുണവും ചെയ്യുന്നില്ല. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതുൾപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് തിരികെ നൽകും”- ട്രംപ് പറഞ്ഞു. പണം ലാഭിക്കാനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും ഈ നീക്കം ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.
എന്നാൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കുകയെന്നത് യുഎസ് പ്രസിഡൻ്റിന് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നല്ല. അതിനായി യുഎസ് കോൺഗ്രസിന്റെ അനുമതി വേണം. മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിലെ ഏഴ് അംഗങ്ങളുടെ പിന്തുണയും ലഭിക്കണം. നിലവിൽ അമേരിക്കയിൽ പ്രൈമറി, സെക്കന്ററി സ്കൂളുകളുടെ 13 ശതമാനം ഫണ്ടിംഗ് നൽകുന്നത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ്. ഉത്തരവ് നിലവിൽ വന്നാൽ ഈ സാമ്പത്തിക സഹായം അവസാനിക്കും. ട്രംപിന്റെ നീക്കത്തിനെതിരെ ഡെമോക്രാറ്റുകൾ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: