മുംബൈ: ഛാവ സിനിമയ്‌ക്കും ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനുമെതിരെ നാഗ്പൂരിൽ മതമൗലികവാദികൾ കലാപം നടത്തിയതിനെ തുടർന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കടുത്ത നിലപാട് സ്വീകരിച്ചു. ഇപ്പോള്‍ അദ്ദേഹം പശുക്കളെ കശാപ്പ് ചെയ്യുന്നതിനും കള്ളക്കടത്തിനുമെതിരെ കർശനനിലപാട് എടുത്തിരിക്കുകയാണ്. ഇനി മുതൽ ഈ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുറ്റവാളികൾക്കെതിരെ മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക) ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മുഖ്യമന്ത്രി. പശുക്കടത്തുകാരനും കുറ്റവാളിയുമായ ആതിഖ് ഖുറേഷിക്കെതിരെ എൻസിപി എംഎൽഎ സംഗ്രാം ജഗ്താപ് നൽകിയ ശ്രദ്ധാകേന്ദ്ര നോട്ടീസിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിന് മറുപടിയായി അഹല്യനഗർ ജില്ലയിൽ പ്രതിയായ ആതിഖിനെതിരെ 20 ലധികം പശുക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി (ഗ്രാമീണ) പങ്കജ് ഭോയാർ സഭയിൽ പറഞ്ഞു. ഈ വർഷം ജനുവരി 20 നാണ് ആതിഖിനെ അറസ്റ്റിലായതെന്ന് മന്ത്രി പറഞ്ഞു.
അതേസമയം പശുക്കളെ കൊല്ലുന്നതും കള്ളക്കടത്ത് നടത്തുന്നതും ഉൾപ്പെടെയുള്ള കേസുകളിൽ സർക്കാർ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവർത്തിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഖുറേഷിയെപ്പോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെ മക്കോക്ക പ്രകാരം നടപടിയെടുക്കാൻ പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകുമെന്ന് അദ്ദേഹം സഭയ്‌ക്ക് ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
അതേ സമയം സംസ്ഥാനത്തെ സംഘടിത കുറ്റകൃത്യങ്ങൾ, മാഫിയകൾ, അധോലോകം എന്നിവയെ നേരിടുന്നതിനായി 1999 ൽ നിർമ്മിച്ച വളരെ കർശനമായ ഒരു നിയമമാണ് മക്കോക്ക എന്നത്. പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധ വ്യാപാരം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഈ നിയമപ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. എം.സി.ഒ.സി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ഒരാൾക്ക് കഠിനമായ ശിക്ഷ ലഭിക്കും. ഇതിനുപുറമെ, പോലീസിന് വേണമെങ്കിൽ, കുറ്റവാളിയുടെ കസ്റ്റഡി നീട്ടാനും കഴിയും, കൂടാതെ, ജാമ്യത്തിന് നിരവധി വ്യവസ്ഥകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: