അന്താരാഷ്‌ട്ര ഒളിമ്പിക്ക് കമ്മിറ്റിയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റായി പുതുചരിത്രമെഴുതാന്‍ സിംബാബ്വെ കായികമന്ത്രി കിര്‍സ്റ്റി കോവെന്‍ട്രി. ആഫ്രിക്കയില്‍ നിന്നുള്ള ആദ്യ പ്രസിഡന്റ് എന്ന വിശേഷണവും രണ്ടു തവണ ഒളിമ്പിക്‌സില്‍ നീന്തലിന് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ കിര്‍സ്റ്റിക്ക് ഇതോടെ സ്വന്തമായി. പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടത്തോടെയാണ് 41കാരിയായ കിർസ്റ്റി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തലപ്പത്തേക്ക് എത്തുന്നത്.
രണ്ട് സ്വർണ്ണമുൾപ്പടെ 7 ഒളിമ്പിക് മെഡലുകൾ നേടിയ കിർസ്റ്റി സിംബാബ്‌വെയുടെ കായിക മന്ത്രി കൂടിയാണ്. ഐഒസി അംഗങ്ങളില്‍ നൂറു പേരോളം കിര്‍സ്റ്റിക്കായാണ് വോട്ട് ചെയ്തത്. കോവെൻട്രി അടക്കം ഏഴുപേരാണ് തോമസ് ബാഷിന് പിൻഗാമിയാകാൻ മത്സരിച്ചത്. 109 ഐ ഒ. സി അംഗങ്ങൾക്കായിരുന്നു വോട്ടവകാശം.
ജോർദാനിലെ ഫൈസൽ അൽ ഹുസൈൻ രാജകുമാരൻ, ബ്രിട്ടനിൽ നിന്നും സെബാസ്റ്റ്യൻ കോ, സ്വീഡനിൽ നിന്നും ജോൺ ഇലിയാഷ്, ഫ്രാൻസിൽ നിന്നും ഡേവിഡ് ലപ്പാർടിയന്റ്, സ്പെയിനിൽ നിന്നും സമറാഞ്ച് ജുനിയർ, ജപ്പാനിൽ നിന്നും മോരിനാരി വതാനബെ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരിക്കും 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സ് സംഘടിപ്പിക്കുക. നിലവിലെ പ്രസിഡന്റ്, ജർമ്മനിയുടെ തോമസ് ബാക്ക് ജൂൺ 23ന് സ്ഥാനമൊഴിയും. പുതിയ പ്രസിഡന്റ് അന്നു തന്നെ സ്ഥാനമേൽക്കും. തോമസ് ബാക്ക് 2013ലാണ് ഐ.ഒ.സി. പ്രസിഡന്റായത്. ഒളിംപിക് ചാർട്ടറിലെ ഭേദഗതി അനുസരിച്ച് എട്ടു വർഷമാണ് കാലാവധി. അതു കഴിഞ്ഞാൽ നാലു വർഷത്തേക്കു ദീർഘിപ്പിക്കാം. ബാക്ക് ജൂണിൽ 12 വർഷം പൂർത്തിയാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: