ന്യൂഡൽഹി ; ദേശീയ തലസ്ഥാനത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ച് മുസ്ലീം ലീഗ് . കോൺഗ്രസ് എംപി ശശി തരൂർ, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി എന്നിവർ ഇഫ്താർ പാർട്ടിയിൽ പങ്കെടുത്തു. ഗംഗയിൽ കുളിച്ചാൽ പട്ടിണി മാറുമോയെന്ന് പരിഹസിച്ച കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ വരെ തലയിൽ തൊപ്പി ധരിച്ച് ഇഫ്താറിനെത്തിയിരുന്നു.
ഒപ്പം സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, എസ്പി എംപി ജയ ബച്ചൻ എന്നിവരുൾപ്പെടെ മറ്റ് മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
“റംസാൻ ഒരു പുണ്യമാസമാണ്, മുസ്ലീം ലീഗ് ഇഫ്താർ സംഘടിപ്പിച്ചതിനാൽ ഇന്ന് സന്തോഷമുള്ള ദിവസമാണ്, എല്ലാ പാർട്ടികളിൽ നിന്നുമുള്ള ആളുകൾ ഇവിടെയെത്തി. ഇഫ്താർ സമാധാനത്തെയും സ്നേഹത്തെയും കുറിച്ചുള്ളതാണ്,” എന്നാണ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞത്.
വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന മുൻ കേന്ദ്രമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ, രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ പാകിസ്ഥാൻ എംബസി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് പങ്കെടുത്തത്.
അതേസമയം നാഗ്പൂരിലെ ഹിന്ദു വിരുദ്ധ കലാപത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ ഒരു വാക്കുപോലും സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി ചോദിച്ചു.ഇഫ്താറിൽ പങ്കെടുക്കാൻ താല്പര്യം കാട്ടുന്നവർ നാഗ്പൂർ കലാപത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: