തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെ. ഇ ഇസ്മയിലിനെ സസ്പെന്റ് ചെയ്യാന്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. മുന്‍ മന്ത്രി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുടെ പേരിലാണ് നടപടി. സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇസ്മയിലിനെ ആറുമാസത്തേക്ക് സസ്പെന്റ് ചെയ്തത്. പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയതിനാണ് ഇസ്മയിലിനെതിരായ നടപടിയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
പാര്‍ട്ടി നടപടിയെപ്പറ്റി ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്ന് കെ. ഇ ഇസ്മയില്‍ അറിയിച്ചു. പി. രാജുവിന് സിപിഐ നേതാക്കള്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായി ഇസ്മയില്‍ കുറ്റപ്പെടുത്തിയിരുന്നു. പി. രാജു മരിച്ചപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കാതിരുന്നതിനെയും ഇസ്മയില്‍ വിമര്‍ശിച്ചിരുന്നു.
1996 മുതല്‍ 2001 വരെ സംസ്ഥാന റവന്യൂ മന്ത്രിയും പിന്നീട് ദീര്‍ഘകാലം സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന കെ. ഇ ഇസ്മയില്‍ പട്ടാമ്പിയില്‍ നിന്ന് മൂന്നുതവണ നിയമസഭയിലേക്ക് വിജയിച്ചിട്ടുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരില്‍ ദീര്‍ഘനാളായി സിപിഐയില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു കെ. ഇ ഇസ്മയില്‍. കാനം രാജേന്ദ്രനും കെ. ഇ ഇസ്മയിലും തമ്മിലുണ്ടായിരുന്ന ഭിന്നതകള്‍ കാനത്തിന്റെ മരണശേഷവും തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇസ്മയിലിനെതിരായ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: