കിളിമാനൂര്‍: വെഞ്ഞാറമൂട് തൈക്കാട് മുതല്‍ കൊട്ടാരക്കര വരെ സംസ്ഥാന പാതയില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചതില്‍ കോടികളുടെ അഴിമതിയെന്ന് ആക്ഷേപം. മൂന്ന് വര്‍ഷം മുമ്പാണ് കോടികള്‍ ചെലവിട്ട് കെഎസ്ടിപി സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചത്. ഒരെണ്ണത്തിന് ഏകദേശം ഒരു ലക്ഷത്തോളമാണ് ചെലവ്. എന്നിട്ടും സംസ്ഥാന ഇപ്പോഴും ഇരുട്ടിലാണ്.
നൂറുകണക്കിനെണ്ണം സോളാര്‍ ലൈറ്റുകളാണ് റോഡുവക്കുകളില്‍ സ്ഥാപിച്ചത്. സോളാര്‍ പാനല്‍, ബാറ്ററി, ലൈറ്റ് ഇവക്കുള്ള തൂണ് എന്നിവയാണ് സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാനാവശ്യമായി വന്നത്. കോണ്ക്രീറ്റിലാണ് തൂണുകള്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്. ഈ തൂണില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടികളിലാണ് ബാറ്ററി സ്ഥാപിച്ചത്.
പെട്ടികള്‍ ഭൂരിഭാഗവും തുരുമ്പെടുത്തു. ബാറ്ററികള്‍ മോഷണം പോയി. ചിലയിടങ്ങളില്‍ വള്ളിപ്പടര്‍പ്പുകള്‍ കയറിയ നിലയിലാണെങ്കില്‍ മറ്റുചിലയിടങ്ങളില്‍ റോഡ് വക്കില്‍ വളര്‍ന്ന പാഴ് മരങ്ങള്‍ക്കിടയിലായി ലൈറ്റുകള്‍. ചിലയിടങ്ങളില്‍ വാഹനം ഇടിച്ച് നിലം പൊത്തിയ അവസ്ഥയിലുമാണ്.
ലൈറ്റ് സ്ഥാപിച്ചതിന് ശേഷം ആരും തിരിഞ്ഞു നോക്കിയിട്ടില്ല. സ്ഥാപിച്ച ആദ്യ നാളുകളില്‍ പ്രകാശം പരത്തിയിരുന്നങ്കിലും ഇപ്പോള്‍ ഒന്നുപോലും കത്തുന്നില്ല. പല തൂണുകളിലെയും ബാറ്ററി പെട്ടികള്‍ തുറന്നു കിടക്കുകയാണ്. ബാറ്ററി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പരാതിക്കാരില്ലാത്തതിനാല്‍ അന്വേഷണത്തിന് പോലീസും തയ്യാറായിട്ടില്ല. 10 കോടിയോളം രൂപ ചെലവിട്ടാണ് ഇവ സ്ഥാപിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നതെന്നാണ് പ്രധാന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: