കൊൽക്കത്ത : പശ്ചിമ ബംഗാൾ
മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച്
പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ സുവേന്ദു അധികാരി. മമതയെ നിരക്ഷര എന്ന് വിളിക്കുകയും രാജ്യത്തിന്റെ മകളായ സുനിത വില്യംസിനെ അപമാനിച്ചതായി ആരോപിക്കുകയും ചെയ്തു.
ഇന്ത്യൻ-അമേരിക്കൻ ബഹിരാകാശയാത്രികയെ സുനിത വില്യംസിന് പകരം “സുനിത ചൗള” എന്ന് ബാനർജി പരാമർശിച്ചതിനെ തുടർന്നാണ് അധികാരിയുടെ വിമർശനം. രാകേഷ് റോഷനും ഇന്ദിരാഗാന്ധിയും ചന്ദ്രനിലേക്ക് പോയതായി ബാനർജി അവകാശപ്പെട്ട ഒരു മുൻകാല സംഭവവും അധികാരി പരാമർശിച്ചു. ഇതിനെ ലജ്ജാകരം എന്ന് വിശേഷിപ്പിക്കുകയും വില്യംസിന്റെ പേര് മാറ്റിയതിന് ബാനർജിയെ വിമർശിക്കുകയും ചെയ്തു.
“മുഖ്യമന്ത്രി തെറ്റായ കാര്യങ്ങൾ പറയുന്നു. അവർ നിരക്ഷരയായ മുഖ്യമന്ത്രിയാണ്. സുനിത വില്യംസിന് പകരം സുനിത ചൗള എന്ന പേര് അവർ സ്വീകരിച്ചു. ഇത് നമ്മുടെ രാജ്യത്തിന്റെ മകൾക്ക് അപമാനമാണ്. നേരത്തെ, രാകേഷ് റോഷനും ഇന്ദിരാഗാന്ധിയും ചന്ദ്രനിലേക്ക് പോയി എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുനിത വില്യംസിന്റെ പേര് മാറ്റിയത് ലജ്ജാകരമാണ്,” -അധികാരി പറഞ്ഞു.
അതേ സമയം മറ്റൊരു സംഭവത്തിൽ സുവേന്ദു അധികാരിയും ബിജെപി എംഎൽഎമാരും സംസ്ഥാന നിയമസഭാ സ്പീക്കർ ബിമൻ ബാനർജിക്കെതിരെ നിയമസഭാ ഗേറ്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. അദ്ദേഹം ഭരണഘടനയ്‌ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാണ് എംഎൽഎമാർ ആരോപിച്ചത്.
നിയമസഭയിലേക്ക് പ്രവേശിക്കാൻ പോകുമ്പോൾ ടിഎംസി ഗുണ്ടകളും മഫ്തയിലുള്ള പോലീസും തന്റെ വഴി തടസ്സപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങൾ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്, പക്ഷേ സുരക്ഷിതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: