ബ്രസീലിയ: ഫിഫ ലോകകപ്പ് 2026 ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തിനായി ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊളംബിയയ്‌ക്കെതിരെ ഇറങ്ങും. ഭാരത സമയം നാളെ രാവിലെ 6.15നാണ് മത്സരം. ബ്രസീലിന്റെ ഹോം മാച്ചായി നടക്കുന്ന മത്സരം ബ്രസീലിയയിലെ ഗാരിഞ്ച സ്റ്റേഡിയത്തിലാണ്. പോയിന്റ് പട്ടികയില്‍ അഞ്ചാമതുള്ള ബ്രസീലിന് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. കഴിഞ്ഞ ലോകകപ്പില്‍ മേഖലയില്‍ നിന്ന് ആദ്യം തന്നെ ലോകകപ്പിന് യോഗ്യത നേടിയ ടീമാണ് ബ്രസീല്‍.
പ്രമുഖരില്ലാതെ ബ്രസീല്‍
പരിക്ക് കാരണം സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ ടീമില്‍ ഇല്ല. പകരം കൗമാരതാരം എന്‍ഡ്രിക്‌സിനെ ഉള്‍പ്പെടുത്തി. കൂടാതെ ലൂകാസ് പക്വേറ്റ, എഡേഴ്‌സണ്‍, ഇഗോര്‍ ജെസ്യൂസ്, ലൂകാസ് മോറ, ഓസ്‌കര്‍ എന്നിവരും കളിച്ചേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. എഡര്‍ മിലിറ്റാവോ, ഡാനിലോ, റിച്ചാലിസണ്‍ എന്നിവര്‍ ഉണ്ടാവില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്.
സാധ്യതാ സ്റ്റാര്‍ട്ടിങ് ലൈനപ്പ്
അലിസന്‍ ബെക്കര്‍(ഗോളി); വാന്‍ഡേഴ്‌സണ്‍, മാര്‍ക്കിഞ്ഞോസ്, ഗബ്രിയേല്‍, അലെക്‌സ് സാന്‍ഡ്രോ(പ്രതിരോധം); ജെഴ്‌സണ്‍, ബ്രൂണോ ഗ്വിമാറിയാസ്(മധ്യനിര); റോഡ്രിഗോ, റഫീഞ്ഞ, വിനിഷ്യസ് ജൂനിയര്‍(മുന്നേറ്റനിര); കൂഞ്ഞ(സെന്‍ട്രല്‍ സ്‌ട്രൈക്കര്‍)
ഏതാണ്ട് ഫുള്‍ ടീം എന്ന് പറയാവുന്ന തരത്തിലാണ് കൊളംബിയന്‍ ഫുട്‌ബോള്‍ ടീം നാളെ ഇറങ്ങുക. പരിചയ സമ്പന്നനായ ജെയിംസ് റോഡ്രിഗസ് വരെ ടീമിലുണ്ട്.
സാധ്യതാ സ്റ്റാര്‍ട്ടിങ് ലൈനപ്പ്
വര്‍ഗാസ്(ഗോളി); മുനോസ്, ലുകുമി, സാഞ്ചെസ്, മോജിക്ക(പ്രതിരോധം); ലെര്‍മ, റിയോസ്(മധ്യനിര); അരിയാസ്, ലൂയിസ് ഡിയാസ്, ജെയിംസ് റോഡ്രിഗസ്(മുന്‍നിര); ഡുറാന്‍(സെന്‍ട്രല്‍ സ്‌ട്രൈക്കര്‍)
മുന്‍ പോരാട്ടങ്ങളില്‍
ബ്രസീല്‍
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇതിന് മുമ്പ് കളിച്ചത് കഴിഞ്ഞ നവംബറിലാണ്. അന്ന് വെനസ്വേലയോടും കരുത്തരായ ഉറുഗ്വായോടും സമനിലയില്‍ പിരിഞ്ഞു.
കൊളംബിയ
കഴിഞ്ഞ നവംബറിലെ യോഗ്യതാ മത്സരത്തില്‍ കൊളംബിയക്കും കളിയുണ്ടായിരുന്നു. രണ്ടിലും പരാജയപ്പെട്ടു. ഉറുഗ്വായോടും ഇക്വഡോറിനോടും ആണ് പരാജയപ്പെട്ടത്.
ബ്രസീലിലെ ഏറ്റുമുട്ടല്‍ ഇതുവരെ
ബ്രസീലിന്റെ ഹോം ഗ്രൗണ്ടില്‍ കൊളംബിയക്കെതിരെ ഇതുവരെ 12 കളികള്‍ കളിച്ചിട്ടുണ്ട്. അഞ്ചെണ്ണത്തില്‍ കാനറികള്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ കൊളംബിയ വിജയം കണ്ടു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
നാളത്തെ മറ്റ് യോഗ്യതാ പോരാട്ടങ്ങള്‍
ലാറ്റിനമേരിക്കന്‍ യോഗ്യതയില്‍ നാളെ നടക്കുന്ന മറ്റ് പോരാട്ടങ്ങളില്‍ പാരഗ്വായ് ചിലിയെ നേരിടും. വെളുപ്പിന് നാലരയ്‌ക്ക് പാരഗ്വായിലാണ് മത്സരം.പെറു-ബൊളീവിയ പോരാട്ടം രാവിലെ ഏഴിന് നടക്കും. പെറുവിന്റെ തലസ്ഥാനം ലിമയിലാണ് മത്സരം.
പട്ടികയില്‍ മുന്നില്‍ അര്‍ജന്റീന
നാളെയും അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലുമായി ഫിഫ ലോകകപ്പ് 2026ന്റെ കോന്‍മെബോല്‍ യോഗ്യതാ മത്സരങ്ങളുടെ 13, 14 റൗണ്ടുകളാണ് നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായി പോയിന്റ് പട്ടികയുടെ കണക്ക് നോക്കിയാല്‍ അര്‍ജന്റീനയാണ് മുന്നിട്ടു നില്‍ക്കുന്നത്. യോഗ്യതാ പോരാട്ടങ്ങളുടെ തുടക്കം മുതലേ നിലവിലെ ലോക ജേതാക്കളായ അര്‍ജന്റീന ഒന്നാം സ്ഥാനത്ത് നിന്ന് താഴേ പോയിട്ടില്ല. രണ്ടാമത് മുന്‍ ജേതാക്കളായ ഉറുഗ്വായ് ആണ്. മൂന്നാം സ്ഥാനത്ത് ഇക്വഡോറും. അഞ്ച് തവണ ലോക കിരീടം നേടിയ ബ്രസീല്‍ കൊളംബിയയ്‌ക്കും പിന്നില്‍ അഞ്ചാം സ്ഥാനത്താണ്. പത്ത് രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ ഇതുവരെ ഒരു ജയം മാത്രം നേടിയ പെറു ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: