News

കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്നവര്‍

Published by

ടയ്‌ക്കലമ്മയുടെ മുഖത്ത് നോക്കി പുഷ്പനെ അറിയാമോ എന്ന് പാര്‍ട്ടിപ്പാട്ടുകാരന്‍ നീട്ടിപ്പാടിയിട്ട് ആഴ്ചയൊന്ന് കഴിയുന്നു. ഇമ്മാതിരിപ്പാട്ടുകള്‍ പാടാനല്ല അമ്പലമുറ്റമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനുംമുമ്പ് അമ്പലങ്ങള്‍ കുത്തുപാളയെടുപ്പിക്കാന്‍ പിണറായി വിജയന്‍ ഏര്‍പ്പാടാക്കിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തെറ്റായിപ്പോയി എന്ന് ഭക്തരെ സമാശ്വസിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം കൊണ്ട് കേരളത്തിലെ ഹിന്ദുക്കള്‍ തൃപ്തിപ്പെടണം. സമരം, പ്രക്ഷോഭം തുടങ്ങിയ പ്രതിഷേധങ്ങളൊക്കെ പെട്ടിയിലാക്കിയിട്ട് നിവേദനം, കോടതി, എംപിമാരുടെയും എംഎല്‍എമാരുടെയും കാല് പിടിക്കല്‍, ഒപ്പുശേഖരണം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടല്‍, എല്ലാം പോരാഞ്ഞ് ചാനല്‍ ഗുസ്തിമുറികളിലെ ആക്രോശം തുടങ്ങിയ അത്യന്താധുനിക മുറകളിലാണ് ഭക്തകോടി സംഘടനകളുടെ ആശ്രയം.

വിഖ്യാതമായ കൊല്ലം കടയ്‌ക്കല്‍ തിരുവാതിര ഉത്സവത്തിലാണ് പുഷ്പനുമായി പാര്‍ട്ടിപ്പാട്ടുകാരന്‍ ഇറങ്ങിയത്. പിന്നാലെ പുറത്തുവരുന്ന കാഴ്ചകള്‍ പറയുന്നത് പാര്‍ട്ടിപ്പാട്ട് മാത്രമല്ല കാബറെ ഡാന്‍സടക്കമുള്ളവ തിരുവുത്സവത്തിന് കണ്ട് രോമാഞ്ചിച്ചവരാണ് കടയ്‌ക്കലുകാരെന്നാണ്.

പുഷ്പനെ അറിയുന്നതുപോലെ കടയ്‌ക്കലുകാരെ അറിയാത്തതാണ് മറ്റിടങ്ങളിലെ ഭക്തരത്രയും അന്തിച്ചുനില്‍ക്കാന്‍ കാരണം. കടയ്‌ക്കല്‍ പഞ്ചായത്തിലെ ആകെയുള്ള 23 വാര്‍ഡിലും ഭരിക്കുന്നത് പുഷ്പന്റെ പാര്‍ട്ടിക്കാരാണ്. യുഡിഎഫ്-പൂജ്യം, ബിജെപി-പൂജ്യം എന്നതാണ് അവസ്ഥ. അമ്പലമുറ്റത്ത് പാട്ടുകാരന്‍ ഡിവൈഎഫ്ഐ സിന്ദാബാദ് എന്ന വിശുദ്ധ മന്ത്രമുരുവിട്ടപ്പോള്‍ മുമ്പിലിരുന്ന് താളം പിടിച്ചവരത്രയും പാര്‍ട്ടിക്കാരാണ്. പാര്‍ട്ടിക്കാരല്ലാത്തവര്‍ക്ക് അവിടെ സ്വാതന്ത്ര്യമില്ല, സോഷ്യലിസമില്ല. പണ്ടേയില്ല ജനാധിപത്യം. കാപ്പ കേസിലെ പ്രതികളടക്കമുള്ളവര്‍ പോലീസ് സ്റ്റേഷന്‍ ഭരിക്കുന്ന നാടാണ്. ബ്രാഞ്ച് സെക്രട്ടറിക്കാണ് ദേവസ്വം ഭരണം. അപ്പോള്‍പ്പിന്നെ പിണറായി ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട തിരുവാതിര ഇങ്ങനല്ലാതെ എങ്ങനെ ആഘോഷിക്കണമെന്നാണ് പ്രബുദ്ധ മലയാളികള്‍ കരുതിയത്? സഖാക്കള്‍ക്ക് തിരുവാതിരയോടുള്ള ഭ്രമം നേരത്തേതന്നെ മലയാളികള്‍ മനസിലാക്കിയതാണ്. കൂട്ടത്തിരുവാതിരയോടാണ് കമ്പം. പങ്കജാക്ഷന്‍ കടല്‍ വര്‍ണനല്ല പകരം കാരണഭൂതന്‍ പിണറായി ആണ് കണ്‍കണ്ട ദൈവം എന്ന് മാത്രമേ മാറ്റമുള്ളൂ.

ഗുരുവായൂരമ്പലമുറ്റത്തുകൂടി നടക്കുമ്പോള്‍ ആ ഇരിക്കുന്നിടത്താണോ കൃഷ്ണന്‍ എന്ന് പണ്ട് ചോദിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ഗുരുവായൂരപ്പനെ പരിഹസിച്ച അവിശ്വാസിയുടെ അവിവേകമായാണ് പലരും വിലയിരുത്തിയത്. എന്നാല്‍ വാസ്തവം ഇക്കണ്ട ജനമത്രയും കുമ്പിട്ട് വണങ്ങുന്ന ആ കോവിലില്‍ എന്തിന് കൃഷ്ണന്‍ ഇരിക്കണം എന്ന ആസുരിക വിചാരമാകാനേ തരമുള്ളൂ. കടയ്‌ക്കല്‍ പോലുള്ള സംഭവങ്ങള്‍ കാണുമ്പോള്‍ ഗുരുവായൂരപ്പന് പകരം കാരണഭൂതനിരുന്നാല്‍ മതി എന്ന് ഇക്കൂട്ടര്‍ പ്രഖ്യാപിക്കുന്ന കാലവും വന്നേക്കുമെന്ന് കരുതണം. വിഷുവിന് ഇദ്ദേഹത്തെ കണികാണുന്നതാണ് നല്ലതെന്ന് കരുതിയ എസ്എഫ്ഐക്കാരുണ്ടായ നാടാണ് കേരളമെന്ന് മറക്കണ്ട.

മഞ്ഞപ്പട്ടുടുത്ത്, പീലി ചൂടി, ഓടക്കുഴലും വിളിച്ച് കൃഷ്ണനാകാന്‍ ചമഞ്ഞിറങ്ങിയ പൗണ്ഡ്രകന്റെ കഥ പുരാണത്തിലുണ്ട്. സുദര്‍ശനത്തില്‍ തീര്‍ന്നതാണ് അയാളുടെ ആര്‍ത്തി. സുദര്‍ശനം എന്ന വാക്കിലുണ്ട് കാര്യം. എന്നാല്‍ ആ ദര്‍ശനത്തിന്റെ ആദര്‍ശം ഒപ്പമില്ലാതെ പോയാലെന്തു ചെയ്യും.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കാലമാണ് ഇനിയും വരുന്നത്. വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്ക് കടയ്‌ക്കല്‍ മാതൃകയാണ്. അമ്പലങ്ങളായ അമ്പലങ്ങളൊക്കെ മാതൃകയാണ്.
നാടൊട്ടുക്ക് കൊലപാതകങ്ങളാണ്. മയക്കുമരുന്നടിച്ച് മൃഗവാസന പെരുകിയ ചെറുപ്പങ്ങള്‍ തെരുവില്‍ അഴിഞ്ഞാടുകയാണ്. അച്ഛനെന്നോ അമ്മയെന്നോ അനുജനെന്നോ പെങ്ങളെന്നോ ഇല്ലാതെ ചുറ്റികയ്‌ക്കടിച്ചും കറിക്കത്തിക്ക് അരിഞ്ഞും കൊന്നുതള്ളുകയാണെല്ലാവരെയും. കുറ്റവാളികള്‍ക്കെല്ലാം സുഖവാസം. തിന്നുകൊഴുത്ത് ഉന്മാദികളായി ജയില്‍ മോചനം. ഇവര്‍ക്ക് സുരക്ഷയും എസ്‌കോര്‍ട്ട് ഒരുക്കലുമാണ് പോലീസിന് പണി. രാത്രി പത്തെന്ന് അടിക്കുമ്പോള്‍ അമ്പലപ്പറമ്പില്‍ വയലിന്റെ ഒച്ച കേട്ടാല്‍, ചിലങ്കയുടെ കിലുക്കം കേട്ടാല്‍ പോലീസ് സഖാക്കന്മാര്‍ക്ക് ഇരിക്കപ്പൊറുതിയില്ല. ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും വിടുപണി ചെയ്യുന്ന പോലീസുകുപ്പായക്കാര്‍ പാഞ്ഞെത്തുന്നു, മൈക്ക് ഓഫാക്കുന്നു, ലൈറ്റ് കെടുത്തുന്നു, ഉത്സവം മതി എന്ന് പ്രഖ്യാപിക്കുന്നു.

കേരളീയ സംസ്‌കൃതിയുടെ ആഘോഷങ്ങളായിരുന്ന എല്ലാ ഉത്സവങ്ങളും അലങ്കോലമാക്കിയേ തീരൂ എന്ന് വാശി കെട്ടിയിറങ്ങിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡും പാര്‍ട്ടിപ്പോലീസും. ആന പാടില്ല, പത്ത് മണി കഴിഞ്ഞാല്‍ അമ്പലം പൂട്ടിക്കോണം തുടങ്ങി ഉത്തരവുകള്‍ അനവധിയാണ്. ശബരിമലയിലെ ദര്‍ശന സമയം തോന്നുംപടി തോന്നും പടി മാറ്റും. മണ്ഡലകാലത്ത് എത്ര പേര്‍ മല ചവിട്ടണമെന്ന് സര്‍ക്കാര്‍ പറയും. അത് അനുസരിച്ചോണം. പൂരത്തിന് കുടമാറ്റം വേണോ, വെടിക്കെട്ട് വേണോ, ആനയ്‌ക്ക് എപ്പോള്‍ പട്ട കൊടുക്കണം തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കാനാണ് പോലീസ് കമ്മീഷണറുള്ളത്. കൊവിഡ് കാലത്ത് അടഞ്ഞുകിടന്ന ക്ഷേത്രമുറ്റങ്ങളില്‍ കടന്നുകയറി നെല്‍ക്കൃഷി നടത്താനിറങ്ങിയ വമ്പന്‍മാരാണ്. ക്ഷേത്രങ്ങളും വിശ്വാസങ്ങളും അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളും തകര്‍ക്കാന്‍ പണ്ടേക്കുപണ്ടേ കച്ചകെട്ടിയിറങ്ങിയ ഒരു പാര്‍ട്ടിയുടെയും അവരുടെ പിണിയാളുകളുടെയും സര്‍വ തോന്നിവാസങ്ങളും നിര്‍ബാധം നടമാടുകയാണ്.

എല്ലാത്തിനും ദൈവം ചോദിച്ചോളും എന്ന നിരാശ്രയന്റെ ഉത്തരമല്ല ഹിന്ദുസമൂഹത്തിന് ആവശ്യം, ദേവസ്വം ബോര്‍ഡിലും ക്ഷേത്രഭരണത്തിലും മാത്രമല്ല, ഭക്തസമൂഹത്തിന് പ്രത്യാശ നല്‍കേണ്ട ഇടങ്ങളിലൊക്കെ വിശ്വാസികള്‍ നേതൃത്വം നല്കണം എന്ന പാഠമാണ് ഈ സംഭവങ്ങള്‍ പകരുന്നത്. സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് യുക്തിയുടെ പുകമറയിട്ട് ന്യായം നിരത്തുകയല്ല, കേരളത്തനിമയെ തകര്‍ത്ത് അവിടെ കമ്മ്യൂണിസ്റ്റ് വൈകൃതങ്ങളെ കുടിയിരുത്താനുള്ള കടയ്‌ക്കല്‍ മോഡലുകള്‍ക്ക് കടുത്ത മറുപടി നല്കാനുള്ള ആര്‍ജവമാണ് ജനസാമാന്യം പ്രകടമാക്കേണ്ടതെന്ന് സാരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by