സംസ്ഥാനത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെ ആകെ തകിടം മറിയ്‌ക്കുന്ന ലഹരി ഉപയോഗത്താലുള്ള തകര്‍ച്ചയുടെയും ദുരന്തങ്ങളുടെയും രൂക്ഷത കുറയ്‌ക്കാന്‍ അടുക്കോടും ചിട്ടയോടും നടപ്പിലാക്കാവുന്ന പദ്ധതികളാണ് ആവശ്യം.
ഇന്നത്തെ അവസ്ഥയില്‍ ഒരു സര്‍വേ നടത്തിയാല്‍ മൂന്ന് വിഭാഗം ജനങ്ങളെ നമുക്ക് സമൂഹത്തില്‍ കാണാനാവും
1. ലഹരി വസ്തുക്കള്‍ ഉപയോഗിക്കാത്തവര്‍ (15%).
2. നിയന്ത്രിച്ചു ലഹരി ഉപയോഗിക്കുന്നവര്‍ (70%).
3. അമിതമായി ലഹരി ഉപയോഗിക്കുന്നവര്‍ (15%). ഇതൊരു ഏകദേശ കണക്കാണ്.
വളര്‍ന്നു വരുന്ന ഒരു കുട്ടിയെ ലഹരി ഉപയോഗത്തില്‍ നിന്ന് അകറ്റുന്നതിന് പ്രായോഗികമായ സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. പ്രലോഭനങ്ങളും അനുയോജ്യമായ സാഹചര്യങ്ങളും ഉണ്ടായാലും ഒരു ലഹരി വസ്തുവും ഒരു കാലഘട്ടത്തിലും ഉപയോഗിക്കാതെ ജീവിക്കണം എന്നുള്ള ചിന്തയുടെ വിത്ത് മൂന്ന് വയസ്സിനും പത്തു വയസ്സിനും ഇടയിലുള്ള കുട്ടിയുടെ മനസില്‍ പാകാന്‍ സാധിക്കണം. ഇത് മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തം അല്ല. സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാകണം. ഗൃഹാന്തരീക്ഷത്തിലും കുട്ടി വളരുന്ന പ്രദേശത്തും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ഉണ്ടാവരുത് എന്ന ആശയത്തില്‍ മുതിര്‍ന്ന തലമുറ ഉറച്ചു നില്‍ക്കണം. അതിനു സഹായകമാവുന്ന നിയമങ്ങളും സാമൂഹ്യ അന്തരീക്ഷവും രൂപപ്പെടുത്തണം. കുടുംബശ്രീ, വിവിധ തൊഴിലാളി സംഘടനകള്‍, ഡോക്ടര്‍മാരുടെയും അഭിഭാഷകരുടെയും ഉദ്യോഗസ്ഥരുടെയും സംഘടനകള്‍, ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ് പോലുള്ള സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാവും. ലഹരി ഉപഭോഗം ഇല്ലാത്ത ഒരു പ്രദേശത്തു വളരുന്ന തലമുറ ലഹരി ഉപയോഗം ആരംഭിക്കാന്‍ സാധ്യതയില്ല.
ലഹരി ഉപയോഗിക്കാതെയുള്ള ജീവിതമാണെങ്കില്‍ വളരെയധികം നേട്ടങ്ങള്‍ ലഭിക്കും എന്ന ആഹ്വാനവും നിത്യവും ഉണ്ടാവണം. ഉദാഹരണത്തിന് യൂണിവേഴ്‌സിറ്റിയിലെ അഡ്മിഷന്‍, ഫീസ് ഇളവുകള്‍ , സ്‌കോളര്‍ഷിപ്പുകള്‍, ഉയര്‍ന്ന തസ്തികകളില്‍ ജോലി, പ്രമോഷനുള്ള സാധ്യതകള്‍, വിദേശത്ത് ജോലി എന്നീ കാര്യങ്ങള്‍ക്കു ലഹരി ഉപയോഗിക്കാത്തവര്‍ക്കു മുന്‍ഗണനയുണ്ടാവും എന്നത് തുടരെ പരസ്യപ്പെടുത്താം. ഇത്തരം സംവിധാനം രാജ്യത്തു നിലനില്‍ക്കുകയാണെങ്കില്‍,അതോടൊപ്പം ലഹരി ഉപയോഗിക്കുന്നതിനെ അംഗീകരിക്കാത്ത സമൂഹവും ഉണ്ടായാല്‍ ലഹരി രഹിത ജീവിതം സാധ്യമാകും. അധികാര കേന്ദ്രങ്ങളുടെ ശക്തമായ നിരീക്ഷണം ഇക്കാര്യത്തിലുണ്ടാവണം. ലഹരി ഉപയോഗിച്ചാല്‍, കൈവശം വച്ചാല്‍, ലഹരി ഉപയോഗിക്കുന്നവരുമായി ബന്ധമുണ്ടായാല്‍ നിയമാനുസൃതമായ പല ആനുകൂല്യങ്ങളും ലഭിക്കാത്ത വിധത്തിലുള്ള നിയമങ്ങളും ഉണ്ടാവണം. കൗമാര പ്രായത്തില്‍ ഇത്തരം പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും ചില പ്രലോഭനങ്ങള്‍ ഉണ്ടായേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ അതിനെ അതിജീവിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കണം.
നിയമപരമായി അനുവദിച്ചിട്ടുള്ളതും, അല്ലാത്തതുമായ ലഹരി വസ്തുക്കള്‍ നിയന്ത്രിച്ചു ഉപയോഗിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. ഇവരാണ് വളര്‍ന്നു വരുന്ന തലമുറയെ നശിപ്പിക്കുന്നത്. ഇപ്പോഴുള്ള സാമൂഹ്യജീവിതസാഹചര്യങ്ങളില്‍ 70-80 ശതമാനം ജനങ്ങളും ഏതെങ്കിലുമൊരു ലഹരി വസ്തു, മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കാതെ ഉപയോഗിക്കുന്നവരാണ്. ഇവരും സമൂഹത്തില്‍ അപകടകാരികളാണ്. ഇവരെങ്ങനെയാണ് സമൂഹത്തിലെ അപകടകാരികള്‍ ആവുന്നത്? നിയന്ത്രിച്ച് ലഹരി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന അപകടകരമായ ആശയം 10 വയസ്സിനും 20 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത് ഇവരാണ് എന്ന വസ്തുത അധികമാരും ശ്രദ്ധിക്കുന്നില്ല. ഇവരാണ് യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ നിയന്ത്രിച്ചു ലഹരി ഉപയോഗിക്കാം എന്ന ആശയത്തിന്റെ വിത്ത് പാകുന്നത്. ഭാവി തലമുറയെ ലഹരി ഉപയോഗത്തിലേക്കു പ്രത്യക്ഷമായും പരോക്ഷമായും നയിക്കുന്നത്. ഇവരെ നിരുത്സാഹപ്പെടുത്താനുള്ള മാര്‍ഗ്ഗമാണ് കണ്ടെത്തേണ്ടത്. ലഹരി ഉപയോഗിക്കുന്നവരില്‍ ചെറുതും വലുതുമായ പെരുമാറ്റ വൈകൃതങ്ങളുണ്ട്. പെരുമാറ്റ വൈകൃതത്തില്‍ നിന്നു രൂപം കൊള്ളുന്ന സിവിലും, ക്രിമിനലുമായ ധാരാളം കേസുകള്‍ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും നിത്യേനയെത്തുന്നു. ഗൃഹാന്തരീക്ഷത്തിലും പൊതു ഇടങ്ങളിലും കാണുന്ന ഇത്തരം പെരുമാറ്റ വൈകൃതങ്ങളുടെ പിന്നിലുള്ളത് ലഹരി ഉപയോഗമാണ്. പക്ഷെ അത് നിയമത്തിന്റെ ചട്ടക്കൂടില്‍ കുറ്റകരമാവാത്തതുകൊണ്ട് അധികമാരും അതേക്കുറിച്ച് ചിന്തിക്കാറില്ല. നിയന്ത്രിച്ചുള്ള ലഹരി ഉപയോഗം വരാന്‍ പോവുന്ന ഗുരുതര പെരുമാറ്റ വൈകൃതത്തിന്റെ ആരംഭമാണ്. നിയന്ത്രിച്ചു ലഹരി ഉപയോഗിക്കുന്നവരെ, അത് മദ്യമാണെങ്കിലും കഞ്ചാവാണെങ്കിലും രാസലഹരിയാണെങ്കിലും നിരുത്സാഹപ്പെടുത്താന്‍ ഇപ്പോഴത്തെ സാമൂഹ്യ-നിയമ-ഭരണസംവിധാനങ്ങള്‍ ഒന്നും ചെയ്യുന്നില്ല. മദ്യത്തിന്റെ കാര്യത്തില്‍ ഒന്നുകില്‍ മൗനം അല്ലെങ്കില്‍ ഉപദേശം. ഇത് ലഹരി ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ സഹായകമല്ല. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും പുരോഗതിക്കും നിയന്ത്രിച്ചു ലഹരി ഉപയോഗിക്കുന്നവരെ നിരുത്സാഹപ്പെടുത്താനുമായി ത്രിതല പഞ്ചായത്തുകളിലൂടെ 10-25 വര്‍ഷം നീണ്ടു നില്‍ക്കുന്ന ബൃഹത്തായ സംവിധാനം ഉണ്ടാവണം. ഈ പദ്ധതി രൂപപ്പെടുത്തുന്നതില്‍ സമൂഹമൊന്നാകെ സഹകരിക്കേണ്ടി വരും. ഇതൊരു 25 വര്‍ഷത്തെ പ്രൊജക്ടാക്കി നിയന്ത്രണത്തിനും ,മേല്‍നോട്ടത്തിനും ജുഡീഷ്യല്‍ അധികാരമുള്ള ഉന്നതതല കമ്മീഷനെ ചുമത്തലപ്പെടുത്തണം.
അമിതമായി ലഹരി ഉപയോഗിക്കുന്നവരാണ് മൂന്നാമത്തെ വിഭാഗം. അവരും നമ്മുടെ സഹജീവികളാണ്. അവരോടു പൊതുസമൂഹം കരുണ കാണിക്കണം. ലഹരിയില്‍ ചെയ്തുപോയ കുറ്റകൃത്യങ്ങള്‍ക്കു നിയമപരമായി ശിക്ഷിക്കുന്നതിനൊപ്പം അവര്‍ വീണുപോയ കുഴിയില്‍നിന്ന് അവരെ രക്ഷപ്പെടുത്താനുള്ള സന്മനോഭാവം നാം കൈവിടരുത്. സാധിക്കുന്ന വിധത്തിലെല്ലാം ലഹരി മോചിതരാവുന്നവരെയും അവരുടെ കുടുംബത്തെയും പുനഃരധിവസിപ്പിക്കാനും ശ്രമിക്കണം. ഇപ്രകാരമെല്ലാമുള്ള നടപടികളിലൂടെ, ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച്, ദൈവത്തിന്റെ സ്വന്തം നാടായി കേരളത്തെ നമുക്ക് വീണ്ടും മാറ്റിയെടുക്കാം.
(എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: