കോഴിക്കോട്: സംസ്ഥാനത്ത് ലഹരിവസ്തുക്കള്‍ പിടിക്കുന്നതും ലഹരിക്കടിപ്പെട്ടവര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നതും ഏറ്റവുമധികം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പ്രദേശത്ത്. രാസലഹരി ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപഭോഗവും വിണനവും എല്ലായിടത്തും വ്യാപിച്ചിട്ടുണ്ടെങ്കിലും താമരശ്ശേരി ലഹരി മാഫിയയുടെ ഹബ്ബായി മാറിയിരിക്കുകയാണ്.
താമരശ്ശേരിയിലെ ഈങ്ങാപ്പുഴയില്‍ കഴിഞ്ഞദിവസം ലഹരിക്കടിമയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനെയും മാതാവിനെയും ആക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്തതാണ് പുതിയ സംഭവം. പ്രണയിച്ച് വിവാഹിതരായവരാണ് ഈ ദമ്പതികള്‍. വിവാഹത്തിന് മുന്‍പേതന്നെ താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി യാസര്‍ ലഹരിക്ക് അടിമയായിരുന്നു.
രണ്ടു വര്‍ഷമായി താമരശ്ശേരി പ്രദേശത്ത് ലഹരി മാഫിയയുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും അഴിഞ്ഞാട്ടമാണ്. കഴിഞ്ഞ ജനുവരിയില്‍ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ രാസലഹരിക്കടിമയായ താമരശ്ശേരിയിലെതന്നെ ആഷിഖിന്റെ സുഹൃത്താണ് കഴിഞ്ഞദിവസം ഭാര്യയെ കൊലപ്പെടുത്തിയ യാസര്‍. ലഹരി വാങ്ങാന്‍ നിരന്തരം അമ്മയോട് പണം ആവശ്യപ്പെട്ടിരുന്ന ആഷിഖ് നേരത്തെ മൂന്ന് തവണ അമ്മയെ കൊല്ലാന്‍ ശ്രമിച്ചിരുന്നു.
ഈ മാസം 9-നാണ് പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാനായി എംഡിഎംഎ അടങ്ങിയ പായ്ക്കറ്റുകള്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ യുവാവ് മരിച്ചത്.
ഫെബ്രുവരി അവസാനം താമരശ്ശേരി ജിവിഎച്ച്എസ് സ്കൂളിലെ ഷഹബാസ് എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത് കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. അക്രമം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്നുപയോഗിക്കുന്നവരും ഉണ്ടായിരുന്നു എന്നും ചില ക്രമിനല്‍ സംഘങ്ങള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും സംശയമുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്.
2024 ഏപ്രിലില്‍ താമരശ്ശേരി കുടുക്കിലുമ്മാരത്ത് ലഹരി മാഫിയ സംഘം കടയില്‍ കയറി കടയുടമയെ വെട്ടിപ്പരിക്കേല്പിച്ച സംഭവമുണ്ടായി. ഇതേ സംഘം അടുത്തുള്ള രണ്ട് വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതേവര്‍ഷം ഡിസംബറില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കളെ എംഡിഎംഎയും കഞ്ചാവുമായി പിടികൂടി. 2023 സെപ്തംബറില്‍ ലഹരി മാഫിയ വീടാക്രമിച്ച ഒരു കേസുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിനെ ഇവര്‍ ആക്രമിക്കുകയും ചെയ്തു. ഈ സംഘം താമരശ്ശേരിയില്‍ ടെന്റ് കെട്ടി രാസലഹരി കച്ചവടം നടത്തിയിരുന്നതായും ആ സ്ഥലത്തിന്റെ ഉടമസ്ഥന് പരാതി നല്‍കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: