വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡര്‍മാരെ സായുധസേനയില്‍ വിലക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് കോടതി തടഞ്ഞു. സമത്വ തത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഎസ് ഫെഡറല്‍ കോടതിയുടെ നടപടി.
എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് തുല്യരായിട്ടാണെന്ന അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപിന്റെ ഉത്തരവ് കോടതി തടഞ്ഞത്.
ജനുവരി മാസത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍മാരെ രാജ്യത്തിന്റെ സൈനിക സേവനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചത്. നിലവിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഉത്തരവ്. 2016ല്‍ അന്നത്തെ പ്രസിഡന്റായ ബരാക് ഒബാമയാണ് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് സൈന്യത്തില്‍ ചേരുന്നതിനുള്ള വിലക്ക് നീക്കിയത്. ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ഒഴിവാക്കാനുള്ള തീരുമാനം അവരുടെ ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കലാണെന്ന് യുഎസ് ജില്ലാ ജഡ്ജ് അന റെയസ് പറഞ്ഞു. തീരുമാനം പൊതുതലത്തില്‍ വാദപ്രതിവാദങ്ങള്‍ സൃഷ്ടിക്കുമെന്നറിയാം. ആരോഗ്യകരമായ ഒരു ജനാധിപത്യ സംവിധാനത്തില്‍ അതെല്ലാം സ്വാഭാവികമാണ്, സമൂഹത്തിലും ഓരോരുത്തരും ബഹുമാനത്തിന് അര്‍ഹരാണ്, ജഡ്ജ് പ്രസ്താവിച്ചു. നിലവില്‍ 15,000 ട്രാന്‍സ് സൈനികരാണ് യുഎസ് സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: