തിരുവനന്തപുരം: തദ്‌ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും പിന്നാലെയെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ പൊടിപൊടിക്കാന്‍ തീരുമാനം. ആശാ വര്‍ക്കര്‍മാരും അങ്കണ്‍വാടി ജീവനക്കാരും അടക്കമുള്ളവര്‍ സമരരംഗത്തു തുടരുകയും പണമില്ലാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയുംചെയ്യുന്ന പശ്ചാത്തലത്തില്‍ എന്തു പറഞ്ഞാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്ന് വ്യക്തമല്ല.
ഏപ്രില്‍, മെയ് മാസങ്ങളിലായി ആഘോഷം നടത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതല്‍ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രില്‍ 21ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. പതിവു പോലെ വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം ഇക്കുറിയും സംഘടിപ്പിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജില്ലാതല പ്രദര്‍ശന- വിപണന മേളകളുമുണ്ടാകും.
ഇതിനുപുറമെ സംസ്ഥാന തലത്തില്‍ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വനിതകളുമായും എസ്.സി/എസ്.ടി വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുമായും സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുമായും സയന്‍സ് & ടെക്‌നോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രൊഫഷണലുകളുമായും ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: