നമ്മുടെ രാഷ്ട്രീയ-മത – സാമൂഹ്യ-വ്യവസായ- തൊഴില്‍ സംഘടനാ നേതൃത്വവും, മാനസികരോഗ്യ വിദഗ്ധരും, നിയമപാലകരും, നീതിന്യായ വിഭാഗവും ലഹരി ഉപഭോഗത്തിന്റെ ഗുരുതരഭാവം മനസിലാക്കിയിട്ടില്ലേ എന്ന് മലയാളിയുടെ അക്രമാസക്തി നിറഞ്ഞ ജീവിത ശൈലി കാണുമ്പോള്‍ സംശയം തോന്നുന്നു. പ്രതിഭാശാലികളും, ഭരണതത്രജ്ഞന്മാരും, ശിക്ഷാവിധികര്ത്താക്കളും , സാമൂഹ്യ നേതൃത്വവും , മനഃശാസ്ത്ര പണ്ഡിതരും ഇതേക്കുറിച്ച് കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്നു. പരിഹാരത്തിനായി നാനാ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ജനാധിപത്യ രാജ്യമായതുകൊണ്ട് ജനങ്ങള്‍ തന്നെ ജനങ്ങള്‍ക്കുവേണ്ടി രക്ഷാരീതികള്‍ കണ്ടെത്തണം, നടപ്പിലാക്കണം. പക്ഷെ ഇവിടെ പരസ്പരം കുറ്റാരോപണവും, സന്മാര്ഗ്ഗത്തിന്റെയും രക്ഷാമാര്‍ഗ്ഗത്തിന്റെയും ഉടമസ്ഥാവകാശത്തിനു വേണ്ടിയുള്ള കിടമത്സരവും നടക്കുന്നതുമൂലം സാധാരണ ജനങ്ങളെ രക്ഷാമാര്ഗ്ഗത്തിലേക്കു നയിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ജനം സ്വയം രക്ഷാമാര്‍ഗം തേടുന്നുമില്ല. കാരണം, ലഹരി ഉപഭോക്താക്കളുടെ നോട്ടത്തില്‍ അതു നല്കുന്ന സന്തോഷാവസ്ഥ മറ്റൊന്നിനും നല്കാനാവുന്നില്ല എന്നതാണ് പ്രധാനം.
മങ്ങിപ്പോവുന്ന മനുഷ്യത്വം
മനുഷ്യന്റെ ‘വികാര-വിചാര-ചിന്താ-പ്രവര്‍ത്തനങ്ങള്‍’, അവന്റെ മുന്നില്‍ കാണുന്ന ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും, മോഹങ്ങളുടെയും അടിസ്ഥാനത്തില്‍ അരങ്ങേറുന്നതാണ്. സുഖവും സന്തോഷവും, സംതൃപ്തിയും തേടുക എന്ന മനുഷ്യസഹജമായ രീതിയിലൂടെ ജീവിക്കുക എന്നതാണ് ഒരു സാധാരണക്കാരന്റെ ജീവിത രീതി. മോഹവലയത്തില്‍ കഴിയുന്ന ഒരു വ്യക്തി, പ്രത്യേകിച്ചും ഇളം തലമുറക്കാരന് സന്തോഷവും സംതൃപ്തിയും നേടുന്നതിന് മുതിര്‍ന്ന തലമുറയിലുള്ളവര്‍ പലവിധത്തിലുള്ള ലഹരി വസ്തുക്കളെ ആശ്രയിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് കാണുന്നത്. ഇതില്‍ നിയമപരമായി അനുവദിച്ചിട്ടുള്ളതും ഇല്ലാത്തതും ഉണ്ട്. ലഹരി ഉപയോഗം മൂലം ചിന്താശേഷിയും വിവേചനശക്തിയും മങ്ങി പോവും എന്ന യാഥാര്‍ഥ്യം അതുപയോഗിക്കുന്നവര്‍ മനസിലാക്കിയെന്നു വരില്ല. ആ ഇളംതലമുറക്കാരില്‍ ആന്തരികമായി ഉണ്ടാവുന്ന അപകടകമായ ആത്മവിശ്വാസം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഇതിന്റെ മനഃശാസ്ത്രം. ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലമാണ് അക്രമാസക്തി. അതിന്റെ നേരെ വിപരീതഭാവമാണ് മനുഷ്യത്വം. ലഹരി ഉപയോഗിക്കുന്നവര്‍ ഏതു പ്രായത്തിലുള്ളവരായാലും അവരില്‍ മനുഷ്യത്വം മങ്ങും. വളരുന്ന തലമുറയ്ക്ക് മനുഷ്യത്വം എന്താണെന്ന അറിവും, മനുഷ്യത്വം എങ്ങനെ, എന്തിനു നേടണം എന്നതിനുള്ള മാര്ഗദര്ശനങ്ങളും മാതൃകകളും ഉചിതമായ കാലഘട്ടത്തില്‍ ലഭിക്കാത്തതാണ് കേരളത്തിലെ കാതലായ പ്രശ്നം. ലഹരി നിയന്ത്രിച്ചുപയോഗിക്കുന്നവരാണെങ്കിലും മനുഷ്യത്വം ഇല്ലാതാകും. അക്രമാസക്തി പതുക്കെ വളരും എന്നതാണ് ശാസ്ത്രസത്യം.
ജനിതകഘടകങ്ങള്‍ ഉണ്ടായാലും സാഹചര്യം, മാര്‍ഗദര്‍ശനം, മാതൃകകള്‍ ഇതെല്ലാം വളരുന്ന കുട്ടിയുടെ കൗമാരത്തിലെയും യൗവനാരംഭത്തിലെയും ചിന്തകളെയും അറിവിനെയും സ്വാധീനിക്കും. ഇതാണ് വളരുന്ന കുട്ടിയുടെ വൈകാരിക ഭാവത്തിന്റെ അടിത്തറ. എങ്ങനെ ജീവിക്കണം എന്ന വിഷയം പ്രതിപാദിക്കുന്ന ഒരു പാഠപുസ്തകവും ഇല്ല. ഈ വിഷയം സ്കൂളിലോ വീട്ടിലോ മാത്രം ഒതുങ്ങുന്നതുമല്ല. സഹാനുഭൂതിയും സഹവര്‍ത്തിത്വവും കരുണയും പ്രത്യേക വിഷയങ്ങളായി അടര്‍ത്തിയെടുത്തു കൗമാരത്തിലെത്തിയ ഒരു കുട്ടിയെ പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. സമൂഹത്തിലെ മുതിര്‍ന്നവരെല്ലാം ഒരു മാതൃകയായി വളരുന്ന തലമുറയുടെ മുന്നില്‍ ഉണ്ടെങ്കിലേ എന്താണ് സഹതാപം, സഹാനുഭൂതി, കരുണ, മനുഷ്യത്വം എന്നെല്ലാമുള്ള വസ്തുതകള്‍ പഠിക്കുകയും മനസിലാക്കുകയും പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരികയും ചെയ്യുകയുള്ളൂ. വിവേചന ശക്തി താരതമ്യേന കുറവായ ഇളംമുറക്കാരന് സമൂഹത്തിലെ എല്ലാ തുറയിലുമുള്ള മുതിര്‍ന്ന വ്യക്തികളുടെയും ജീവിതരീതിയും അവരുടെ പ്രവര്‍ത്തികളും മാധ്യമങ്ങളിലൂടെയും കഥകളിലൂടെയും ദൃശ്യകലാ ആവിഷ്കാരങ്ങളില്‍ നിന്നും മനസിലാക്കുന്നു, പഠിക്കുന്നു. അതില്‍നിന്ന് രൂപപ്പെടുന്ന ആശയങ്ങളാണ് ആധുനിക തലമുറയുടെ അക്രമാസക്തി അടക്കമുള്ള പെരുമാറ്റ വൈകൃതമായി പുറത്തേക്കു ബഹിര്‍ഗമിക്കുന്നത്. മുതിര്‍ന്ന തലമുറയുടെ ശീലങ്ങളും പെരുമാറ്റ വൈകൃതങ്ങളും നമുക്ക് തിരുത്താനാവുന്നില്ലെങ്കില്‍ ഇളം തലമുറയെ മാത്രം ബോധവത്കരിക്കുന്നതുകൊണ്ട് പ്രയോജനമില്ല.
ലഹരിയെന്ന അടിസ്ഥാന വില്ലന്‍
മനുഷ്യരുടെ സ്വാര്‍ത്ഥതയില്‍നിന്ന് രൂപം കൊള്ളുന്ന കൈക്കൂലി, അഴിമതി, ലഹരി ഉപയോഗം, സ്ത്രീപീഡനങ്ങള്‍, കുട്ടികളോടുള്ള ക്രൂരത, റോഡപകടങ്ങള്‍, കൊലപാതകങ്ങള്‍, ആത്മഹത്യാ ചിന്തകള്‍ എന്നിവയുടെ പ്രധാന ഘടകം മദ്യവും രാസലഹരികളും കഞ്ചാവുമാണ്. ദീര്‍ഘവീക്ഷണമില്ലാത്ത ചിന്തകളില്‍ നിന്നാണ് ലഹരി ഉപയോഗത്തിന്റേയും അക്രമാസക്തിയുടെയും തുടക്കം. ചിന്തകളാരംഭിക്കുന്നത് മനുഷ്യമനസുകളില്‍ നിന്നാണ്. മനസിലെ വികൃത ചിന്തകളെയും ലഹരിയോടുള്ള താല്പര്യത്തെയും ശിക്ഷകളിലൂടെ തിരുത്താന്‍ സാധിക്കുമോ? ശിക്ഷ കൊണ്ട് തിരുത്താന്‍ പറ്റാത്ത ആശയങ്ങളെയും പെരുമാറ്റ വൈകൃതങ്ങളെയും മറ്റെന്തെങ്കിലും വഴിയിലൂടെ തിരുത്താന്‍ പറ്റുമോ എന്ന് ശ്രമിച്ചു നോക്കണം. ശിക്ഷകളോടൊപ്പം ചിന്തകളെയും പെരുമാറ്റത്തെയും മാറ്റാനുള്ള പ്രത്യേക കൗണ്‍സലിങ് കൂടെ ഉള്‍പ്പെടുത്തിയാല്‍ നല്ലൊരു ശതമാനം പേരെയും മാറ്റിയെടുക്കാന്‍ സാധിച്ചേക്കും. ഇത് പല വികസിത രാജ്യങ്ങളിലും നടപ്പിലുണ്ട്. ഈ പദ്ധതി അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നടപ്പിലാക്കണമെങ്കില്‍ ശിക്ഷാവിധിയൊടൊപ്പം പ്രത്യേക കൗണ്‍സലിങ്ങും ശിക്ഷയുടെ ഭാഗമായി ഉള്‍പ്പെടുത്തണം. മനോരോഗവിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഈ പ്രക്രിയ ശിക്ഷാ കാലാവധിയില്‍ തന്നെ ആരംഭിക്കണം. ആദ്യഘട്ടത്തില്‍ ലഹരിക്കടിപ്പെട്ടവര്‍ സഹകരിച്ചെന്നു വരില്ല. ഓരോ വ്യക്തിയുടെ കാര്യത്തിലും കൗണ്‍സലിങ് പ്രത്യേകം രൂപകല്പന ചെയ്യണം. അതിന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മനോരോഗ വിദഗ്ധരെ ചുമതലപ്പെടുത്തുന്ന കാര്യം ശിക്ഷാവിധിയില്‍ ഉണ്ടായിരിക്കണം. ഇത് ഫലം കാണണമെങ്കില്‍ പരിശ്രമം ആവശ്യമാണ്. ഒരു കാലഘട്ടത്തില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പെരുമാറ്റ വൈകൃതങ്ങള്‍ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തിരുന്നത്. അത് നിയമപാലനവും നീതിന്യായപരിപാലനവും ദുര്‍ബലമായതു കൊണ്ടാണോ? അതോ ഉന്നതരുടെ സ്വാധീനം കൊണ്ടാണോ? നീതിന്യായ വ്യവസ്ഥയുടെ മുന്നിലെത്തുമ്പോള്‍ പലപ്പോഴും തെളിവുകള്‍ ദുര്‍ബലമാവുന്നു. അല്ലെങ്കില്‍ അപ്രത്യക്ഷമാവുന്നു. സാക്ഷികള്‍ കൂറ് മാറുന്നു. അല്ലെങ്കില്‍ കാണാമറയത്താവുന്നു. ആ വിധത്തില്‍ രക്ഷപെട്ടു പോവുന്ന ഓരോ ലഹരി ഉപഭോക്താവും നല്കുന്ന സന്ദേശം ‘ശ്രമിച്ചാല്‍ ശിക്ഷയില്‍ നിന്നും രക്ഷപെടാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാവുന്ന പെരുമാറ്റ വൈകൃതങ്ങളടക്കമുള്ള എല്ലാ ശാരീരിക രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ വേണ്ടി മെഡിക്കല്‍ റെക്കോര്‍ഡിന്റെ തണലില്‍ മറ്റു രോഗലക്ഷണങ്ങളുടെ രീതികളില്‍ വ്യാഖ്യാനി
ക്കപ്പെടുന്നു. സഹാനുഭൂതിയുടെ പേരില്‍ ആശുപത്രികള്‍, ലഹരി ഉപയോഗിക്കുന്ന വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ വേണ്ടി , ലഹരി ഉപയോഗം മറച്ചു വയ്ക്കുന്നു. ഇതും പരോക്ഷമായി ലഹരി വസ്തുക്കളുടെ ഉപയോഗം തുടരാന്‍ അത്തരക്കാര്‍ക്കു പ്രേരകമാവുന്നു. പരോക്ഷമായി ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തടയാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നതാണ് വസ്തുത.
(എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന് ഹോസ്പിറ്റലില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: