ന്യൂദല്‍ഹി: ബാങ്ക് സൗകര്യമില്ലാത്തവര്‍ക്ക് ബാങ്ക് സേവനം നല്‍കുക, സുരക്ഷിതത്വം നല്‍കുക, ധനസഹായം നല്‍കുക, സേവനം ലഭിക്കാത്ത പ്രദേശങ്ങള്‍ക്ക് സേവനം നല്‍കുക എന്നീ ലക്ഷ്യത്തോടെ ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടുകളില്‍ മാര്‍ച്ച് ഏഴു വരെ 55.02 കോടി ജന്‍- ധന് അക്കൗണ്ടുകള്‍ തുറന്നതായി കേന്ദ്രം അറിയിച്ചു. അതില്‍ 36.63 കോടി അക്കൗണ്ടുകളും ഗ്രാമപ്രദേശങ്ങളിലും അര്‍ധ നഗരങ്ങളിലുമാണ്.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്ന ഒരു വര്‍ഷത്തെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാര്‍ച്ച് ഏഴു വരെ 50.30 കോടി പേര് ചേര്‍ന്നു. വര്‍ഷം തോറും പുതുക്കാവുന്ന പദ്ധതി വഴി, മരണത്തിനോ സ്ഥിരമായ പൂര്‍ണ വൈകല്യത്തിനോ രണ്ടു ലക്ഷം രൂപയും അപകടത്തെത്തുടര്‍ന്നുള്ള സ്ഥിരമായ ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപയും പരിരക്ഷയുണ്ട്. 18 മുതല്‍ 70 വയസ് വരെയുള്ളവര്‍ക്ക് ചേരാം.
പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന ഒരു വര്‍ഷത്തെ ലൈഫ് ഇന്‍ഷുറന്‍സാണ്, പ്രതിവര്‍ഷം 436 രൂപ പ്രീമിയം. മരണമടഞ്ഞാല്‍ രണ്ട് ലക്ഷം രൂപ പരിരക്ഷ. 18നും 50 നും ഇടയിലുള്ളവര്‍ക്ക് ചേരാം. പദ്ധതിയില്‍ 23.21 കോടി പേര് ചേര്‍ന്നു.
പതിനെട്ട് മുതല്‍ 40 വയസ് വരെയുള്ള, ഒരു പെന്ഷന് പദ്ധതിയിലും ഉള്‍പ്പെടാത്തവര്‍ക്ക് പ്രതിമാസ പെന്ഷന് നല്കാന് ഉള്ളതാണ് അടല്‍ പെന്ഷന് യോജന. 60 വയസ് തികയുമ്പോള്‍, പ്രതിമാസം 1000 രൂപ, 2000 രൂപ, 3000 രൂപ, 4000 രൂപ, 5000 രൂപ എന്നിങ്ങനെ പെന്ഷന് ലഭിക്കും. മാര്‍ച്ച് വരെ പദ്ധതിയില്‍ 7.49 കോടി പേര് ചേര്‍ന്നു.
പ്രധാനമന്ത്രി മുദ്ര യോജന വഴി സൂക്ഷ്മ/ ചെറുകിട ബിസിനസ് യൂണിറ്റുകള്‍ക്ക് 20 ലക്ഷം രൂപ വരെ വായ്പ്പ. ഫെബ്രുവരി 28 വരെ 33.19 ലക്ഷം കോടിയുടെ 52.07 കോടി വായ്പകള്‍ അനുവദിച്ചിട്ടുണ്ട്.
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്കീം പട്ടികജാതി/ വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരിലും സ്ത്രീകളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഉള്ളതാണ്. 10 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വായ്പ. മാര്‍ച്ച് ഏഴു വരെ 60,504 കോടി രൂപയുടെ 2.67 ലക്ഷം വായ്പകള്‍ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: