റായ്പൂർ : സംസ്ഥാനത്ത് നടന്നുവരുന്ന മതപരിവർത്തനം തടയാൻ നിയമനിർമ്മാണം നടത്താനൊരുങ്ങി ഛത്തീസ്ഗഡിലെ വിഷ്ണു ദിയോ സായ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ഒരു പുതിയ നിയമം നിർമ്മിക്കുമെന്ന് ആഭ്യന്തര മന്ത്രി വിജയ് ശർമ്മ അടുത്തിടെ നിയമസഭയിൽ അറിയിച്ചു.
നിലവിൽ സംസ്ഥാനത്ത് 1968 ലെ മതസ്വാതന്ത്ര്യ നിയമം പ്രാബല്യത്തിലുണ്ടെന്നും എന്നാൽ ഇപ്പോൾ പുതിയ വ്യവസ്ഥകളുള്ള കർശനവും ഫലപ്രദവുമായ ഒരു നിയമത്തിന്റെ ആവശ്യകത അനുഭവപ്പെടുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഏറ്റവും ഫലപ്രദമായ വ്യവസ്ഥകളോടെ ഒരു പുതിയ നിയമം നിർമ്മിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
മതപരിവർത്തന പ്രവർത്തനങ്ങൾ കർശനമായി നിരോധിക്കുന്നതിനായി സർക്കാർ ഈ നിയമം നടപ്പിലാക്കും. സംസ്ഥാനത്തെ 153 സ്ഥാപനങ്ങൾ വിദേശ ധനസഹായത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയ്‌ക്ക് 200 മുതൽ 300 കോടി രൂപ വരെ ഫണ്ടും ലഭിക്കുന്നു. ഇവയിലെല്ലാം സർക്കാർ ഇപ്പോൾ കർശനമായ നിരീക്ഷണം നടത്തുകയും ഒരു സംഘടനയും ഈ ഫണ്ട് മതപരിവർത്തനത്തിനായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം സഭയിൽ അറിയിച്ചു.
അതേ സമയം സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന മതപരിവർത്തന പ്രവർത്തനങ്ങളെക്കുറിച്ചും അവരുടെ കൊള്ളരുതായ്മകളെക്കുറിച്ചും എംഎൽഎമാരായ അജയ് ചന്ദ്രകാർ, രാജേഷ് മൂനത്ത്, നീലകാന്ത് തേകം, സുശാന്ത് ശുക്ല, റൈമുനി ഭഗത് എന്നിവർ സഭയിൽ ആശങ്ക പ്രകടിപ്പിച്ചു.
തന്റെ പ്രദേശത്തെ 80 വയസ്സുള്ള ഒരു സ്ത്രീ തന്റെ മകന്റെ അന്ത്യകർമങ്ങൾ ഹിന്ദു ആചാരങ്ങൾക്കനുസൃതമായി നടത്തുന്നതിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും എന്നാൽ ഗ്രാമത്തിലെ ക്രിസ്ത്യൻ ഭൂരിപക്ഷം ആയതിനാൽ ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ചാണ് അന്ത്യകർമങ്ങൾ നടത്തിയതെന്നും റൈമുനി ഭഗത് പറഞ്ഞു. കൂടാതെ ബസ്തറിൽ എല്ലാ ഞായറാഴ്ചയും 70 ശതമാനം ആളുകളും പ്രാർത്ഥനാ യോഗങ്ങളുടെ പേരിൽ പുറത്തുപോകുന്നുണ്ടെന്നും ഇത് മതപരിവർത്തനത്തിന് സാധ്യതയുണ്ടെന്നും എംഎൽഎ നീലകാന്ത് തേകം പറഞ്ഞു.
കൂടാതെ പോലീസിനെ അറിയിക്കാതെ എങ്ങനെയാണ് രോഗശാന്തി യോഗങ്ങൾ നടത്തുന്നതെന്നും ഇത് പ്രത്യേകം അന്വേഷിക്കാൻ പോലീസ് സ്റ്റേഷനുകളിൽ എന്തെങ്കിലും സംവിധാനമുണ്ടോയെന്നും രാജേഷ് മൂനത്ത് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: