ന്യൂദല്‍ഹി: അര്‍ജന്റൈന്‍ താരങ്ങളായ ലയണല്‍ മെസിയും ഡിയേഗോ മറഡോമയുമാണ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ലെക്സ് ഫ്രൈഡ്മാന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങള്‍ ആരാണെന്ന ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നല്‍കിയത്. അഞ്ച് പേരുടെ ചോയ്സില്നിന്നാണ് പ്രധാനമന്ത്രി രണ്ടു പേരെ തെരഞ്ഞെടുത്തത്.
മറഡോണ, പെലെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, സിനദിന്‍ സിദാന് എന്നിവരായിരുന്നു ചോയ്സ്. അതില്‍ പ്രധാനമന്ത്രിയുടെ ഉത്തരം ഇങ്ങനെയായിരുന്നു- മുന്‍ തലമുറയ്ക്ക് മറഡോണയായിരുന്നു ഹീറോ എങ്കില്‍ ഇപ്പോഴത്തെ തലമുറക്ക് അത് മെസി ആണ്. മറഡോമയെക്കുറിച്ച് പ്രധാനമന്ത്രി ദീര്‍ഘനേരം വാചാലനായി. 1980കളില്‍ ഒരേയൊരു പേരായിരുന്നു ഫുട്ബോളില്‍ ഉയര്‍ന്നു കേട്ടിരുന്നത്, അത് മറഡോണയായിരുന്നു. യഥാര്‍ത്ഥ നായകനായിരുന്നു മറഡോണ. എന്നാല്‍ ഇന്നത്തെ തലമുറയോട് ചോദിച്ചാല്‍ അവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മെസിയെന്ന് മറുപടി പറയും- മോദി ചൂണ്ടിക്കാട്ടി. ഫുട്ബോളില്‍ തനിക്കുള്ള അവഗാഹത്തെക്കൂടി മോദി തെളിയിക്കുകയായിരുന്നു. ഫുട്ബോളില്‍ വളര്‍ന്നുവരാനുള്ള എല്ലാ സാഹചര്യവും ഇന്ത്യക്കുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ സമീപലാകലത്ത് നടത്തിയ മികച്ച പ്രകടനങ്ങളെക്കുറിച്ച് മോദി പരാമര്‍ശിച്ചു.
ഫുട്ബോളിനെക്കുറിച്ച് പറയുമ്പോള്‍ എന്റെ മനസില്‍ ആദ്യമെത്തുന്ന ഓര്‍മകളിലൊന്ന് മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന ഷാദോല്‍ ജില്ലയാണ്. . ഒരിക്കല്‍ അവിടം സന്ദര്‍ശിച്ചപ്പോള്‍ അവിടെ നൂറോളം ആണ്‍കുട്ടികളും പ്രായമായവരുമെല്ലാം സ്പോര്‍ട്സ് ജേഴ്സി ധരിച്ചു നില്‍ക്കുന്നത് കണ്ടു. സ്വാഭാവികമായി അവരുടെ അടുത്തുചെന്ന് നിങ്ങള്‍ എവിടെനിന്നാണ് വരുന്നതെന്ന് ഞാന്‍ ചോദിച്ചു. അവര്‍ നല്കിയ മറുപടി, മിനി ബ്രസീലില്‍ നിന്നാണെന്നായിരുന്നു. അതാണ് മറ്റുള്ളവര്‍ ഞങ്ങളുടെ ഗ്രാമത്തെ വിളിക്കുന്നതെന്നും അവര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞത് കഴിഞ്ഞ നാലു തലമുറയായി ഫുട്ബോള്‍ കളിക്കുന്നവരാണ് അവരുടെ ഗ്രാമത്തിലുള്ളതെന്നും എണ്‍പതോളം ദേശീയ താരങ്ങള്‍ തങ്ങളുടെ ഗ്രാമത്തില്‍ നിന്നുയര്‍ന്നുവന്നിട്ടുണ്ടെന്നും തങ്ങളുടെ ഗ്രാമം മുഴുവന്‍ ഫുട്ബോളിനായി സമര്‍പ്പിച്ചിരിക്കുന്നവരാണെന്നുമായിരുന്നു. അവിടെ നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ മറ്റിടങ്ങളില്‍ നിന്നുപോലും കാണികള്‍ എത്താറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കു പിന്നാലെ ഈ ഗ്രാമത്തെക്കുറിച്ച് ലക്ഷോപലക്ഷം പേരാണ് ഗൂഗിളില്‍ തെരഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: