പട്ന : ഭൂമി കുംഭകോണ അഴിമതിയുമായി ബന്ധപ്പെട്ട് ആർജെഡി മേധാവി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ ചോദ്യം ചെയ്ത് ഇഡി. ചൊവ്വാഴ്ചയാണ് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്തത്.
ഭൂമിക്ക് വേണ്ടി ജോലി നൽകിയെന്ന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഡി ഇവർക്ക് സമൻസ് അയച്ചിരുന്നു. ലാലു പ്രസാദ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലഘട്ടത്തിലാണ് ഈ കേസ് നടന്നിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട ആളുകളാണ് ഈ വിവരം നൽകിയത്.
അന്വേഷണ ഏജൻസിയുടെ പ്രത്യേക ചോദ്യം ചെയ്യൽ നാല് മണിക്കൂർ നീണ്ടുനിന്നു. മൂത്ത മകളും പാടലീപുത്ര എംപിയുമായ ഡോ. മിസ ഭാരതിക്കൊപ്പം രാവിലെ 10 മണിയോടെയാണ് റാബ്രി പട്‌നയിലെ ഇഡി ഓഫീസിലെത്തിയത്. രണ്ട് വർഷത്തിനുള്ളിൽ റാബ്രി രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തുന്നത്. തുടർന്ന് ഉച്ചയ്‌ക്ക് 2 മണിയോടെയാണ് റാബ്റി ദേവി ഇഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയത്. അതേസമയം പട്നയിൽ കേസിൽ ആദ്യമായി ചോദ്യം ചെയ്യപ്പെട്ട തേജ് പ്രതാപ് വൈകുന്നേരം 5 മണിക്കാണ് പുറത്തുവന്നത്. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് തേജ് പ്രതാപ് ഇഡി ഓഫീസിലെത്തിയത്.
യുപിഎ ഒന്നാം സർക്കാരിൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലഘട്ടത്തിൽ റെയിൽവേ നിയമനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ നിന്നാണ് ഇഡി കേസ് ആരംഭിച്ചത്. 2004-09 കാലഘട്ടത്തിൽ ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ റെയിൽവേയിലെ ഗ്രൂപ്പ്-ഡി ജോലികളിലേക്കുള്ള നിയമനങ്ങൾ ഇന്ത്യൻ റെയിൽവേയുടെ നിയമന മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് നടത്തിയെന്നാണ് ആരോപണം. സ്ഥാനാർത്ഥികൾ നേരിട്ടോ കുടുംബാംഗങ്ങൾ വഴിയോ ലാലു പ്രസാദിന്റെ കുടുംബാംഗങ്ങൾക്ക് നിലവിലുള്ള വിപണി വിലയുടെ നാലിലൊന്ന് മുതൽ അഞ്ചിലൊന്ന് വരെ ഇളവ് നിരക്കിൽ ഭൂമി വിറ്റതായി ആരോപിക്കപ്പെടുന്നു.
കൂടാത റെയിൽവേ ഉദ്യോഗസ്ഥരുമായും കുടുംബാംഗങ്ങളുമായും മറ്റുള്ളവരുമായും ഒത്തുചേർന്ന് ലാലു പ്രസാദ് ഇന്ത്യൻ റെയിൽവേയുടെ 11 സോണുകളിൽ ഗ്രൂപ്പ് ഡിയിൽ പകരക്കാരായി ഉദ്യോഗാർത്ഥികളെ നിയമിച്ചു. ഇത് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ പൂർണ്ണമായ ലംഘനമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2024 ഓഗസ്റ്റിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം സമർപ്പിച്ച കുറ്റപത്രത്തിൽ ലാലു യാദവ് തന്റെ അടുത്ത സഹായി അമിത് കത്യാൽ വഴി പട്നയിൽ നിരവധി ഭൂമി സ്വന്തമാക്കുന്നതിനായി എകെ ഇൻഫോസിസ്റ്റംസ് എന്ന പേരിൽ ഒരു കമ്പനി രൂപീകരിച്ചതായി ഇഡി ആരോപിച്ചു. ഭൂമി ഏറ്റെടുത്തതിനുശേഷം 2014 ജൂൺ 13 ന്, കത്യാൽ കമ്പനിയിലെ തന്റെ ഓഹരി റാബ്രി ദേവിക്കും തേജസ്വി യാദവിനും കൈമാറി. അങ്ങനെ അവർ കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ പൂർണ്ണ ഉടമകളായിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
അതേ സമയം നാല് മണിക്കൂർ നീണ്ട ഇഡിയുടെ ചോദ്യം ചെയ്യലിൽ റാബ്റി ദേവിയോട് നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. ദൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ ബംഗ്ലാവ് തേജസ്വി യാദവിന് എങ്ങനെ ലഭിച്ചെന്നും പട്നയിലെ സഗുണ മോർ അപ്പാർട്ട്മെന്റിന്റെ ഭൂമി എങ്ങനെയാണ് വാങ്ങിയതെന്നും ഇഡി ആരാഞ്ഞു. കൂടാതെ പണം എവിടെ നിന്ന് വന്നു, എപ്പോഴാണ് നിർമ്മാണം ആരംഭിച്ചതെന്നും നിങ്ങളുടെ പേരിലുള്ള ഭൂമി എങ്ങനെയാണ് സ്വന്തമാക്കിയതെന്നും ഇഡി ചോദിച്ചുവെന്നുമാണ് വൃത്തങ്ങൾ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: