Kerala

ചിറ്റൂര്‍ മേഖലയില്‍ വീണ്ടും കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം; സിപിഎം നേതാക്കളുടേത് ഉള്‍പ്പെടെയുള്ള 15 ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കും

Published by

പാലക്കാട്: സിപിഎം നേതാക്കളുടേത് ഉള്‍പ്പെടെ ആറ് ഷാപ്പുകളില്‍ കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം. നാല് ഗ്രൂപ്പുകളിലായി ആറ് ഷാപ്പുകളിലാണ് കഫ് സിറപ്പില്‍ ഉള്‍പ്പെടുത്തുന്ന ബനാട്രില്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. 2024 സപ്തംബറിലാണ് ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന് കീഴിലുള്ള ഷാപ്പുകളിലെ കള്ള് രാസപരിശോധനക്കായി കാക്കനാട് ലാബിലേക്ക് അയച്ചത്. ഇതിന്റെ പരിശോധനാഫലത്തിലാണ് ബനാട്രിലിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

നാലു ഗ്രൂപ്പുകളിലായി പതിനഞ്ചോളം ഷാപ്പുകളുടെ ലൈസന്‍സ് ഉടന്‍ റദ്ദാക്കുമെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വൈ. ഷിബു പറഞ്ഞു. മീനാക്ഷിപുരം, മൊളക്കാട്, അഞ്ചു വെള്ളക്കാട്, ഗോപാലപുരം, കുറ്റിപള്ളം, വെമ്പാറ വെസ്റ്റ് എന്നിങ്ങനെ നാലു ഗ്രൂപ്പുകളിലെ ആറു ഷാപ്പുകളിലെ കള്ളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി രംഗനാഥന്റെ ഉടമസ്ഥതയിലുള്ളതാണ് മീനാക്ഷിപുരം ഷാപ്പ്, സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ശിവരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോപാലപുരം, കുറ്റിപള്ളം,വെമ്പാറ വെസ്റ്റ് ഷാപ്പുകള്‍, കൂടാതെ ആലപ്പുഴ സ്വദേശി സുജാതയാണ് മൊളക്കാട് ഷാപ്പിന്റെ ലൈസന്‍സി, ചിറ്റൂര്‍ കല്ലാണ്ടിച്ചള്ള സ്വദേശി പ്രജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് അഞ്ചു വെള്ളക്കാട് ഷാപ്പ്. ഇതില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ശിവരാജന്റെ ഷാപ്പില്‍ നിന്ന് നേരത്തെയും കഫ്സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഗോപാലപുരം, കുറ്റി പള്ളം,വെമ്പാറ വെസ്റ്റ് ഷാപ്പുകള്‍ നേരത്തെ നടപടി നേരിട്ട് പൂട്ടിയതിനാല്‍ മറ്റ് ലൈസന്‍സികളുടെ ഷാപ്പുകളാവും ഇനി പൂട്ടുക. ഓരോ മാസവും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കാറുണ്ടെന്നും, ഇന്നലെയും വിവിധ കള്ള്ഷാപ്പുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by