ഇടുക്കി: തിരുവിതാംകൂറില്‍ രാജഭരണകാലത്ത് പൊതുമേഖലയില്‍ ആദ്യമായി ആരംഭിച്ച പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിക്ക് 85 വയസ് തികയുന്നു. ചിത്തിര തിരുനാള്‍ രാജവര്‍മ്മ 1935 മാര്‍ച്ച് 1 ന് തറക്കല്ലിട്ട പദ്ധതി 1940 മാര്‍ച്ച് 19ന് നാടിന് സമര്‍പ്പിച്ചത് അന്നത്തെ ദിവാന് സര് സി.പി. രാമസ്വാമി അയ്യരായിരുന്നു. പദ്ധതിയുടെ തറക്കല്ലിടലിന് പള്ളിവാസലില്‍ എത്തിയ ചിത്തിര തിരുനാള്‍ രാമവര്‍മ്മയുടെ ഓര്‍മക്കായി ഈ പ്രദേശത്തിന് ചിത്തിരപുരം എന്ന് പേരിട്ട് സ്ഥാപിച്ച സ്തൂപം ചരിത്രമായി ഇന്നും നിലനില്ക്കുന്നു.
തിരുവനന്തപുരത്ത് 1928-ല്‍ സ്ഥാപിച്ച ഡീസല്‍ വൈദ്യുതി നിലയത്തില്‍ നിന്ന് നാമമാത്രമായ വൈദ്യുതിയായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പള്ളിവാസലില്‍ ജലവൈദ്യുതി ആരംഭിക്കാന്‍ രാജകുടുംബം അനുമതി നല്‍കിയത്. രാജകുടുംബത്തിന്റെ എന്‍ജിനീയറായ കെ.പി.പി. മേനോന്റെ നേതൃത്വത്തിലാണ് നിര്‍മാണം ആരംഭിച്ചത്.
അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പദ്ധതി തുടക്കത്തില്‍ ഉല്പാദിപ്പിച്ചിരുന്നത് 37 മെഗാവാട്ട് വൈദ്യുതിയായിരുന്നു. പിന്നീട് 1947ല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കുമ്പള സേതു പാര്‍വതി അണക്കെട്ടും 1954-ല്‍ ഭാരതത്തിലെ ആദ്യ കോണ്‍ക്രീറ്റ് അണക്കെട്ടയായ മാട്ടുപ്പെട്ടിയും നിര്‍മിച്ചു. ഇതോടെ പള്ളിവാസലിലെ ഉല്പാദനം 60 മെഗാവാട്ടായി. ഇതിനുപുറമേ ഈ പദ്ധതിയില്‍ നിന്ന് പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് പൈങ്കുളം, പനംകുട്ടി ഉള്‍പ്പെടെ നാലോളം പവര്‍ഹൗസുകളാണ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച പള്ളിവാസല്‍ പദ്ധതി പിന്നീട് വന്ന ഇടത്-വലത് സര്‍ക്കാരിന് കുരങ്ങന് പൂമാല കിട്ടിയ പോലായിരുന്നു. നവീകരണത്തിന്റെ പേരില്‍ അഴിമതി നടത്തിയെന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ആരോപണവിധേയനായ ലാവലിന്‍ കേസും ഈ വൈദ്യുതി മുത്തശ്ശിയുടെ പേരിലാണ്.
പ്രസാദ് പി. എന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: