ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താന്റെ നാടായി മാറുകയാണെന്ന ആക്ഷേപം വളരെക്കാലമായി ഉള്ളതാണെങ്കിലും ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയായിരിക്കുകയാണെന്ന് പറയേണ്ടി വരുന്നു. ലഹരിപ്പിശാചുക്കള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അഴിഞ്ഞാടുക തന്നെയാണ്. മനുഷ്യമന:സാക്ഷിയെ നടുക്കുന്ന അക്രമങ്ങള്‍, കൊലപാതങ്ങള്‍, ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയ നീചമായ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ലഹരിയുടെ സ്വാധീനമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രക്തബന്ധങ്ങള്‍ക്കു പോലും യാതൊരു വിലയും കല്‍പ്പിക്കാതെ മകന്‍ മാതാപിതാക്കളെ നിഷ്‌കരുണം കൊലപ്പെടുത്തുന്നു. സഹോദരന്‍ സഹോദരിയെ ലൈംഗികാധിക്രമത്തിന് ഇരയാക്കുന്നു. സഹപാഠിയില്‍ ഒരുവനെ റാഗിങ് എന്ന പേരില്‍ കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തുന്നു.
ദിവസംതോറും ഇത്തരം സംഭവങ്ങളുടെ തനിയാവര്‍ത്തനം കൊണ്ട് മാധ്യമങ്ങള്‍ നിറയുകയാണ്. റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതു തന്നെ വളരെയധികം. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്രയോ സംഭവങ്ങള്‍ വേറെയും ഉണ്ടാവും. പത്രങ്ങള്‍ വായിക്കാനും വാര്‍ത്താചാനലുകള്‍ കാണാനും തോന്നാത്ത വിധം ചെടിപ്പുളവാക്കുന്ന വിധത്തില്‍ ഇത്തരം വാര്‍ത്തകള്‍ പെരുകുകയാണ്.
പലതരത്തിലുള്ള ലഹരിയുടെ ഉപയോഗമാണ് ഇത്തരം നീചകൃത്യങ്ങള്‍ ചെയ്യാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നതെന്ന് ഓരോ സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. . പിടിയിലാവുന്ന പ്രതികളുടെ നാവില്‍ നിന്നുതന്നെ അത് കേള്‍ക്കാനും കഴിയുന്നു. പതിവ് സംഭവമെന്ന നിലയിലാണ് പോലീസും ഇപ്പോള്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്. ഇനി ഇങ്ങനെയൊക്കെ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ എന്നൊരു മനോഭാവം പോലീസിനെയും പിടികൂടിയിരിക്കുന്നു എന്നുവേണം കരുതാന്‍. മയക്കുമരുന്ന് കടത്തുകാരും വിതരണക്കാരും വളരെ ശക്തരായതിനാല്‍ അവരെ കൈകാര്യം ചെയ്യാന്‍ എളുപ്പമല്ലെന്ന് പോലീസിന് അറിയാം. പിടികൂടിയാല്‍ തന്നെ ഉന്നത രാഷ്‌ട്രീയ ബന്ധമുള്ള പ്രതികള്‍ രക്ഷപ്പെടുന്നു. അല്ലെങ്കില്‍ നേരിയ ശിക്ഷ മാത്രം ലഭിക്കുന്നു. രണ്ടായാലും പിന്നെയും മയക്കുമരുന്ന് കടത്തും അതിന്റെ വിതരണവും തുടരും. കേരളത്തില്‍ എവിടെയും മാരക ലഹരിയുള്ള മയക്കുമരുന്നുകള്‍ സുലഭമായി ലഭിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. ഇങ്ങനെയൊരു പശ്ചാത്തലം രൂപപ്പെട്ടതിനെപ്പറ്റി രാഷ്‌ട്രീയവും ഭരണപരവുമായ കാരണങ്ങളുണ്ടെന്ന് കാണാതിരിക്കാനാ വില്ല.
ഇക്കഴിഞ്ഞ ദിവസമാണ് കളമശ്ശേരി ഗവ. പോളിടെക്‌നിക്കില്‍ പോലീസ് കഞ്ചാവ് വേട്ട നടത്തിയത്. ക്യാമ്പസില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ചില വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയത്. ക്യാമ്പസില്‍ എത്തിച്ച കഞ്ചാവ് തൂക്കം നോക്കി വിതരണം ചെയ്യാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നുവത്രേ. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയില്‍ ഉള്‍പ്പെടുന്നവരാണ്. എന്നു മാത്രമല്ല പിടിയിലായവരില്‍ ഈ സംഘടനയുടെ നേതാവുമുണ്ട്. ഇക്കാര്യം മറച്ചു പിടിക്കാന്‍ പല ശ്രമങ്ങളും ബന്ധപ്പെട്ടവര്‍ നടത്തിയെങ്കിലും അതൊന്നും വിലപ്പോയില്ല. സത്യസന്ധരായ ചില പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തി. ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ, ക്യാമ്പസിലെ ലഹരി ഉപയോഗത്തെ നിസ്സാരവല്‍ക്കരിക്കുന്ന രീതിയിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന ചിലര്‍ പെരുമാറിയത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കാള്‍ തങ്ങള്‍ വിശ്വസിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ താല്‍പ്പര്യമാണ് വലുതെന്ന് കരുതുന്ന അദ്ധ്യാപകര്‍ വലിയൊരു പ്രശ്‌നം തന്നെയാണ്.
തങ്ങള്‍ എന്തുചെയ്താലും രക്ഷിക്കാന്‍ ആളുണ്ടെന്ന ഉറച്ച വിശ്വാസമാണ് എസ്എഫ്‌ഐയെ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകളെ നയിക്കുന്നത്. ക്രിമിനലിസത്തെ വിദ്യാര്‍ത്ഥി രാഷ്‌ട്രീയമായി കാണുന്ന ഇക്കൂട്ടര്‍ എന്തൊക്കെയാണ് ചെയ്യുകയെന്ന് ആര്‍ക്കും ഊഹിക്കാനാവില്ല. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരെ പോലും എസ്എഫ്‌ഐക്കാര്‍ അഴിഞ്ഞാടിയത് ലഹരിയുടെ പിന്‍ബലത്തില്‍ അല്ലെന്ന് ആര്‍ക്ക് പറയാനാവും?
മദ്യനിരോധനം അല്ല മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് സിപിഎമ്മും ഇടതുമുന്നണിയും പറയുന്നിടത്ത് വലിയൊരു ചതിയുണ്ട്. മദ്യവര്‍ജനത്തിന്റെ പേരുപറഞ്ഞ് നിര്‍ബാധം മദ്യം ഒഴുക്കുകയെന്നതാണ് നയം. മദ്യം നിരോധിച്ചാല്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നത് കേള്‍ക്കാം. മദ്യം പുഴ പോലെ ഒഴുക്കിയിട്ടും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇക്കൂട്ടര്‍ വിശദീകരിക്കുന്നുമില്ല. യഥാര്‍ത്ഥത്തില്‍ മദ്യവര്‍ജനത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന ബോധവല്‍ക്കരണം വെറും തട്ടിപ്പാണ്. ഇതുതന്നെയാണ് മയക്കുമരുന്നിന്റെ കാര്യത്തിലും പറയാനുള്ളത്. ശക്തമായ നടപടികളാണ് വേണ്ടത്. പക്ഷേ പാര്‍ട്ടി നേതാക്കള്‍ തന്നെ മയക്കുമരുന്ന് കടത്തുകാരാവുമ്പോള്‍ ഭരണം നോക്കുകുത്തിയാകുന്നത് സ്വാഭാവികം. ഇതിനൊരു മാറ്റം വന്നാലല്ലാതെ ലഹരിയുടെ വിപത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: