കോട്ടയം : പ്രതിയെ പിടികൂടുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥൻ വീണ്ടും ആക്രമിക്കപ്പെട്ട സംഭവം കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ഒരിക്കൽ കൂടി വെളിവാക്കപ്പെട്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു.
കോട്ടയം മെഡിക്കൽ കോളേജും പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന പ്രദേശം ലഹരി മാഫിയുടെയും കൊടും കുറ്റവാളികളുടെയും ഗുണ്ടാ സംഘങ്ങളുടെയും തേർവാഴ്ചയിലാണ്. രണ്ടുമാസം മുമ്പ് സമാനമായ സാഹചര്യത്തിൽ കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ടു മരിച്ചു.
ലഹരി പൂർണ്ണമായും പിടിമുറുക്കിയ യുവാക്കളാണ് പലപ്പോഴും ഏതു ക്രൂരകൃത്യത്തിനും മുന്നോട്ടുവരുന്നത്.വീട്ടമ്മയെ വീടുകയറി ഭീഷണിപ്പെടുത്തി മാല കവർന്ന കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സുനു ഗോപി എന്ന പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമകലുഷിതമായ പുതിയ അന്തരീക്ഷം സമാധാനപാലകർക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.ജീവന് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥയാണ്. സാഹസികമായി കുറ്റവാളികളെ പിടികൂടുന്നവർക്ക് വേണ്ട സംരക്ഷണം ആഭ്യന്തരവകുപ്പ് തലത്തിൽ ഇല്ല. തുച്ഛമായ റിസ്ക് അലവൻസ് മാത്രമാണ് ഇപ്പോഴും നൽകുന്നത്.
സംസ്ഥാനത്തെ പുതിയ അന്തരീക്ഷം കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് ആത്മധൈര്യം പകരുന്ന തീരുമാനങ്ങളാണ് എത്രയും വേഗം എടുക്കേണ്ടത്.കൂടാതെ ഇത്തരം സാമൂഹ്യവിരുദ്ധ സംഘങ്ങളെ അമർച്ച ചെയ്യാൻ പ്രത്യേക പരിശീലനം നേടിയ പോലീസ് സംഘത്തെ നിയോഗിക്കുകയും വേണം.
കേരളം ലഹരിയിലും മാഫിയ ആക്രമണങ്ങളിലും വിറങ്ങലിക്കുമ്പോൾ കെഎസ്‌യു എസ്എഫ്ഐ സംഘടനകൾ പരസ്പരം പഴിചാരുന്ന സാഹചര്യമാണ് നിലവിലുള്ളത്.കേരളം എങ്ങോട്ടാണ് പോകുന്നതെന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ട.
വർഷങ്ങളായി കേരളത്തിലെ ഭരണ പ്രതിപക്ഷ മുന്നണികൾ
കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്ന ശക്തികളുമായി സന്ധി ചെയ്യുകയായിരുന്നു. ഇതിൽ സിപിഎം കോൺഗ്രസ് മുന്നണികൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല.അതാണ് സംസ്ഥാനത്തിന്റെ ശാന്തമായ ജീവിതാന്തരീക്ഷത്തെ തകിടം മറിച്ചത്. സംസ്ഥാനത്തിന്റെ ക്രമസമാധാന നില വീണ്ടെടുക്കുന്നതിന് വേണ്ടെ നടപടികളാണ് സ്വീകരിക്കേണ്ടത്.ഇരുട്ടിൻറെ ശക്തികൾക്കായി ഒത്താശ ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം.എൻ. ഹരി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: