വര്‍ക്കല: നിരവധി വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളെത്തുന്ന വര്‍ക്കലയില്‍ കഴിഞ്ഞ ദിവസം കള്ളപ്പണ ഇടപാടില്‍ ലിത്വേനിയന്‍ പൗരന്‍ അലക്‌സേജ് ബെസിക്കോവ് പിടിയിലായതോടെ നിരവധി പരാതികളാണ് അനധികൃത ഹോം സ്‌റ്റേകളെകുറിച്ച് പുറത്തുവരുന്നത്. വര്‍ഷങ്ങളായി പാപനാശം ബീച്ചിന് സമീപവും ഹെലിപ്പാടിന് സമീപത്തുള്ള റിസോര്‍ട്ടുകളിലും മാത്രം ഒതുങ്ങിയിരുന്ന ടൂറിസം ഇപ്പോള്‍ വര്‍ക്കല ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മുതല്‍ ചിലക്കൂര്‍ ഭാഗത്തേക്കും, അവിടെ നിന്ന് ഇടവ ഭാഗത്തേക്കും വ്യാപിച്ചു. ടൂറിസം ഏരിയ അല്ലെങ്കില്‍ പോലും ഇടവഴികളിലെ ചെറിയ ഒറ്റമുറി വീടുകള്‍ പോലും ലക്ഷക്കണക്കിന് രൂപ നല്‍കി വാടകക്ക് എടുക്കാന്‍ അടുത്ത ജില്ലക്കാരും ഇതര സംസ്ഥാനക്കാരും മത്സരിക്കുകയാണ്.
ഹോം സ്‌റ്റേകള്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് നിയമം. പക്ഷെ പകുതി ആളുകള്‍ പോലും ഈ നിയമം പാലിക്കാറില്ല. ചില വിദേശികള്‍ വര്‍ഷങ്ങളായി ഒരേ ഹോം സ്‌റ്റേകള്‍ തന്നെയാണ് ആശ്രയിക്കുന്നത്. വിസ കാലാവധി തീരുന്നതുവരെ ഇവിടെ തുടരുന്ന വിദേശികള്‍ താമസിക്കുന്ന റൂമുകള്‍ വീണ്ടും ലഭിക്കാന്‍ ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‍കിയാണ് വിസ പുതുക്കാനായി നാട്ടില്‍ പോയി തിരികെ വരുന്നത്. അന്യസംസ്ഥാന ടൂറിസ്റ്റുകള്‍ ആണെങ്കിലും വിദേശികള്‍ ആണെങ്കിലും സ്ഥിരമായി റൂമുകള്‍ എടുക്കുകയാണെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഹോം സ്‌റ്റേ ഉടമകള്‍ക്ക് ഉണ്ടെങ്കിലും. ഒരാള്‍ പോലും അതിന് മെനക്കെടാറില്ല. ഇതിന്റെ മറവില്‍ വന്‍ ലഹരി മാഫിയകളും, അനധികൃത മസാജിങ് കേന്ദ്രങ്ങളും വര്‍ക്കല ടൂറിസം മേഖല കേന്ദ്രമാക്കി വര്‍ദ്ധിക്കുന്നു.
വര്‍ക്കല സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ അനധികൃതമായി വീടിന്റെ രണ്ടാം നില ടൂറിസ്റ്റുകള്‍ക്ക് വാടകയ്‌ക്ക് നല്‍കി താഴത്തെ നിലയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ നിരവധിയാണ്. അലക്‌സേജിന്റെ അറസ്‌റ്റോട് കൂടി അനധികൃത ഹോം സ്‌റ്റേ കളെ കുറിച്ചും, അനധികൃത താമസക്കാരെക്കുറിച്ചും കൃത്യമായി അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഇന്റര്‍പോള്‍ അന്വേഷിച്ചു കൊണ്ടിരുന്ന അലക്‌സേജ് ബെസിക്കോവ് എന്ന കൊടുംകുറ്റവാളി അഞ്ചു വര്‍ഷം മുന്‍പാണ് മൂന്നാറും, കൊച്ചിയും വര്‍ക്കലയും സന്ദര്‍ശിച്ചത്. തുടര്‍ന്ന് വീണ്ടും കുടുംബത്തോടൊപ്പം വര്‍ക്കലയില്‍ എത്തുകയായിരുന്നു. ഇയാള്‍ പ്രവര്‍ത്തിക്കുന്ന ഗ്യാരന്റെക്‌സ് കറന്‍സി എക്‌സ്‌ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യയും മകനെയും ബുധനാഴ്ച രാവിലെയുള്ള വിമാനത്തില്‍ നാട്ടിലേക്ക് അച്ചു. തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന കുരയ്‌ക്കണ്ണിയിലെ സോയ വില്ല എന്ന ഹോം സ്‌റ്റേയില്‍ നിന്നും ഗോവയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. വര്‍ക്കലയില്‍ പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ നാല് ബൈക്കുകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം സ്വന്തമാണെന്ന് അവകാശം ഉന്നയിച്ചെങ്കിലും പലതും മറ്റു ചിലരുടെ പേരുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും ഇടപാടുകളെക്കുറിച്ചും വര്‍ക്കലയില്‍ ഇയാളുമായി ബന്ധമുള്ള വ്യക്തികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏകദേശം 9600 കോടി യുഎസ്സ് ഡോളറിന്റെ ഇടപാടുകളാണ് അലക്‌സേജും സുഹൃത്ത് മിറ സെര്‍ദയും ചേര്‍ന്ന് നടത്തിയതെന്നാണ് യുഎസിലെ കോടതിയിലുള്ള കേസ്. വര്‍ക്കലയില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പാട്ട്യാല കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത പ്രതിയെ തീഹാര്‍ ജയിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: