ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനിലെ (ടാസ്മാക്) അഴിമതിക്കെതിരെ പ്രതിഷേധിച്ചതിന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ഉൾപ്പടെ നിരവധി ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എഗ്മോറിലെ പ്രതിഷേധ വേദിയിലേക്ക് പോകുന്നതിനിടെയാണ് അണ്ണമലൈയെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
അനുമതിയില്ലാതെ പ്രതിഷേധിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. അക്കരൈയിലെ വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ വച്ച് അണ്ണാമലൈയെ പോലീസ് തടയുകയായിരുന്നു. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പനശാല നടത്തിപ്പുകാരായ ടാസ്മാക്കിലും മദ്യശാലകളിലും നടത്തിയ റെയ്ഡുകളിൽ 1,000 കോടി രൂപയുടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ഇന്ന് രാവിലെ മുതൽ ബിജെപിയുടെ പ്രധാന നേതാക്കളുടെ വീടുകൾ വളഞ്ഞ് അവരെ വീട്ടുതടങ്കലിലാക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തിയിരുന്നു. പ്രധാന നേതാക്കൾ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെതിരെ അണ്ണാമലൈയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് ബിജെപി ഉയർത്തിയത്. എന്നാൽ മുൻ കൂട്ടി അനുമതി വാങ്ങാതെ പ്രതിഷേധിച്ചുവെന്ന് പറഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ദൽഹി മദ്യനയ അഴിമതിയേക്കാൾ വലിയ അഴിമതിയാണ് തമിഴ്നാട്ടിൽ നടന്നിരിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. ഈ അഴിമതിയിൽ അന്വേഷണം പൂർത്തിയാകുമ്പോൾ മുഖ്യമന്ത്രി സ്റ്റാലിൻ ഒന്നാം പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു. മുൻകൂട്ടി അറിയിച്ചിട്ട് തന്നെയാണ് പ്രതിഷേധവുമായി ബിജെപി എത്തിയത്. എന്നാൽ ഇനി മുതൽ മുൻകൂർ അനുമതി ഇല്ലാതെ തന്നെ പ്രതിഷേധിക്കും. അതിനെ തടയാൻ സ്റ്റാലിനും പോലീസിനും കഴിയുമോയെന്നും അണ്ണാമലൈ ചോദിച്ചു.
അണ്ണാമലൈയുടെ അറസ്റ്റിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധത്തിന് ബിജെപി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: