ഐഐടി മദ്രാസ് ഡിസ്‌കവറി കാമ്പസിലെ ഹൈപ്പര്‍ലൂപ്പ് പരീക്ഷണകേന്ദ്രം സന്ദര്‍ശിച്ച കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ജീവനക്കാര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നു
ചെന്നൈ: ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതിക്കായുള്ള ഇലക്ട്രോണിക്സ് ഘടക സാങ്കേതിക വിദ്യ വികസിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ഐഐടി മദ്രാസ് ഡിസ്‌കവറി കാമ്പസിലെ ഹൈപ്പര്‍ലൂപ്പ് പരീക്ഷണകേന്ദ്രം സന്ദര്‍ശിച്ച അദ്ദേഹം തത്സമയ പ്രദര്‍ശനം വീക്ഷിക്കുകയും ചെയ്തു.
ചെന്നൈയിലെ ഐഐടിയില്‍ സ്ഥിതി ചെയ്യുന്ന 410 മീറ്റര്‍ നീളമുള്ള ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്യൂബ്, ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ സൗകര്യമാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഹൈപ്പര്‍ലൂപ്പ് ഗതാഗതത്തിനായുള്ള മുഴുവന്‍ പരീക്ഷണ സംവിധാനവും തദ്ദേശീയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വികസിപ്പിച്ചത്. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹൈപ്പര്‍ലൂപ്പ് ഗതാഗത സാങ്കേതികവിദ്യ ഇതുവരെ നടത്തിയ പരീക്ഷ ണങ്ങളില്‍ മികച്ച ഫലങ്ങള്‍ നല്കിയതിനാല്‍, ഭാരതം ഉടന്‍ തന്നെ ഹൈപ്പര്‍ലൂപ്പ് ഗതാഗതത്തിന് സജ്ജമാകുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് റെയില്‍വേ മന്ത്രാലയം സാമ്പത്തിക, സാങ്കേതിക സഹായം നല്കിയിട്ടുണ്ട്. ഈ ഹൈപ്പര്‍ലൂപ്പ് പദ്ധതിക്കുള്ള എല്ലാ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയും ചെന്നൈയിലെ ഐസിഎഫില്‍ വികസിപ്പിക്കും. ഐസിഎഫ് ഫാക്ടറിയിലെ വിദഗ്ധര്‍ വന്ദേഭാരത് അതിവേഗ ട്രെയിനുകള്‍ക്കായി ലാര്‍ഹെ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ വിജയകരമായി വികസിപ്പിച്ചെടുത്തകാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. വിജയകരമായ ഈ പരീക്ഷണത്തിന് ചെന്നൈ ഐഐടിയിലെ വിദഗ്‌ദ്ധരെയും ആവിഷ്‌കാര്‍ സംഘടനയെയും മന്ത്രി അഭിനന്ദിച്ചു.
ഗിണ്ടിയിലെ ചെന്നൈ ഐഐടി കാമ്പസ് സന്ദര്‍ശിച്ച മന്ത്രി, ഐഐടിയുടെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസ് 2025 എന്ന പ്രദര്‍ശനത്തിലും സംവാദത്തിലും പങ്കെടുത്തു. ലോകത്ത് ഏറ്റവും കൂടുതല്‍ വൈദഗ്ധ്യമുള്ള യുവാക്കള്‍ ഭാരതത്തിലാണെന്നും രാജ്യത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവില്‍ രാജ്യത്ത് അഞ്ച് സെമികണ്ടക്ടര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഈ വര്‍ഷം അവസാനത്തോടെ ഭാരതത്തില്‍ നിര്‍മിച്ച ആദ്യത്തെ സെമികണ്ടക്ടര്‍ പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മത്സരവിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ നല്കി. ചെന്നൈ ഐഐടി ഡയറക്ടര്‍ ഡോ. കാമകോടിയും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക