US

കുപ്രസിദ്ധ അന്താരാഷ്‌ട്ര മാഫിയ സംഘമായ വെനസ്വേലന്‍ തടവുകാരെ എല്‍ സാവദോറിലേക്ക് നാടുകടത്തി അമേരിക്ക

Published by

വാഷിംഗ്ടൺ: കോടതി ഉത്തരവ് മറികടന്ന് വെനസ്വേലന്‍ തടവുകാരെ എല്‍ സാവദോറിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം. കുപ്രസിദ്ധ അന്താരാഷ്‌ട്ര മാഫിയ സംഘമായ ‘ട്രെന്‍ ദെ അരാഗ്വ’ സംഘത്തില്‍ പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 238 പേരെയാണ് അമേരിക്ക നാടുകടത്തിയത്. എല്‍ സാവദോറിലെ കുപ്രസിദ്ധ ജയിലായ ടെററിസം കണ്‍ഫൈന്‍മെന്റ് സെന്ററിലേക്കാണ് ഇവരെ മാറ്റിയത്. ഇവര്‍ക്കൊപ്പം എം.എസ്-13 എന്ന അന്താരാഷ്‌ട്ര മാഫിയ ഗാങ്ങില്‍ പെട്ടവരെന്ന് സര്‍ക്കാര്‍ പറയുന്ന 23 പേരെയും എല്‍ സാവദോറിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവരെ രാജ്യത്തേക്ക് കൊണ്ടുവന്ന കാര്യം എല്‍ സാവദോര്‍ പ്രസിഡന്റാണ് വെളിപ്പെടുത്തിയത്. എന്നാല്‍ അമേരിക്കയോ എല്‍ സാവദോറോ നാടുകടത്തപ്പെട്ടവരുടെ കുറ്റകൃത്യ പശ്ചാത്തലങ്ങളേപ്പറ്റി വെളിപ്പെടുത്തിയിട്ടില്ല. അമേരിക്ക യുദ്ധത്തിലേര്‍പ്പെടുന്ന സമയത്ത് മാത്രം ഉപയോഗിച്ചിരുന്ന ഫോറിന്‍ എനിമീസ് ആക്ട് ഉപയോഗിച്ചാണ് ഇവരെ നാടുകടത്തിയത്. ഇതിനെതിരെ ഫെഡറല്‍ കോടതി ഉത്തരവിറക്കിയിരുന്നുവെങ്കിലും അതിനുമുമ്പുതന്നെ ഇവരേയും വഹിച്ചുകൊണ്ടുള്ള വിമാനം അമേരിക്കയില്‍ നിന്ന് പറന്നുയര്‍ന്നിരുന്നു.

ഒരുവര്‍ഷത്തേക്ക് ഇവരെ ജയിലില്‍ പാര്‍പ്പിക്കുമെന്നും വേണ്ടിവന്നാല്‍ തടവ് കാലം വര്‍ധിപ്പിക്കുമെന്നും എല്‍ സാവദോര്‍ പ്രസിഡന്റ് വ്യക്തമാക്കി. ഇവരെ ജയിലില്‍ പാര്‍പ്പിക്കാനുള്ള ചെലവ് അമേരിക്ക വഹിക്കും. അമേരിക്കയെ സംബന്ധിച്ചിടത്തോളം അത് ചെറിയ തുകയാണെങ്കിലും തങ്ങള്‍ക്കത് വലിയ തുകയാണെന്ന് അദ്ദേഹം സമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by