ടെഹ്റാൻ : ഇസ്ലാമിക മൗലികവാദത്തിന്റെ പാത പിന്തുടരുന്ന ഇറാൻ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിരന്തരം അടിച്ചമർത്താൻ ശ്രമിക്കുന്നത് എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സ്ത്രീകൾ ബുർഖ ധരിക്കുന്നതും ഹിജാബ് ഉപയോഗിക്കുന്നതും നിലനിർത്താൻ ഭരണകൂടം കിടഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇപ്പോഴിത ഇതിനായി പുതിയ തന്ത്രങ്ങൾ സ്വീകരിച്ചിരിക്കുകയാണ് ഇറാൻ.
ഒരു സ്ത്രീ ഹിജാബ് ധരിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ ഭരണകൂടം സിസിടിവി, ഡ്രോൺ ക്യാമറ, നാസർ ആപ്പ് എന്നിവ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഐക്യരാഷ്‌ട്രസഭ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകളെ നിരീക്ഷിക്കുന്നതിലും ശിക്ഷിക്കുന്നതിലും ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ‘നാസർ’ ആപ്പാണെന്ന് യുഎൻ റിപ്പോർട്ട് പറയുന്നു. ഈ ആപ്പിനെ ഇറാൻ സർക്കാർ പിന്തുണയ്ക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇറാൻ ആസൂത്രിതമായ മനുഷ്യാവകാശ ലംഘനവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണ് ചെയ്യുന്നതെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഇതോടൊപ്പം സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യം വച്ചുള്ള ഇറാനിയൻ സർക്കാരിനെ യുഎൻ വിമർശിച്ചു.
ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച്, നാസർ ആപ്പ് വഴി ഇത്തരം സ്ത്രീകളുടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്, സ്ഥലം, സമയം എന്നിവ അപ്‌ലോഡ് ചെയ്തുകൊണ്ട് ആളുകൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയും. ഇതിനുശേഷം ഉടൻ തന്നെ പോലീസിന് ഒരു മുന്നറിയിപ്പ് അയയ്‌ക്കും. അതിനുശേഷം ഹിജാബ് ധരിക്കാത്ത ഏതൊരു സ്ത്രീക്കോ പെൺകുട്ടിക്കോ എതിരെ ഇറാനിയൻ പോലീസിന് നടപടിയെടുക്കാൻ സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രത്യേകത.
ഈ ആപ്പിന് പുറമേ ഇറാനിലെ ഇസ്ലാമിക മതമൗലികവാദ സർക്കാർ FARAJA വെബ്‌സൈറ്റ് വഴി നിയമവുമായി ബന്ധിപ്പിച്ചുകൊണ്ട് ഹിജാബ് കർശനമായി നടപ്പിലാക്കുന്നതിനായി ഈ ആപ്പിന്റെ വ്യാപ്തി വിപുലീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ആംബുലൻസുകൾ, ടാക്സികൾ, പൊതുഗതാഗതം എന്നിവയിലെ യാത്രയും ഉൾപ്പെടുത്തി അതിന്റെ ശ്രേണി വിപുലീകരിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിലെ നിയന്ത്രണം കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
ഇതിനു പുറമേ ഇറാൻ ഗവൺമെന്റ് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. സ്ത്രീകൾ നിർബന്ധിത ഹിജാബ് നിയമങ്ങൾ പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഡ്രോണുകൾ വഴി ഇറാനിലെ പ്രദേശങ്ങൾ നിരീക്ഷിക്കാനാകും. ഈ ഡ്രോണുകൾ ടെഹ്‌റാനിലും തെക്കൻ പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. 2022-ൽ ബുർഖ ധരിക്കാത്തതിനെ തുടർന്ന് പോലീസിന്റെ മർദ്ദനത്തിൽ മഹ്‌സ അമിനി എന്ന യുവതി മരിച്ചതിനെ തുടർന്ന് രാജ്യവ്യാപകമായി ഉണ്ടായ പ്രതിഷേധങ്ങളെ ഇറാൻ സർക്കാർ ഭയപ്പെടുകയും തുടർന്ന് സ്ത്രീകളെ അടിച്ചമർത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക