News

”നരേന്ദ്രമോദിയെ രൂപപ്പെടുത്തിയത് ആര്‍എസ്എസ് ” ; ആര്‍എസ്എസിനെപ്പറ്റി വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published by

നരേന്ദ്രമോദിയെന്ന വ്യക്തിയെ രൂപപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലെക്‌സ് ഫ്രെഡ്മാനുമായി നടത്തിയ സുദീര്‍ഘമായ പോഡ്കാസ്റ്റ് ഇന്റര്‍വ്യൂവിലാണ് എട്ടാം വയസ്സില്‍ ആര്‍എസ്എസില്‍ ചേര്‍ന്നതും സംഘം സമൂഹത്തില്‍ ഏതു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നതും പ്രധാനമന്ത്രി വിശദീകരിച്ചത്.

” ചെറുപ്പം മുതല്‍ ആളുകളുമായി ഇടപെടുന്നതില്‍ എനിക്കിഷ്ടമായിരുന്നുു. എന്റെ ഗ്രാമത്തില്‍ ആര്‍എസ്എസിന്റെ ശാഖ നടക്കുന്നുണ്ടായിരുന്നു. ശാഖയില്‍ പാടുന്ന ദേശഭക്തി ഗാനങ്ങള്‍ എന്നെ ആഴത്തില്‍ ആകര്‍ഷിച്ചു. എന്നില്‍ എന്തൊക്കെയോ അതിലൂടെ ലഭിച്ചു. അങ്ങനെയാണ് ഞാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറിയത്. നിങ്ങള്‍ എന്തു ചെയ്താലും അത് രാഷ്‌ട്രത്തിന് ഗുണകരമായി മാറണം എന്ന പാഠം പഠിപ്പിച്ചത് ആര്‍എസ്എസ് ശാഖയില്‍ നിന്നാണ്. നിങ്ങള്‍ വിദ്യ അഭ്യസിച്ചാല്‍ അതുകൊണ്ട് രാജ്യത്തിന് ഗുണമുണ്ടാകണം, നിങ്ങള്‍ ശാരീരിക വ്യായാമം ചെയ്താല്‍ അതുവഴി ആരോഗ്യമുള്ള ജനതയെ സൃഷ്ടിച്ച് രാജ്യത്തെ ശക്തിപ്പെടുത്തണം, ഇതാണ് സംഘം നമ്മെ പഠിപ്പിക്കുന്നത്. ആര്‍എസ്എസ് ഇന്ന് വളരെ വലിയ ഒരു പ്രസ്ഥാനമാണ്്. സംഘം അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇത്രയും വലിയ സന്നദ്ധ സംഘടന ഇന്ന് ലോകത്ത് എവിടെയുമില്ല. ലക്ഷക്കണക്കിന് ആളുകളാണ് സംഘവുമായി ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആര്‍എസ്എസിനെ മനസ്സിലാക്കുക അത്ര എളുപ്പമല്ല. ആളുകള്‍ സംഘത്തെപ്പറ്റി ശരിയായി പഠിക്കാന്‍ തയ്യാറാവണം. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന് പഠിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. രാഷ്‌ട്രമാണ് എല്ലാം, ജനങ്ങളെ സേവിക്കുകയാണ് ദൈവത്തെ പ്രാര്‍ത്ഥിക്കുന്നതിന് തുല്യമായ പ്രവൃത്തി, ഇതാണ് സംഘം പഠിപ്പിക്കുന്നത്. വേദകാലഘട്ടം മുതലുള്ള നമ്മുടെ സംസ്‌ക്കാരവും ഇതു തന്നെയാണ് പറയുന്നത്. സംന്യാസിമാര്‍ പഠിപ്പിച്ചതും വിവേകാനന്ദ സ്വാമി പറഞ്ഞതും ആര്‍എസ്എസ് പരിശീലിപ്പിക്കുന്നതും ഒന്നുതന്നെയാണ്. ഗണവേഷമിട്ടു ഒരു മണിക്കൂര്‍ നടക്കുന്ന ശാഖയില്‍ പങ്കെടുക്കുന്നതു മാത്രമല്ല സംഘം നമുക്ക് നല്‍കുന്നത്, നാം എന്താണ് സമൂഹത്തിന് വേണ്ടി ചെയ്യേണ്ടത് എന്ന ബോധ്യവും കൂടിയാണ്.
കുറച്ചു സംഘപ്രവര്‍ത്തകര്‍ ചേര്‍ന്ന് സേവാഭാരതി രൂപീകരിച്ചത് പാവപ്പെട്ട ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കാനാണ്. ഇന്ന് രാജ്യത്ത് ഒന്നേകാല്‍ ലക്ഷത്തിലധികം സേവാപദ്ധതികളാണ് സര്‍ക്കാര്‍ സഹായങ്ങളൊന്നുമില്ലാതെ സേവാഭാരതി നടത്തുന്നത്. വനവാസി കല്യാണ ആശ്രമം എന്ന സംഘടനയിലൂടെ ഗിരിവര്‍ഗ്ഗ ജനങ്ങള്‍ക്ക് സംഘപ്രവര്‍ത്തകര്‍ സേവനം നല്‍കുന്നു. 70,000 ഏകാധ്യാപക സ്‌കൂളുകളാണ് വനവാസി കല്യാണാശ്രമം രാജ്യത്തെ ഉള്‍വനങ്ങളിലെ ഗിരിവര്‍ഗ്ഗ ജനവിഭാഗങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്നത്. വിദ്യാഭ്യാസ രംഗത്തെ വലിയ മാറ്റങ്ങള്‍ക്കായി സംഘപ്രവര്‍ത്തകര്‍ വിദ്യാഭാരതി ആരംഭിച്ചു. ഇന്ന് 25,000ത്തോളം സ്‌കൂളുകളാണ് വിദ്യാഭാരതി നടത്തുന്നത്. 30 ലക്ഷത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുറഞ്ഞ ചിലവില്‍ ഗുണാത്മക വിദ്യാഭ്യാസം രാജ്യത്തെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് നല്‍കാനായി. വിദ്യാഭാരതി സ്‌കൂളുകളില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ ഒരിക്കലും സമൂഹത്തിന് ബാധ്യതയായി മാറാതെ രാജ്യവികസനത്തിനായി പ്രവര്‍ത്തിക്കുന്നു. വനിതകള്‍, യുവാക്കള്‍, തൊഴിലാളികള്‍ എന്നിങ്ങനെ എല്ലാ മേഖലയിലും ആര്‍എസ്എസ് വളരെ വലിയ പങ്കുവഹിക്കുന്നു. രാജ്യത്ത് 50,000 തൊഴിലാളി യൂണിയനുകളുണ്ട്. ഏറ്റവും വലിയ തൊഴിലാളി സംഘടന സംഘത്തിന്റേതാണ്. തൊഴിലാളികള്‍ സംഘടിക്കൂ എന്ന് കമ്യൂണിസ്റ്റ് തൊഴിലാളിസംഘടനകള്‍ അടക്കം പറയുമ്പോള്‍ തൊഴിലാളികള്‍ ലോകത്തെ ഒന്നാക്കുന്നു എന്നാണ് ആര്‍എസ്എസിന്റെ തൊഴിലാളി സംഘടന മുന്നോട്ട് വെയ്‌ക്കുന്ന കാഴ്ചപ്പാട്. വലിയ പ്രത്യയശാസ്ത്ര കാഴ്ചപ്പാടാണ് എല്ലാ മേഖലകളിലും സംഘം മുന്നോട്ട് വെയ്‌ക്കുന്നത്.
സമൂഹത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാതെ ആത്മസമര്‍പ്പണത്തോടെയാണ് സംഘപ്രവര്‍ത്തകര്‍ ഈ നൂറുവര്‍ഷവും രാജ്യത്ത് പ്രവര്‍ത്തിച്ചത്. സംഘമെന്ന പുണ്യസംഘടനയില്‍ നിന്നാണ് എനിക്ക് ജീവിതത്തിന്റെ മൂല്യങ്ങള്‍ ലഭിച്ചത് എന്നത് അനുഗ്രഹമായി കരുതുന്നു. സംഘത്തിലൂടെയാണ് ജീവിതത്തിന് ലക്ഷ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടൊപ്പം സംന്യാസിമാര്‍ക്കൊപ്പമുള്ള ജീവിതം ആത്മീയമായ അടിത്തറയും നല്‍കി. എന്നെ രൂപപ്പെടുത്തിയതില്‍ ആര്‍എസ്എസിന് വലിയ പങ്കുണ്ട്” പ്രധാനമന്ത്രി സംഘത്തെപ്പറ്റി വിശദീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by