News

ലാലുപ്രസാദിന്റെ മകന് വേണ്ടി നൃത്തം ചെയ്ത കോണ്‍സ്റ്റബിളിനെ മാറ്റി പാട്‌ന പോലീസ്

Published by

പാട്‌ന: ഹോളി ആഘോഷത്തിനിടെ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ ഉത്തരവ് പ്രകാരം നൃത്തം ചെയ്ത പോലീസ് കോണ്‍സ്റ്റബിളിനെ ചുമതലകളില്‍ നിന്ന് നീക്കി. കോണ്‍സ്റ്റബിള്‍ ദീപക് കുമാറിനെയാണ് തേജ് പ്രതാപ് എംഎല്‍എയുടെ ഗണ്‍മാന്‍ ചുമതലകളില്‍ നിന്ന് പിന്‍വലിച്ചത്. നൃത്തം ചെയ്യുന്ന ദീപക് കുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ത്തു. ഇതേ തുടര്‍ന്നാണ് ദീപക്കിനെ മാറ്റി പാട്‌ന പോലീസിന്റെ നടപടി.

ദീപക് കുമാറിനെ ഭീഷണിപ്പെടുത്തി നൃത്തം ചെയ്യിക്കുകയായിരുന്നുവെന്ന വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. നൃത്തം ചെയ്തില്ലെങ്കില്‍ സസ്‌പെന്റ് ചെയ്യുമെന്ന് ലാലുപ്രസാദിന്റെ മകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഹോളിയാണെന്നും ഇന്ന് നൃത്തം ചെയ്തില്ലെങ്കില്‍ നിങ്ങളെ സസ്‌പെന്റ് ചെയ്യുമെന്നുമായിരുന്നു തേജ് പ്രതാപിന്റെ വാക്കുകള്‍. പോലീസുകാരനെകൊണ്ട് നൃത്തം ചെയ്യിച്ച ലാലുവിന്റെ മകന്റെ നടപടിക്കെതിരെ ബിജെപി ശക്തമായി പ്രതിഷേധിച്ചു. ഭരണഘടനാ പദവികളെ ബഹുമാനിക്കാതിരിക്കുകയെന്നതും നിയമം ലംഘിക്കുകയെന്നതും ആര്‍ജെഡിയുടെ രീതിയാണെന്നും അവരുടെ രീതികള്‍ ഒരുകാലത്തും മാറില്ലെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി വിജയ്കുമാര്‍ സിന്‍ഹ വിമര്‍ശിച്ചു. അച്ഛനെപ്പോലെ തന്നെ മകനും എന്നാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനേവാലയുടെ പ്രതികരണം. ലാലു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയമത്തെ മുഴുവന്‍ നൃത്തം ചെയ്യിച്ചു, ഇപ്പോള്‍ ഭരണമില്ലെങ്കിലും മകനും അതു തന്നെ ചെയ്യുന്നു. ബീഹാര്‍ മാറിയെങ്കിലും ആര്‍ജെഡിക്കാര്‍ക്ക് മാറ്റമില്ലെന്നും പൂനേവാല കുറ്റപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by