തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ ഹെക്സ്20, യുഎസ് ലോഞ്ച് പ്രൊവൈഡറായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷനുമായി (സ്പേസ്എക്സ്) ചേര്‍ന്ന് തങ്ങളുടെ ആദ്യ ഉപഗ്രഹമായ ‘നിള’യുടെ വിക്ഷേപണത്തിന് മുന്നോടിയായി മേനംകുളം മരിയന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഉപഗ്രഹ നിയന്ത്രണ കേന്ദ്രം തുറന്നു.
സ്വകാര്യ മേഖലയില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമായ ‘നിള’ ട്രാന്‍സ്പോര്‍ട്ടര്‍-13 ദൗത്യത്തിലാണ് വിക്ഷേപിക്കുന്നത്. ഈ ദൗത്യത്തിലൂടെ ഹെക്സ്20 ഹോസ്റ്റഡ് പേലോഡ് സൊല്യൂഷനുകളുടെ തുടക്കം കുറിക്കും.
കേരളത്തിന്റെ സാംസ്കാരിക പ്രാധാന്യമുള്ള നദിയായ നിളയുടെ പേരാണ് ഈ ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. ടെക്നോപാര്‍ക്കിലെ ‘നിള’ കെട്ടിടത്തിലാണ് ഹെക്സ്20യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), കെസ്പേസ് സിഇഒ ജി. ലെവിന്‍, മരിയന്‍ എഞ്ചിനീയറിംഗ് കോളേജ് മാനേജര്‍ ഡോ. എ.ആര്‍ ജോണ്‍, മരിയന്‍ എഞ്ചിനീയറിംഗ് കോളേജിലെ ബര്‍സര്‍ ഫാ. ജിം കാര്‍വിന്‍ റോച്ച്, ഡീന്‍ ഡോ. സാംസണ്‍ എ, പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ നിസാര്‍, ഹെക്സ്20 സഹസ്ഥാപകരും ഡയറക്ടര്‍മാരുമായ എം.ബി അരവിന്ദ്, അനുരാഗ് രഘു, ഹെക്സ്20 ജീവനക്കാര്‍ എന്നിവര്‍ ഉപഗ്രഹ നിയന്ത്രണ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഏകദേശം നാല് മാസത്തെ പ്രവര്‍ത്തനത്തിലൂടെ ഉപഗ്രഹം കൃത്യസമയത്ത് വിക്ഷേപിക്കാന്‍ പ്രാപ്തമായതോടെ പദ്ധതി സുപ്രധാന നാഴികക്കല്ല് പൂര്‍ത്തീകരിച്ചതായി എം.ബി അരവിന്ദ് പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്‍റര്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, വയര്‍ലെസ് പ്ലാനിംഗ് ആന്‍ഡ് കോര്‍ഡിനേഷന്‍ എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട റെഗുലേറ്ററി സ്ഥാപനങ്ങളുടെ പിന്തുണയോടെയാണിത്. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് എസ്എഫ്ബിയില്‍ നിന്നുള്ള ട്രാന്‍സ്പോര്‍ട്ടര്‍ 13 ദൗത്യത്തോടൊപ്പം സ്പേസ് എക്സിന്റെ വിക്ഷേപണ വാഹനമായ ഫാല്‍ക്കണ്‍ 9 ലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നതെന്ന് അരവിന്ദ് അറിയിച്ചു.
സാറ്റലൈറ്റ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോളിനായി മരിയന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഗ്രൗണ്ട് സ്റ്റേഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉപഗ്രഹത്തില്‍ നിന്നുള്ള ഡാറ്റ ഗ്രൗണ്ട് സ്റ്റേഷനില്‍ ലഭിക്കും. ഗ്രൗണ്ട് സ്റ്റേഷന്‍ സൗകര്യം പ്രവര്‍ത്തിപ്പിക്കുന്നതില്‍ കോളേജിലെ ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
ഹെക്സ്20 യുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപസംവിധാനങ്ങളെയും ജര്‍മ്മന്‍ കമ്പനിയായ ഡിക്യൂബ്ഡ്ല്‍ നിന്നുള്ള ഇന്‍-ഓര്‍ബിറ്റ് ഡെമോണ്‍സ്ട്രേഷനുള്ള പേലോഡിനെയും നിള ദൗത്യം സാധ്യമാക്കും.
അടുത്ത വര്‍ഷാവസാനം ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനത്തില്‍ ഹെക്സ്20 യുടെ 50 കിലോഗ്രാം ഉപഗ്രഹം വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നതായി അനുരാഗ് രഘു പറഞ്ഞു. ഉയര്‍ന്ന പ്രകടന ശേഷിയുള്ളതും ഇഷ്ടാനുസൃതമാക്കാവുന്നതുമായ ബഹിരാകാശ പേടകങ്ങളും ഘടകങ്ങളും ഹെക്സ്20 വാഗ്ദാനം ചെയ്യുന്നു. ഫ്ലാറ്റ്സാറ്റുകളിലൂടെയും കപ്പാസിറ്റി ബില്‍ഡിംഗ് പരിപാടികളിലൂടെയും ആഗോളതലത്തില്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ ദൗത്യ സാങ്കേതിക നിര്‍മ്മാണ രംഗത്തെ പ്രമുഖ ജാപ്പനീസ് കമ്പനിയായ ഐസ്പേസ് ഐഎന്‍സിയുമായി ഹെക്സ്20 സഹകരണത്തില്‍ ഏര്‍പ്പെട്ടു. 2023 ഒക്ടോബറില്‍ അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74-ാമത് ഇന്‍റര്‍നാഷണല്‍ ആസ്ട്രോനോട്ടിക്കല്‍ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചത്. ഉപഗ്രഹ വിക്ഷേപണത്തില്‍ സംയോജിത സാങ്കേതിക വൈദഗ്ധ്യവും പ്രാദേശിക ശൃംഖലയും പ്രയോജനപ്പെടുത്തുകയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, യുഎസ്എയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയുടെ ലബോറട്ടറി ഫോര്‍ അറ്റ്മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സ് തുടങ്ങിയ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.
ബഹിരാകാശ സാങ്കേതിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി ഹെക്സ്20 അത്യാധുനിക ഗവേഷണ-വികസന സൗകര്യം ടെക്നോപാര്‍ക്കില്‍ സ്ഥാപിച്ചു. ഈ വര്‍ഷം ഒന്നിലധികം ഉപഗ്രഹങ്ങളുടെ വികസനത്തെ പിന്തുണയ്‌ക്കുന്നതിനായി ലാബ് സൗകര്യങ്ങള്‍ വികസിപ്പിക്കാനും പദ്ധതിയിടുന്നു. സംസ്ഥാനത്തെ ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ നവീകരണം, സഹകരണം, മികവ് തേടല്‍ എന്നിവയ്‌ക്ക് വലിയ സംഭാവന നല്‍കാന്‍ ഹെക്സ്20 ന് സാധിക്കും. ഓസ്ട്രേലിയ, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഹെക്സ്20 ഐഎസ്ആര്‍ഒ ദൗത്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ആഭ്യന്തര നിര്‍മ്മാണ ശൃംഖലയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: