കോട്ടയം: കോട്ടയത്ത് ജനിച്ച്, കോട്ടയത്ത് വളര്‍ന്ന് കോട്ടയത്തിന്റെ മണ്ണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വിശ്വപ്രസിദ്ധനായ സംവിധായകന് ജി. അരവിന്ദന്, സിനിമയെ ആത്മചോദനയുടെ ആവിഷ്കാരമാക്കി മാറ്റിയെന്ന് എഴുത്തുകാരനും
ചിന്തകനുമായ ഫാ. ബോബി ജോസ് കട്ടിക്കാട്. അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ അരവിന്ദന് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അരവിന്ദന് ചിത്രങ്ങളിലെ അന്പും മനുഷ്യത്വവും കാലാതീതമായി ചിന്തനീയങ്ങളാണ്. എസ്തപ്പാനും കുമ്മാട്ടിയും മറ്റും നല്കുന്ന ജീവിത സന്ദേശങ്ങള്‍ എന്നും പ്രസക്തം. മിസ്റ്റിസിസത്തെ അരവിന്ദന് ജീവിതഗന്ധിയാക്കി അവതരിപ്പിച്ചു. ജീവിത മാര്‍ഗങ്ങളില്‍ കാണുന്ന യാഥാര്‍ത്ഥ്യം അതേപടി ആസ്വാദ്യകരവും പഠനാത്മകവുമാക്കി അരവിന്ദന്. പഠിച്ചു കൊണ്ടേയിരിക്കാവുന്ന സിനിമകളാണ് അരവിന്ദന് നമുക്ക് നല്‍കിയത്. നിശബ്ദതയെ രേഖപ്പെടുത്തിയ കലാകാരനായിരുന്നു. നിസ്സഹായരോടൊപ്പം നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. അത്തരത്തിലുള്ള മനുഷ്യരെ മുന്‍പിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. ചിദംബരത്തിലൂടെ അത് ഉച്ചത്തില്‍ പറയുകയായിരുന്നു അദ്ദേഹം. ആരവങ്ങളുടെ ശൂന്യത അദ്ദേഹത്തിന്റെ ചിത്രത്തില്‍ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു. നിശബ്ദതയില്‍ നല്ല സംഗീതങ്ങളുണ്ടാകുന്നു, ആ സംഗീതത്തെ അവതരിപ്പിച്ച മഹാനാണ് അദ്ദേഹം. ഫാ. കട്ടിക്കാട് പറഞ്ഞു.
കോട്ടയം സ്വദേശിയായ തന്റെ ദീര്‍ഘകാല സിനിമാ ജീവിതത്തില്‍ അരവിന്ദന് എന്ന കോട്ടയം സ്വദേശി നല്കിയ ഊര്‍ജ്ജം മറക്കാനാവാത്തതാണെന്ന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രമുഖ നടന് പ്രേംപ്രകാശ് അഭിപ്രായപ്പെട്ടു. അരവിന്ദന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചില്ല എന്നത് തനിക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ അനുസ്മരിക്കാന്‍ ദേശീയ ഹ്രസ്വ ചലച്ചിത്രമേള തന്നെ സംഘടിപ്പിച്ച തമ്പ് ഫിലിം സൊസൈറ്റി അഭിനന്ദനമര്‍ഹിക്കുന്നു. പ്രേംപ്രകാശ് പറഞ്ഞു. അരവിന്ദന് കലയെ ഏകത്വത്തിനുള്ള ഉപാധിയാക്കിയെന്ന് ജി. അരവിന്ദന്റ സഹയാത്രികനായ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. വിദ്വേഷത്തിന് വിരുദ്ധമായ ഒരു ദര്‍പ്പണം അരവിന്ദന് കൊണ്ടുനടന്നു. അതാണ് കലാകാരന്റെ കടമ എന്നദ്ദേഹം കരുതി.
സിനിമയിലൂടെ സത്യം തുറന്നു പറയാന്‍ ധൈര്യം കാണിച്ച വ്യക്തിത്വമായിരുന്നു അരവിന്ദനെന്ന് തമ്പ് ഫിലിം സൊസൈറ്റി ഡയറക്ടര്‍ വിജയകൃഷ്ണന് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അരവിന്ദന്റെ ജീവിതശേഷമാണ് അദ്ദേഹത്തെയും സിനിമകളെയും പറ്റി ലോകം അറിഞ്ഞു വന്നതും ജനശ്രദ്ധ നേടിയതും. ഡോ. പ്രമീളാദേവി സ്വാഗതവും കെ. ആര്. അനൂപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: