Main Article

അറിയണം, തുഷാര്‍ ഗാന്ധിയെന്ന രാജ്യദ്രോഹിയെ

Published by

രു അമേരിക്കന്‍ കമ്പനിയുടെ ക്രെഡിറ്റ് കാര്‍ഡ് പരസ്യത്തിനുപയോഗിക്കാന്‍, ലോകാരാധ്യനായ മഹാത്മാ ഗാന്ധിയുടെ ചിത്രം വിറ്റയാളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ്- ഇസ്ലാമിസ്റ്റുകള്‍ക്കിപ്പോള്‍ വീര പുരുഷനായി മാറിയിരിക്കുന്ന തുഷാര്‍ ഗാന്ധി. ഇതിനായി അമേരിക്കന്‍ മാര്‍ക്കറ്റിങ് കമ്പനിയായ സിഎംജി വേള്‍ഡ് വൈഡുമായി 2001 ല്‍ വന്‍ തുകകള്‍ തുഷാര്‍ വിലപേശി ഉറപ്പിച്ചുവെങ്കിലും ഭാരതത്തിലുയര്‍ന്ന പ്രതിഷേധങ്ങളെ ഭയന്ന് പിന്മാറേണ്ടി വന്നു.

തീര്‍ന്നില്ല, ഭാരത വിരുദ്ധനായി അറിയപ്പെടുന്ന അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനും പാര്‍ലമെന്റ് അംഗവുമായ രോഹിത് ഖന്നയുടെ 2023 ലെ ഭാരത സന്ദര്‍ശനത്തില്‍ കൂടിക്കാഴ്ച നടത്തിയ വ്യക്തികളിലൊരാളായിരുന്നു തുഷാര്‍. ദല്‍ഹി കലാപാസൂത്രണത്തിന്റെ പേരില്‍ ജയില്‍വാസമനുഭവിക്കുന്ന ഉമര്‍ ഖാലിദിന്റെ പിതാവ്, മണിപ്പൂര്‍ കലാപത്തില്‍ പങ്കാളികളായ കുക്കി നേതാക്കന്മാര്‍, ഹരിയാനയിലെ നുഹില്‍ 2023 ജൂലൈ 31 ന് നടന്ന ഹിന്ദു ബ്രിജ്മണ്ഡല്‍ ജലാഭിഷേക് ശോഭാ യാത്രയ്‌ക്കിടെ ആയുധധാരികളായ മുസ്ലീം ജനക്കൂട്ടം ഭക്തരെ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തിന് കാരണക്കാരായ മുസ്ലിം മത മൗലികവാദികള്‍ എന്നിവരുമായും ഖന്ന അന്ന് കൂടിക്കാഴ്ച നടത്തി. പാക് ജമാ അത്ത് ഇസ്ലാമി അമേരിക്കയിലെ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കായി രൂപം നല്‍കിയ പ്രവാസി സംഘടനയായ ‘ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍’ അംഗങ്ങളുടെ പരസ്യ പിന്തുണ ഖന്നയുടെ ഭാരത സന്ദര്‍ശനത്തിനുണ്ടായിരുന്നു. അവരുടെ പ്രതിനിധികളുമായും ഖന്നയും സംഘവും കൂടിക്കാഴ്ച നടത്തി. യുഎസ് പാര്‍ലമെന്റിലെ പാകിസ്ഥാന്‍ വംശജരായിട്ടുള്ള അംഗങ്ങളുടെ ‘അമേരിക്കന്‍ കോണ്‍ഗ്രസ്ണല്‍ കോക്കസ്’ എന്ന കൂട്ടായ്മയില്‍ 2019 മുതല്‍ അംഗമാണ് ഖന്ന. ഇതിലംഗമായ ആദ്യ ഭാരത വംശജനാണ് അദ്ദേഹം. ഖന്നയും പ്രതിനിധി സംഘത്തിലെ മറ്റ് ചില യുഎസ് പാര്‍ലമെന്റ് അംഗങ്ങളും രാഹുല്‍ ഗാന്ധിയുമായി സ്വകാര്യ കൂടിക്കാഴ്ചയ്‌ക്ക് ശ്രമിച്ചിരുന്നു. പക്ഷെ, ഭാരത വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല. ഇവരുമായി കൂടിക്കാഴ്ച നടത്തിയ തുഷാര്‍, ഭാരതത്തിലെ സാഹചര്യങ്ങള്‍ ഖന്നയെ ധരിപ്പിച്ചുവെന്ന കുറിപ്പോടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഭാരത വിരുദ്ധ ശൃംഖലയിലെ മുഖ്യകണ്ണി

വിദേശ ശക്തികളുമായി ചേര്‍ന്ന് ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരമേര്‍പ്പെടുന്ന ഇടത് ആക്ടിവിസ്റ്റ് തീസ്ത സെതല്‍വാദുമായി ചേര്‍ന്ന് 2023 ആഗസ്തില്‍ ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനത്തിന്റെ വാര്‍ഷിക ദിനത്തില്‍ തുഷാര്‍ ഗാന്ധി നടത്താനിരുന്ന മാര്‍ച്ച് മുംബൈ പോലീസ് വിലക്കി. ഇരുവരെയും തടവിലുമാക്കി. മധു മൊഹിതെ, ഫിറോസ് മിതിബോര്‍വാല, ഗുഡ്ഡി എസ്.എല്‍ തുടങ്ങിയ അര്‍ബന്‍ നക്‌സലുകളായിരുന്നു ഈ രാജ്യവിരുദ്ധ മാര്‍ച്ചിന്റെ മുഖ്യ സംഘാടകര്‍. ഇസ്ലാമിക ഭീകരവാദത്തോട് അനുകൂല നിലപാടുള്ള വ്യക്തിയാണ് ഫിറോസ് മിതിബോര്‍വാല. ഭാരതീയര്‍ പലസ്തീന്‍ അനുകൂല നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി 120 പേരടങ്ങുന്ന സംഘവുമായി ‘ഗാസ കോണ്‍വോയ്’ എന്ന പേരില്‍ 2010 ല്‍ നടത്തിയ ഗാസ യാത്രയുടെ സഹസംഘാടകനായിരുന്നു ഇയാള്‍. 2009 ലെ മുംബൈ ഭീകരാക്രമണം അമേരിക്ക- ഇസ്രായേല്‍ സൃഷ്ടിയാണെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചത്. കടുത്ത ഇസ്രായേല്‍-യുഎസ് വിരുദ്ധനായ ഫിറോസിനെ ഹിലരി ക്ലിന്റന്റെ ഭാരത പര്യടനത്തിനു തൊട്ടു മുന്‍പ് 2009 ല്‍ യുപിഎ സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയിരുന്നു.

അമേരിക്കന്‍ വ്യവസായി ജോര്‍ജ് സൊറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന് വേണ്ടി ഭാരതത്തെ ‘ഫാസിസ്റ്റ് രാഷ്‌ട്ര’മായി ചിത്രീകരിക്കുന്നതിനായി 2016 മുതല്‍ വിദേശ രാജ്യങ്ങളില്‍ സെമിനാറുകളും വാര്‍ത്തകളും ചര്‍ച്ചകളും നടത്തുന്ന ‘ഹിന്ദു ഫോര്‍ ഹയര്‍’ സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് തീസ്ത സെതല്‍വാദ്. ഈ സംഘടനയുടെ സഹസ്ഥാപകയായ സുനിതാ വിശ്വനാഥ് ‘ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്‌സ്’ എന്ന മറ്റൊരു ഹിന്ദു വിരുദ്ധ ആഖ്യാന നിര്‍മ്മാണ സ്ഥാപനം നടത്തുന്നതും ജോര്‍ജ് സോറോസിന് വേണ്ടിയാണ്. പാക് പിന്തുണയുള്ള ‘ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ 2020 ല്‍ സംഘടിപ്പിച്ച, തീസ്ത സെതല്‍വാദ് പങ്കെടുത്ത ഒരു സെമിനാറിന്റെ പേര് ‘ടെന്‍ സ്റ്റേജസ് ഓഫ് ജിനോസൈഡ് ആന്‍ഡ് ഇന്ത്യാസ് മുസ്ലിം’ അഥവാ ‘വംശഹത്യയുടെ പത്ത് ഘട്ടങ്ങളും ഇന്ത്യയിലെ മുസ്ലീങ്ങളു’ മെന്നതായിരുന്നു. രാജ്യത്തെ ശിഥിലമാക്കുകയെന്ന വിദേശ ശക്തികളുടെ അജണ്ട നടപ്പിലാക്കുകയെന്നതാണ് ഇക്കൂട്ടരുടെ ദൗത്യം. മുഹമ്മദ് സലിം എന്‍ജിനീയര്‍, റഷീദ് അഹമ്മദ്, ഋതുംബര മനുവി തുടങ്ങിയവരായിരുന്നു ഈ സെമിനാറില്‍ പങ്കെടുത്ത മറ്റുള്ളവര്‍. നെതര്‍ലന്‍ഡ് സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഋതുംബര. പാക് ജമാ-അത്ത് ഇസ്ലാമിയുടെ അമേരിക്കന്‍ ഘടകം 2020 ല്‍ ബ്രിട്ടന്‍ കേന്ദ്രമായി രൂപം നല്‍കിയ ‘ഫൗണ്ടേഷന്‍ ദി ലണ്ടന്‍ സ്റ്റോറി’ അഥവാ എഫ്ടിഎല്‍എസിന് ‘സ്റ്റിച്ചിങ് ദ ലണ്ടന്‍ സ്റ്റോറി’ യെന്ന പേരില്‍ നെതര്‍ലന്‍ഡില്‍ രൂപം നല്‍കിയത് ഋതുംബരയും ഇമ്രാന്‍ വാലി അഹമ്മദും ചേര്‍ന്നാണ്. 2023 മെയ് മാസത്തില്‍ യൂറോപ്പ് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ ബ്രസല്‍സില്‍ നടന്ന ഒരു പരിപാടി സംഘടിപ്പിച്ചത് ഈ സംഘടനയായിരുന്നു. സുനിത വിശ്വനാഥ് ഈ സ്ഥാപനത്തിന്റെ ഉപദേശ സമിതി അംഗമായിരുന്നു. ഇത്തരത്തില്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരുടെയും സംഘടനകളുടെയും പരിപാടികളിലെ സ്ഥിര സാന്നിധ്യമാണ് തുഷാര്‍.

‘റിട്ടേണ്‍ ടു പലസ്തീ’ന്റെ അംബാസിഡര്‍

2023 ല്‍ ലെബനില്‍ നടത്തിയൊരു ചടങ്ങില്‍ തുഷാര്‍ ഗാന്ധിയെ ‘റിട്ടേണ്‍ ടു പലസ്തീന്‍’ എന്ന ആഗോള പ്രസ്ഥാനത്തിന്റെ അംബാസിഡറായി ഇസ്ലാമിസ്റ്റുകള്‍ തെരെഞ്ഞെടുത്തിരുന്നു. പലസ്തീനിലേക്കുള്ള മുസ്ലിങ്ങളെ തിരികെയെത്തിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് ‘ബോയിക്കോട്ട്, ഡിസ്ഇന്‍വെസ്റ്റ്മെന്റ്, സാങ്ഷന്‍ അഥവാ ബിഡിഎസ് ‘ എന്ന ആഗോള ഇസ്ലാമിക നീക്കത്തിന്റെ ഭാഗമാണ്. പലസ്തീനെ പിന്തുണയ്‌ക്കാത്ത രാജ്യങ്ങളെ ബഹിഷ്‌കരിക്കുക, അവിടുത്തെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുക, ഉപരോധമേര്‍പ്പെടുത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത്തരത്തില്‍ ഇസ്രായേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുവാനും, നിക്ഷേപങ്ങള്‍ പിന്‍വലിക്കുവാനും, സാമ്പത്തിക രാഷ്‌ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും അമേരിക്ക കേന്ദ്രമായി ഇസ്ലാമിക സംഘടനകള്‍ നീക്കം നടത്തിയിരുന്നു. ‘അമേരിക്കന്‍ മുസ്ലീംസ് ഫോര്‍ പലസ്തീന്‍’, ‘സെന്റര്‍ ഫോര്‍ ഇസ്റ്റാം ആന്‍ഡ് ഗ്ലോബല്‍ അഫയേഴ്സ്’, ‘ജ്യൂയിഷ് വോയ്സ് ഫോര്‍ പീസ്’, ‘ഫ്രണ്ട്‌സ് ഓഫ് സബീല്‍ ഓഫ് നോര്‍ത്ത് അമേരിക്ക’ എന്നീ സംഘടനകളാണ് നേതൃത്വം നല്‍കിയത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകള്‍, അഭയാര്‍ത്ഥി ശൃംഖലകള്‍, വനിതാ സംഘടനകള്‍ തുടങ്ങിയ 120 ഓളം മുസ്ലിം സംഘടനകളാണ് ഇസ്രായേലിനെതിരെ 2005 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയത്. 2009 ല്‍ ‘ദി റസല്‍ ട്രിബൂണല്‍ ഓണ്‍ പലസ്തീന്‍’ എന്നൊരു അന്തര്‍ദേശീയ ട്രിബ്യൂണലിനു ബ്രസല്‍സില്‍ വെച്ച് ഇവര്‍ രൂപം നല്‍കി. മനുഷ്യാവകാശങ്ങളുടെ പേരില്‍ ഇസ്രായേലിനെതിരെ നിരന്തരം വാദങ്ങള്‍ നടത്തി ആഗോള തലത്തില്‍ ഇസ്രായേല്‍ വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ആഖ്യാനം ചമയ്‌ക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

സമാനമായി കശ്മീരിന്റെ പേരില്‍ മുസ്ലിം ബ്രദര്‍ഹുഡ്, ഖത്തര്‍, തുര്‍ക്കി, പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ശൃംഖല 2021 ല്‍ തന്നെ ബോസ്‌നിയ കേന്ദ്രീകരിച്ചു ഭാരതത്തിനെതിരെയുള്ള ബിഡിഎസ് പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി ‘റസല്‍ ട്രിബ്യൂണല്‍ ഓണ്‍ പലസ്തീനിന് സമാനമായി ‘റസല്‍ ട്രിബ്യൂണല്‍ ഫോര്‍ കശ്മീര്‍’ സ്ഥാപിക്കുകയുണ്ടായി. ഇതിന്റെ ആദ്യ കൂടിക്കാഴ്ച 2021 ഡിസംബര്‍ 17-19 തീയതികളില്‍ ബോസ്‌നിയയിലെ സരജേവോയിലും ഹെര്‍സഗോവിനയിലും നടന്നു. ‘വേള്‍ഡ് കശ്മീര്‍ അവയര്‍നസ് ഫോറം’, ‘പെര്‍മനന്റ് പീപ്പിള്‍സ് ട്രിബ്യൂണല്‍ ഓഫ് ബൊലോഗ്‌ന ഇറ്റലി’, ‘നഹ് ല (സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) ജബീറ ബാല്‍ക്കന്‍സ്’ എന്നിവയ്‌ക്കൊപ്പം ‘കശ്മീര്‍ സിവിറ്റാസ് ട്രിബ്യൂണല്‍’ ആണ് ഇത് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായ ‘ഗ്ലോബല്‍ റിട്ടേണ്‍ ടു പലസ്തീനിന്റെ അംബാസഡറായാണ് തുഷാര്‍ ഗാന്ധിയെ ഹിന്ദു വിരുദ്ധര്‍ തെരെഞ്ഞെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ പണത്തിനായി രാജ്യവിരുദ്ധ ശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ തുഷാറിന്റെ ജീവിതവുമായി ബന്ധപ്പെട്ട് മുഖ്യധാരയിലുണ്ട്.

കുത്തഴിഞ്ഞ ജീവിതശൈലി പിന്തുടരുന്ന തുഷാറിന് ഭാരതത്തിന്റെ പരംവൈഭത്തിനായി നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്ന ആര്‍എസ്എസ് പോലൊരു പ്രസ്ഥാനം ശത്രുവായി മാറുന്നതില്‍ അത്ഭുതപ്പെടാനില്ല. ഹിന്ദു വിരുദ്ധരെ പോലെ തന്നെ ആര്‍എസ്എസ് തകരേണ്ടത് തുഷാറിനെ പോലെയുള്ള വ്യാജ ഗാന്ധിയന്മാരുടെ ആവശ്യമാണ്. ഇത്തരത്തില്‍ മഹാത്മാ ഗാന്ധിയുടെ പൈതൃകത്തെ മറയാക്കി, അദ്ദേഹത്തിന്റെ പേരില്‍ ഭാരത വിരുദ്ധരുടെ കണ്ണിലുണ്ണിയായി ജീവിതം നയിക്കുന്ന ഇത്തരം വ്യാജ വ്യക്തികളും കുടുംബങ്ങളും ഗാന്ധിയെന്ന നാമം ഉപയോഗിക്കുന്നത് നിരോധിക്കുകയാണ് രാജ്യം ചെയ്യേണ്ടത്.

(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by