Article

തെറ്റ് തിരുത്തി, ശരിവഴിയിലേക്ക് എന്ന്?

പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്‌ക്ക് പോകാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും പോയത് പെട്ടെന്നാണ്. കൊച്ചി-ദല്‍ഹി വിമാനയാത്രയ്‌ക്ക് വിമാനത്താവള ലോഞ്ചിലിരിക്കുമ്പോള്‍ പ്രയാഗ്‌രാജിലേക്ക്് എന്ന് തോന്നുംമട്ടില്‍ ഒരു യാത്രക്കാരെയും കണ്ടില്ല. വിമാനം ടേക്ഓഫ് ചെയ്യും മുമ്പ് അടുത്തിരുന്ന യാത്രികനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രയാഗ്‌രാജിലേക്കാണെന്ന് പറഞ്ഞു; അവര്‍ ആറുപേരുണ്ടെന്നും. സഹയാത്രികര്‍ ആരൊക്കെയെന്ന് പറഞ്ഞില്ല. പക്ഷേ, പ്രയാഗ് രാജിലെത്തിയപ്പോള്‍ പലയിടങ്ങളില്‍വെച്ച് വിമാനത്തിലെ സഹയാത്രികരെക്കണ്ടു. ഞാന്‍ യാത്ര ചെയ്ത വിമാനത്തിലെ 20 പേരെങ്കിലും പ്രയാഗ്‌രാജിലേക്കായിരുന്നു. പക്ഷേ ഒരു ഘട്ടത്തിലും ഒന്നിച്ചായിരുന്നില്ല അവരുടെ ‘തീര്‍ത്ഥാടനം.’ എന്നാല്‍ മൂന്നുപേര്‍ ഒന്നിച്ചാല്‍ ‘ഹര്‍ഹര്‍ മഹാദേവ്’ വിളിച്ചും കൊടിയും കൊട്ടും നാമജപവുമായി മുന്നേറുന്ന തീര്‍ത്ഥയാത്രാ സംഘമായിരുന്നു മറ്റു പല സംസ്ഥാനങ്ങളിലും നിന്നുള്ളവര്‍.

മലയാളികള്‍, കേരളത്തില്‍നിന്നു പോയവര്‍ മാത്രമല്ല, രണ്ടുലക്ഷത്തോളം മഹാകുംഭമേളയില്‍ പങ്കുചേര്‍ന്നുവെന്നാണ് കണക്ക്. 60 കോടിയിലേറെപ്പേര്‍ പ്രയാഗ്‌രാജില്‍ സന്ദര്‍ശനം നടത്തിയെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക് ആവുന്നത്ര കൃത്യമായി, ശാസ്ത്രീയമായി തയ്യാറാക്കിയതാണ്. കണ്ണൂര്‍ തൃക്കരിപ്പൂരിലെ രാമവില്യം കഴകത്ത് 25 വര്‍ഷംകൂടി നടന്ന പെരുങ്കളിയാട്ടത്തില്‍ ഏഴുലക്ഷം പേര്‍ ഏഴുദിവസമായി ഭക്ത്യന്നം കഴിക്കാന്‍ ഉണ്ടായിരുന്നുവെന്ന കണക്ക് അവിശ്വസനീയമൊന്നുമല്ല. ശബരിമലയില്‍ 32.5 ലക്ഷം പേര്‍ ഈ വര്‍ഷം ദര്‍ശനം നടത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്. ഹജ്ജ് തീര്‍ത്ഥാടകര്‍ കഴിഞ്ഞവര്‍ഷം 18 ലക്ഷമായിരുന്നുവെന്ന് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖപ്പെടുത്തുന്നു. ആറ്റുകാല്‍ പൊങ്കാലയുടെ കണക്ക് കാണിക്കുന്നത് ഓരോ വര്‍ഷവും വിശ്വാസികള്‍ കൂടുന്നുവെന്നാണ്. ചോറ്റാനിക്കര മകംതൊഴലിന് ഇത്തവണ മുന്‍ വര്‍ഷത്തേക്കാള്‍ വലിയ തിരക്കായിരുന്നു.

ആദ്ധ്യാത്മിക വളര്‍ച്ച, ആത്മീയതയുടെ ശക്തിപ്പെടല്‍ എന്നിങ്ങനെയെല്ലാം ഇതിനെ വ്യാഖ്യാനിച്ചാലും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തര്‍ക്കങ്ങളായി മാറും. എന്നാല്‍ ഒരുവസ്തുത തര്‍ക്കമറ്റതാണ്. ഏത് മതദര്‍ശനത്തിന്റെ ധാരയിലായാലും വിശ്വാസികളുടെ എണ്ണം കൂടുന്നു. അതിന്റെ രാഷ്്ട്രീയ ബലക്കണക്കും ശക്തിയും മറ്റും മാറ്റി നിര്‍ത്തുക. ആത്മീയതയുടെ അടിത്തറയറിഞ്ഞ് അദൈ്വതത്തിന്റെ അന്തരാര്‍ത്ഥം തിരിച്ചറിഞ്ഞോ ഉള്‍ക്കൊണ്ടോ ഒന്നും ആയിരിക്കില്ല, പക്ഷേ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയാണെന്ന തോന്നലാണ് ഇതിന് കാരണം. ഒരു പക്ഷേ ഇത്രയേറെ എതിര്‍ പ്രവര്‍ത്തനം, അത് വിവിധ സംഘടനകളും സര്‍ക്കാര്‍ സംവിധാനവും സംസ്ഥാനത്ത് നടത്തിയിട്ടും കേരളത്തില്‍ വിശ്വാസത്തിന്റെ മേഖലയില്‍ ഉണ്ടാകുന്ന വളര്‍ച്ച, അഥവാ മാറ്റം പ്രത്യേകം പഠിക്കേണ്ട വിഷയംതന്നെയാണ്. ഒപ്പം, ആ വിശ്വാസക്കാരുടെ രാഷ്‌ട്രീയ-സാംസ്‌കാരിക-സാമൂഹ്യ ചിന്തയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്നതില്‍നിന്നുള്ള ഭേദവും പ്രത്യേകം പഠിക്കേണ്ടതുണ്ട്.

ഒരു കാര്യം ഉറപ്പാണ്; ഈ വിശ്വാസങ്ങള്‍ അന്ധമല്ല. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ ഉണ്ടാകുന്നില്ല എന്നല്ല. ദുര്‍മന്ത്രവാദവും അത്തരം ദുഷ്ടശക്തികളുടെ പ്രീതിക്ക് മനുഷ്യക്കുരുതിയും വരെ നടന്നിരിക്കുന്നു ആനുകാലിക കേരളത്തില്‍. ആത്മബലം കുറഞ്ഞവരുടെ ആത്മഹത്യകളും ചില സൂചകങ്ങളാണ്. എന്നാല്‍ മറ്റു ചില മേഖലകളിലെ മാറ്റങ്ങള്‍ നാം കാണേണ്ടതുതന്നെയാണ്.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചില സാമൂഹ്യ മാറ്റങ്ങളുണ്ട്. അത് മഹത്തായ സാംസ്‌കാരിക- സാമൂഹ്യ വിപ്ലവമാണ്. ഒരുപക്ഷേ, ഏറെക്കാലമായി മത- ദൈവ വിശ്വാസങ്ങളെ എതിര്‍ത്തും ചെറുത്തും പോരുന്ന പ്രചാരണക്കാരുടെ അടിസ്ഥാനവാദങ്ങള്‍ തച്ചുതകര്‍ക്കുന്ന മാറ്റങ്ങളാണവ. ചില കാര്യങ്ങള്‍ മാത്രം വിശകലനം ചെയ്യാം. ക്ഷേത്രങ്ങളില്‍ സ്ത്രീകളുടെ സ്ഥാനം അത്ര മെച്ചപ്പെട്ടതല്ല എന്ന ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ക്ഷേത്രങ്ങള്‍ ഭരിക്കുന്നത്, ക്ഷേത്രകേന്ദ്രിതമായ സേവന- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് ആത്മീയ- വിദ്വന്മേഖലകളില്‍ സ്ഥാനമില്ല, അവരെ അകറ്റിനിര്‍ത്തുന്നുവെന്നാണ് മറ്റൊരാക്ഷേപമുണ്ടായിരുന്നത്. എന്നാല്‍ സ്വയം ശ്രീലളിതാസഹസ്രാര്‍ച്ചന നടത്താന്‍, നാരായണീയ പാരായണം നയിക്കാന്‍, സപ്താഹയജ്ഞങ്ങള്‍ നടത്താന്‍ സ്ത്രീകള്‍ പ്രാപ്യരായിരിക്കുന്നു. സനാതന ധര്‍മ്മത്തിന്റെ പരിചയവും വിശകലനവും വിചാരവും നടത്താന്‍ സ്ത്രീകള്‍ക്ക് സാധ്യമായ കാലം വന്നിരിക്കുന്നു. ഇത് ഒരു സാമാന്യ നവോത്ഥാനമാണ്. കേരളത്തില്‍ നാരായണീയം, രാമായണം, ഭാഗവതം, ഭഗവദ്ഗീത, സൗന്ദര്യ ലഹരീ സ്‌തോത്രം തുടങ്ങിയവ പാരായണം ചെയ്യാന്‍ അഭ്യസിച്ച സ്ത്രീകളുടെ ഒരു മഹാ സമ്മേളനം ചേര്‍ന്നാല്‍, ഇവിടത്തെ വന്‍ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ മഹിളാ സംഘടനകളുടെ സമ്മേളനത്തേക്കാള്‍ അംഗബലമുണ്ടാകും. ഈ മാറ്റം ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍ വന്നേക്കില്ല, നിരീക്ഷണം വേണം.

അന്നദാനവും ആരോഗ്യദാനവും അടക്കം സേവന മേഖലയില്‍ ക്ഷേത്രങ്ങള്‍ പ്രമുഖ സ്ഥാനം വഹിക്കുന്നു. വിദ്യാഭ്യാസരംഗത്ത്, കലാപോഷണത്തില്‍ തുടങ്ങി വയോജന സംരക്ഷണത്തിലും ആതുരശുശ്രൂഷാരംഗത്തും ക്ഷേത്രങ്ങളും ആത്മീയകേന്ദ്രങ്ങളും ശ്രദ്ധവയ്‌ക്കുന്നു, സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക മേഖലയില്‍ ക്ഷേത്രങ്ങളും ആത്മീയ- ആധ്യാത്മിക കേന്ദ്രങ്ങളും അവരുടെ നിലയിലും തോതിലും പ്രവര്‍ത്തിക്കുന്നു. ഒരുപക്ഷേ സര്‍ക്കാര്‍ സംവിധാനത്തില്‍ ചെയ്യുന്ന പല പൊതുജന സേവന പ്രവര്‍ത്തനങ്ങള്‍ക്കും അപ്പുറം പല ആത്മീയ കേന്ദ്രങ്ങളും ആരാധനാലയങ്ങളും മാതൃകകളാകുന്നു. അതിന്റെ ആസൂത്രിതവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തന വ്യാപനം പുതിയൊരു സാമൂഹ്യ വിപ്ലവത്തിന് വഴിവയ്‌ക്കുക തന്നെ ചെയ്‌തേക്കാം. പക്ഷേ, ആര് എങ്ങനെ ചെയ്യും? ചില സങ്കല്‍പ്പങ്ങളും നടപടികളും ‘അന്ധമായി’പ്പോകുന്നത് അങ്ങനെയുമാണ്- ഭരണകൂടം മതേതരമായിരിക്കണമെന്ന നയം ചിലര്‍ നടപ്പാക്കുന്നതിലെ വൈകല്യം ഈ അന്ധതയിലേക്കാണ് നയിക്കുന്നത് പലപ്പോഴും- മതേതരത്വത്തിലെ അന്ധവിശ്വാസം.

ശബരിമല ക്ഷേത്രത്തില്‍ പുതിയ ദര്‍ശന സംവിധാനം ഒരുക്കുന്നുവെന്ന വാര്‍ത്തയോടൊപ്പമാണ് കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നിയമന വിവാദവും അതിനെ ജാതിവിവേചനമാക്കി മാറ്റാനുള്ള ഗൂഢതന്ത്രവും പുറത്തുവന്നത്. ശബരിമലയില്‍ പരിഷ്‌കാരമല്ല, പഴയൊരു പരിഷ്‌കാരത്തിന്റെ റദ്ദാക്കലാണ് നടക്കുന്നത് എന്നതാണ് വാസ്തവം. ‘പൊന്നുംപതിനെട്ടാംപടി ചവിട്ടി ഭഗവാനെ ദര്‍ശിച്ച്’ മടങ്ങിയിരുന്ന അയ്യപ്പന്മാരെ നടയില്‍നിന്ന് ആട്ടിയോടിച്ച് പ്രതിഷ്ഠയ്‌ക്കും മുകളിലൂടെ പാലംകെട്ടി നടത്തിച്ച്, അല്ല, ഓടിച്ചുവിട്ട് കാണിക്കപ്പെട്ടികള്‍ നിറയ്‌ക്കാനുള്ള പരിഷ്‌കാരം ആരായിരുന്നു മുമ്പ് നിശ്ചയിച്ചത്? ആരാണ് നടപ്പാക്കിയത്? ആരുടെ ആസൂത്രണമായിരുന്നു അത്? അത് തെറ്റായിപ്പോയെന്ന് ഇന്ന് കണ്ടെത്തിയത് ആരുടെ ബുദ്ധിയാണ്? അവിടെയാണ് ചില നിക്ഷിപ്ത താല്‍പര്യങ്ങളുടെ ദോഷം ക്ഷേത്രങ്ങള്‍ ‘ഞങ്ങള്‍ ഭരിച്ചാല്‍ ഭദ്രം’ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ‘പരിഭ്രമ’ത്തില്‍ വേണ്ടത് ശരിയായി ചെയ്യാനുള്ള ‘പരിശ്രമ’ങ്ങള്‍ക്ക് ഇടം ഇല്ലാതാകുകയാണ്. ക്ഷേത്രങ്ങളുടെ ‘ആരാധനാലയ’മെന്ന സങ്കല്‍പം ഇല്ലാതാക്കി, ഓഫീസുകളുടെ സ്വഭാവത്തിലേക്ക് തള്ളിക്കൊണ്ടുപോകുന്നിടത്താണ് ആ സ്വാര്‍ത്ഥതാല്‍പര്യം പ്രകടമാകുന്നത്, നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പകരം നശീകരണത്തിന്റെ സ്വഭാവമാണതിന്.

‘ക്ഷേത്രം തകരട്ടെ, അന്ധകാരം പോകട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നവര്‍ ആക്ഷേപിച്ചിരുന്നത് ക്ഷേത്രങ്ങളിലെ ജാതിവിലക്കുകളെയായിരുന്നു. ശരിയാണ്, ഒരു കാലം അങ്ങനെയുമുണ്ടായിരുന്നു. അത് അന്നത്തെ സാമൂഹ്യ സാഹചര്യം. ഇന്ന് അതില്ലാതായെങ്കിലും അടച്ചുവച്ച അത്തരം അധ്യായങ്ങള്‍ തുറന്നുവെച്ച് ഉച്ചത്തില്‍ വായിച്ചാനന്ദിക്കുന്നതാണ് ചിലര്‍ക്ക് ശീലം, പഥ്യം. എന്നാല്‍, ക്ഷേത്രപ്രവേശന വിളംബരമെന്ന നവോത്ഥാനത്തിലും വൈക്കം ക്ഷേത്രവഴിയുടെ തീണ്ടല്‍പ്പലകകള്‍ പിഴുതെറിയുന്ന വിപ്ലവത്തിനും ഈ പ്രചാരണക്കാര്‍ക്ക് വലിയ പണിയൊന്നുമില്ലായിരുന്നുവെന്നത് പുതിയൊരു സത്യം. നൂറുവര്‍ഷം മുമ്പ് ഇല്ലാതായിപ്പോയ, ചിലര്‍ ആധികാരികമാക്കാന്‍ ശ്രമിച്ച ആ സവര്‍ണ- അവര്‍ണഭേദ ചിന്തയും ജാതിവ്യത്യാസവും ഇന്നും ആവര്‍ത്തിച്ച് ആരോപിക്കുന്നത്, പുതിയനവോത്ഥാന മതിലെഴുത്തുകള്‍ക്കായി ചരിത്രത്തിന്റെ ചുമരെഴുത്തുകള്‍ മായ്‌ക്കാനുള്ള പാഴ്ശ്രമങ്ങള്‍ മാത്രമാണെന്ന് മറ്റൊരു സത്യം. യാഗപൂജാദി കര്‍മ്മങ്ങള്‍ അതത് ശാസ്ത്രങ്ങളില്‍ ജ്ഞാനം നേടിയവര്‍ക്ക് അനുഷ്ഠിക്കാവുന്നതാണെന്നും അതിന് ജാതിയോ ജന്മാവകാശമോ അല്ല അടിസ്ഥാനമെന്നും സാമൂഹ്യ വിപ്ലവ വിളംബരമായ ‘പാലിയം വിളംബരം’ നടപ്പിലാക്കിയ നവോത്ഥാന വിപ്ലവവും മേല്‍പ്പറഞ്ഞ കുപ്രചാരണക്കാരുടെ വകയല്ല എന്ന് ഓര്‍മ്മിക്കണം. ശ്രീനാരായണ ഗുരു 1888ല്‍ അരവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠ, 1925 ലെ വൈക്കം സത്യഗ്രഹ വിജയം, 1936 ലെ ക്ഷേത്രപ്രവേശന വിളംബരം, 1987 ലെ പാലിയം വിളംബരം, ഈ നാഴികക്കല്ലുകള്‍ക്കപ്പുറം നവോത്ഥാന വിപ്ലവമൊന്നും ആദ്ധ്യാത്മികതയുടെയും ആരാധനയുടെയും സാമൂഹ്യ വശത്ത് സംഭവിച്ചിട്ടില്ല. അവിടെയെങ്ങും ‘സ്വയംപ്രഖ്യാപിത’ നവോത്ഥാന പ്രവര്‍ത്തകര്‍ക്ക് ഒരു പങ്കാളിത്തവുമില്ലാതാനും.

ഇനിയുമുണ്ട് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതകള്‍. സര്‍ക്കാരിന്റെ പരോക്ഷ നിയന്ത്രണത്തിലാക്കി വിശ്വാസകേന്ദ്രങ്ങളെ പൊതുനിരത്തിലെ ആശ്വാസകേന്ദ്രങ്ങള്‍ (കംഫര്‍ട്ട് സ്‌റ്റേഷന്‍സ്) ആക്കിയല്ല അത് നടപ്പാക്കേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ റയില്‍ വികസനം മാതൃകയാക്കാവുന്നതാണ്. ക്ഷേത്രസ്വത്തുക്കള്‍ കൃത്യമായി കണ്ടെത്തണം. ആ വസ്തുക്കളില്‍ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആസൂത്രിതമായിരിക്കണം അത്. ജനസേവനമായിരിക്കണം ലക്ഷ്യം. അവിടം സ്വാവലംബനത്തിന് വഴിതെളിക്കുന്നിടമാകണം. ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക ചരിത്ര സംരക്ഷണവും പോഷണവും നടക്കണം. അതിലൂടെ സാമ്പത്തിക ഭദ്രത രൂപംകൊള്ളണം. കലയുടെയും പൈതൃകത്തിന്റെയും പഠനവും പാഠനവും നടക്കണം. വിവിധ ആരാധനാ പദ്ധതികളെക്കുറിച്ച് കലയെക്കുറിച്ച്, സംസ്‌കാരത്തെക്കുറിച്ച് ഗവേഷണം നടത്താനുള്ള സംവിധാനമുണ്ടാകണം. ആരാധനാലയങ്ങളോടു ചേര്‍ന്ന് കെട്ടിപ്പൊക്കിയ ഷോപ്പിങ് കോംപ്ലക്‌സിന്റെ സമ്പ്രദായമല്ല ശരിയായ വഴിയെന്ന് തിരിച്ചറിയണം. ശബരിമലയിലെ ‘തെറ്റുതിരുത്തല്‍’ അതിന് തുടക്കമാകണം. പക്ഷേ, എട്ടുപതിറ്റാണ്ടിനിടെ മാറിമാറി ഭരിച്ചവര്‍ക്ക് ഇതുവരെ ഇല്ലാതെ പോയ ഇത്തരം ചിന്തകള്‍, എങ്ങനെയും അധികാരം പിടിക്കാനും നിലനിര്‍ത്താനുമുള്ള കുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന ഇരുവിഭാഗങ്ങള്‍ക്ക് ഇപ്പോഴെന്നല്ല എപ്പോളഴങ്കിലും ഉണ്ടാകുമോ എന്നതിലാണ് ആശങ്ക.

പിന്‍കുറിപ്പ്:
കേരളത്തിലെ കാമ്പസുകള്‍ ലഹരിവിമുക്തമാക്കണമെങ്കില്‍ എസ്എഫ്‌ഐ വിചാരിച്ചാലേ പറ്റൂ. അവര്‍ മാത്രം തീരുമാനിച്ചാല്‍ മതിതാനും. എന്നല്ല, അവര്‍ തീരുമാനിക്കാതെ ആരു നിശ്ചയിച്ചാലും അത് സാദ്ധ്യമാകുകയുമില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക