Kerala

മലപ്പുറത്ത് നടന്നത് സ്വർണ കവർച്ചാ നാടകം? മുഴുവൻ സ്വർണവും കണ്ടെത്തി, പരാതിക്കാരനും സഹോദരനും കസ്റ്റഡിയിൽ

Published by

മലപ്പുറം: മഞ്ചേരി കാട്ടുങ്ങലിലെ സ്വർണ കവർന്നത് നാടകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പോലീസ് പിടികൂടി. സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്ന സംഭവത്തിൽ ഇവരുടെ സഹായമുണ്ടെന്ന് പോലീസ് കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട മുഴുവൻ സ്വർണവും പോലീസ് കണ്ടെടുത്തു.

സ്വർണം തട്ടിയെടുത്ത വലമ്പൂർ സ്വദേശിയുടെ വീട്ടിൽ നിന്നാണ് മുഴുവൻ സ്വർണവും കണ്ടെടുത്തത്. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരിൽ ശിവേഷിനും സഹോദരൻ ബെൻസിനും പങ്കുള്ളതായി പോലീസ് കണ്ടെത്തി. ജ്വല്ലറികളിൽ വിൽപന നടത്താനുള്ള സ്വർണമാണ് നഷ്‌ടമായത്. നിലവിൽ പോലീസ് ശിവേഷിനെയും ബെൻസിനെയും ചോദ്യം ചെയ്തുവരികയാണ്.

വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ സ്വർണം കവർന്നെന്നാണ് പരാതി ഉയർന്നത്. മഞ്ചേരി ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന തിരൂർക്കാട് കടവത്ത് പറമ്പ് ബാലന്റെ മകൻ ശിവേഷ് (34), മഞ്ചേരി കിടങ്ങഴി ഷാപ്പുംകുന്ന് ചപ്പങ്ങത്തൊടി ഗോപാലൻ മകൻ സുകുമാരൻ (25) എന്നിവരെയാണ് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുത്തത് എന്നാണ് ഇവർ ആദ്യം പറഞ്ഞത്.

കാട്ടുങ്ങലിൽ ബൈക്ക് നിർത്തി ഒരാൾ കടയിൽ സാധനം വാങ്ങാൻ കയറിയപ്പോൾ സ്‌കൂട്ടർ ചവിട്ടി വീഴ്‌ത്തി സ്‌കൂട്ടറിന്റെ കൊളുത്തിൽ ബാഗിൽ തൂക്കിയിട്ട സ്വർണവുമായി കടന്നു കളയുകയായിരുന്നുവെന്നാണ് ഇവർ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നത്. മലപ്പുറം ഭാഗത്തേക്കാണ് ബൈക്ക് ഓടിച്ചു പോയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by