News

സ്വന്തം മണ്ഡലത്തേക്കാള്‍ കൂടുതല്‍ തവണ രാഹുല്‍ഗാന്ധി വിയറ്റ്‌നാമിന് പോകുന്നുവെന്ന് പരിഹസിച്ച് ബിജെപി

Published by

ന്യൂദല്‍ഹി: സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ പോകുന്നതിനേക്കാള്‍ കൂടുതല്‍ തവണയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് വിയറ്റ്‌നാമിന് പോകുന്നതെന്ന് പരിഹസിച്ച് ബിജെപി. രാഹുലിന്റെ തുടര്‍ച്ചയായ വിയറ്റ്‌നാം സന്ദര്‍ശനങ്ങള്‍ സംശയകരമാണെന്നും എന്തിനാണ് നിരന്തരം ഈ തെക്കുകിഴക്കനേഷ്യന്‍ രാജ്യത്തേക്ക് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തണമെന്നും ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
ഹോളി ആഘോഷത്തില്‍ പങ്കെടുക്കാതെ രാഹുല്‍ഗാന്ധി അപ്രത്യക്ഷനായതോടെയാണ് രാഹുല്‍വീണ്ടും വിദേശത്തേക്ക് പോയെന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് രാഹുല്‍ഗാന്ധി വീണ്ടും വിയറ്റ്‌നാമിലേക്ക് പോയത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം നടന്നുകൊണ്ടിരിക്കേ ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ നടപടി വിവാദമായിട്ടുണ്ട്.
പുതുവത്സരാഘോഷങ്ങള്‍ക്ക് പുറമേ ഹോളിയും രാഹുല്‍ വിയറ്റ്‌നാമിലാണ് ആഘോഷിച്ചതെന്ന് കേട്ടതായി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിരന്തരം ആ രാജ്യത്തേക്ക് പോകുന്നത് ആകാംക്ഷ ഉണ്ടാക്കുന്നതായും ബിജെപി എംപി പറഞ്ഞു. ഡോ. മന്‍മോഹന്‍സിങ് അന്തരിച്ചതിനെ തുടര്‍ന്ന് രാജ്യം ഒരാഴ്ച ദുഖാചരണം പ്രഖ്യാപിച്ചപ്പോഴാണ് രാഹുല്‍ഗാന്ധി കഴിഞ്ഞ തവണ വിയറ്റ്‌നാമില്‍ അവധിയാഘോഷത്തിന് പോയത്.
വിയറ്റ്‌നാമിന്റെ സാമ്പത്തിക മാതൃക പഠിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ നിരന്തരം അവിടേക്ക് പോകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് പ്രതികരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by