കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ആലത്തൂര്‍ എംപിയുമായ കെ. രാധാകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത് അസ്വാഭാവിക നടപടിയായി കാണേണ്ടതില്ല. എ.സി. മൊയ്തീന്, കെ. രാധാകൃഷ്ണന്, എം. എം. വര്‍ഗീസ് എന്നിവര്‍ സിപിഎം ജില്ലാ സെക്രട്ടറിമാരായിരുന്ന കാലയളവിലാണ് പാര്‍ട്ടിയുടെ പിന്തുണയോടെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ വായ്പ തട്ടിപ്പുകള്‍ അരങ്ങേറിയത്. കേസില്‍ പ്രതികളായ മൊയ്തീനേയും വര്‍ഗീസിനെയും ഇ ഡി പലതവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അടുത്തത് രാധാകൃഷ്ണന്റെ ഊഴമാണ്. അവിവാഹിതനായ രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് കരുവന്നൂര്‍ കേസിലെ പ്രതികളുടെ പക്കല്‍ നിന്ന് സ്വര്‍ണ്ണം കൈപ്പറ്റിയെന്ന് സാക്ഷി മൊഴികള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് രാധാകൃഷ്ണനെയും പ്രതിപ്പട്ടികയിലേക്ക് എത്തിച്ചിരിക്കുന്നത്. രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണം സിപിഎമ്മിന്റെ മറ്റ് പ്രമുഖരിലേക്കും എത്തുമെന്നുവേണം പ്രതീക്ഷിക്കാന്‍. ഇ ഡി അന്വേഷണം ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനാണെന്ന് പ്രചാരണം നടത്തിയവര്‍ക്ക് ഇപ്പോള്‍ എന്തുപറയാനുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയണം.
ഇ ഡിയുടെ സമന്‍സ് ലഭിച്ചുവെന്നും, പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ആയിരുന്നതിനാല്‍ തന്റെ പിഎയാണ് സമന്‍സ് കൈപ്പറ്റിയതെന്നും രാധാകൃഷ്ണന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇ ഡിക്കു മുന്പില് ഹാജരാകുന്ന കാര്യം പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് രാധാകൃഷ്ണന് പറയുന്നത്. ഇതാണ് മനസ്സിലാവാത്തത്. രാധാകൃഷ്ണന് ഹാജരാകേണ്ടത് ഏതെങ്കിലും പാര്ട്ടിക്കമ്മീഷനു മുന്പില് അല്ല. രാജ്യത്തെ ഔദ്യോഗിക അന്വേഷണ ഏജന്‍സിക്ക് മുന്നിലാണ്. ഇതിന് പാര്‍ട്ടി അനുമതിയുടെ പ്രശ്നമേയുദിക്കുന്നില്ല. ഇനി പാര്‍ട്ടി ഹാജരാകേണ്ട എന്നു പറഞ്ഞാല്‍ രാധാകൃഷ്ണന് അങ്ങനെ ചെയ്യുമോ? പാര്‍ട്ടിയുടെ ഉത്തരവ് ഇതായതിനാല്‍ ഇ ഡിക്ക് മറ്റൊന്നും ചെയ്യാനാവില്ല എന്നാണോ? പാര്‍ട്ടി അനുവദിച്ചാലും ഇല്ലെങ്കിലും ഇ ഡിക്കു മുന്പില് ഹാജരായേ പറ്റൂ. കാരണം ഇത് അഴിമതിക്കേസാണ്. എംപി എന്ന നിലയിലും പൊതുപ്രവര്ത്തകന് എന്ന നിലയിലും രാധാകൃഷ്ണന് സൗകര്യപ്രദമായ സമയം ചോദിക്കാം എന്നുമാത്രം. ഈ കേസില്‍ പ്രതികളായ എ. സി. മൊയ്തീനും എം. എം. വര്‍ഗീസും എം.കെ. കണ്ണനുമൊക്കെ പാര്‍ട്ടിയുടെ അനുമതി ഉണ്ടെങ്കിലേ തങ്ങള്‍ ഇഡിക്കു മുന്പില് ഹാജരാവൂയെന്ന് ആദ്യമൊക്കെ അഹങ്കാരത്തോടെ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും വിലപ്പോയില്ല. ഇരുവരെയും പല ദിവസങ്ങളിലും നിരവധി മണിക്കൂറുകളാണ് ഇഡി ചോദ്യം ചെയ്തത്. അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇവരിലൂടെ പുറത്തു വരികയും ചെയ്തു.
സിപിഎം നേതാക്കള്‍ അഴിമതി നടത്തിയാല്‍ പാര്‍ട്ടിയുടെ അനുമതി ഉണ്ടെങ്കിലേ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്പില് ഹാജരാവുകയോ കേസില്‍ പ്രതികളാവുകയോ ചെയ്യുകയുള്ളൂ എന്ന നിലപാട് അഴിമതിയും സിപിഎമ്മും തമ്മിലുള്ള അഭേദ്യ ബന്ധമാണ് കാണിക്കുന്നത്. സിപിഎം നേതാക്കള്‍ അഴിമതി നടത്തുന്നത് പാര്‍ട്ടിക്ക് വേണ്ടിയുള്ള വിഭവസമാഹരണമാണ് എന്നൊരു ഭാവമാണ് ഇക്കൂട്ടര്‍ക്കുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റും കാര്യത്തില്‍ ഇത് ജനങ്ങള്‍ പലപ്പോഴും കണ്ടതാണ്. രാധാകൃഷ്ണന് വിദ്യാസമ്പന്നനും പരിചയസമ്പന്നനുമാണ്. മന്ത്രിയും സ്പീക്കറുമൊക്കെ ആയിരുന്നതിന്റെ അനുഭവസമ്പത്തുമുണ്ട്. നിയമം എന്താണെന്ന് അറിയാത്തയാളല്ല. എന്നിട്ടാണ് അഴിമതിക്കേസില്‍ അന്വേഷണ ഏജന്‍സിക്ക് മുമ്പില്‍ ഹാജരാവാന്‍ പാര്‍ട്ടിയുടെ അനുമതി ചോദിക്കുന്നത്. അഴിമതി ആര് നടത്തിയാലും നിയമത്തിന്റെ മുന്പില് അഴിമതി തന്നെയാണ്. കരുവന്നൂരില്‍ പാവപ്പെട്ട നിക്ഷേപകരെ വഞ്ചിച്ചാണ് പാര്‍ട്ടി നേതാക്കള്‍ കോടികള്‍ കൊള്ളയടിച്ചത്. ഈ കുറ്റവാളികള്‍ അവര്‍ എത്ര ഉന്നതരായിരുന്നാലും ശിക്ഷിക്കപ്പെട്ടേ മതിയാവൂ. നഷ്ടപ്പെട്ട പണം നിക്ഷേപകര്‍ക്ക് തിരിച്ചു കിട്ടുകയും വേണം. ഇതിനുള്ള നടപടികള്‍ ഇഡി എടുത്തു പോരുകയാണ്. കെ. രാധാകൃഷ്ണന് കൂടി കേസില്‍ പ്രതിയാകുന്നതോടെ സിപിഎമ്മിന്റെ ആദര്‍ശ മുഖംമൂടി മുഴുവനായും അഴിഞ്ഞു വീഴും. കരുവന്നൂര്‍ അഴിമതിയെക്കുറിച്ച് കുപ്രചാരണം നടത്തിയ സിപിഎം ഇനിയെങ്കിലും ജനങ്ങളോട് മാപ്പ് പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: