Business

അംബാനിയും അദാനിയും കഴിഞ്ഞാല്‍ ഇന്ത്യയിലെ മൂന്നാമത്തെ ധനിക ഈ പെണ്‍കുട്ടി

ഇന്ത്യയില്‍ അംബാനിക്കും അദാനിക്കും പിന്നിൽ മൂന്നാമത്തെ സമ്പന്ന വ്യക്തി ഒരു പെണ്‍കുട്ടിയാണ്. സ്വന്തമായി ബിസിനസ് ചെയ്തല്ല, ബിസിനസുകാരനായ അച്ഛന്‍ തന്‍റെ സ്വത്ത് മകള്‍ക്ക് പങ്കുവെച്ച് നല്‍കിയതോടെയാണ് ഈ പെണ്‍കുട്ടി സമ്പന്നരുടെ പട്ടികയിലേക്ക് കുതിച്ചുയര്‍ന്നത്.

Published by

മുംബൈ: ഇന്ത്യയില്‍ അംബാനിക്കും അദാനിക്കും പിന്നിൽ മൂന്നാമത്തെ സമ്പന്ന വ്യക്തി ഒരു പെണ്‍കുട്ടിയാണ്. സ്വന്തമായി ബിസിനസ് ചെയ്തല്ല, ബിസിനസുകാരനായ അച്ഛന്‍ തന്റെ സ്വത്ത് മകള്‍ക്ക് പങ്കുവെച്ച് നല്‍കിയതോടെയാണ് ഈ പെണ്‍കുട്ടി സമ്പന്നരുടെ പട്ടികയിലേക്ക് കുതിച്ചുയര്‍ന്നത്.

ഇത് മറ്റാരുമല്ല എച്ച് സിഎല്‍ എന്ന സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ കമ്പനിയുടെ ഉടമയായ ശിവ് നാടാരുടെ മകള്‍ റോഷ് നി നാടാരാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികയായി മാറിയത്. എച്ച്‌സി‌എൽ ഗ്രൂപ്പിലെ പിന്തുടർച്ച അവകാശം ലഭിച്ചതാണ് റോഷ്‌നി നാടാരുടെ സമ്പന്ന പട്ടികയിലെ സ്ഥാനം ഉയർത്തിയത്.

ഈയിടെയാണ് പിതാവ് ശിവ് നാടാറിന്റെ ഓഹരിയുടെ 47% റോഷ്‌നി നാടാർക്ക് ലഭിച്ചത്. ഇതിന് മുൻപ് എച്ച്‌സി‌എൽ കോർപ്പറേഷനിലെ 51% ഓഹരികൾ സ്ഥാപകനായ ശിവ് നാടാറുടെ കയ്യിലായിരുന്നു. മറ്റൊരു കമ്പനിയായ വാമ സുന്ദരി ഇന്‍വെസ്റ്റ്മെന്‍റ്സിന്റെ (ദല്‍ഹി) ഓഹരി പങ്കാളിത്തവും ശിവ് നാടാര്‍ മകള്‍ക്ക് നല്‍കിയിരുന്നു. ഇതോടെ എച്ച് സിഎല്‍ ഗ്രൂപ്പിലെ രണ്ട് പ്രധാനകമ്പനികളായ എച്ച് സിഎല്‍ ടെക്, എച്ച് സിഎല്‍ ഇന്‍ഫോ സിസ്റ്റംസ് എന്നിവയുടെ നിയന്ത്രണം മകള്‍ക്കായി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ മൂലൈപൊഴി ഗ്രാമത്തില്‍ നിന്നുള്ള ആളാണ് ശിവ് നാടാര്‍. 1976ല്‍ കാല്‍കുലേറ്ററുകളും മൈക്രോ പ്രോസസറുകളും നിര്‍മ്മിച്ചാണ് ശിവ് നാടാന്‍ തന്റെ ബിസിനസ് ആരംഭിച്ചത്. പിന്നീട് അദ്ദേഹം സോഫ്റ്റ് വെയര്‍ രംഗത്തേക്ക് പ്രവേശിച്ചു. ദല്‍ഹിയിലെ ഒരു കാര്‍പോര്‍ച്ചിലാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ശിവ് നാടാന്‍ എച്ച് സിഎല്‍ എന്ന സോഫ്റ്റ് വെയര്‍ കമ്പനി ആരംഭിച്ചത്. വെറും ഒരു ലക്ഷത്തി എണ്‍പത്തേഴായിരം രൂപയ്‌ക്കാണ് എച്ച് സി എല്‍ എന്ന സോഫ്റ്റ് വെയര്‍ കമ്പനി ആരംഭിച്ചത്. ഇപ്പോള്‍ ശിവ് നാടാരുടെ പേരില്‍ ശിവ് നാടാര്‍ യൂണിവേഴ്സിറ്റി എന്ന പേരില്‍ സര്‍വ്വകലാശാല വരെയുണ്ട്.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് പട്ടിക പ്രകാരം, രാജ്യത്തെ ഏറ്റവും വലിയ ധനികൻ ‍റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 88.1 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്ത് ​ഗൗതം അദാനിയാണ്. 68.9 ബില്യൺ ഡോളറാണ് അ​ദാനിയുടെ ആസ്തി. ഓഹരി കൈമാറുന്നതിന് മുൻപ്, 35.9 ബില്യൺ ഡോളറിന്റെ ആസ്തിയുമായി മൂന്നാം സ്ഥാനത്ത് ശിവ് നാടാർ ആയിരുന്നു. ഈ സ്ഥാനത്തേക്കാണ് റോഷ്‌നി നാടാർ എത്തിയത്.

ശിവ് നാടാർ, കിരൺ നാടാർ ദമ്പതികളുടെ മകളായ റോഷ്‌നി നാടാർ ദില്ലിയിലെ വസന്ത് വാലി സ്കൂള്‍, ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വ്വകലാശാല,കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് എന്നിവിടങ്ങളില്‍ നിന്നാണ് റോഷ്ണി പഠനം പൂര്‍ത്തിയാക്കിയത്. മാധ്യമ പ്രവര്‍ത്തനത്തിലായിരുന്നു റോഷ്ണിയുടെ ബിരുദം. ലണ്ടനിലെ സ്കൈ ന്യൂസിലും സിഎന്‍എന്‍ അമേരിക്കയിലും പ്രൊഡ്യൂസറായി ജോലി ചെയ്ത ശേഷമാണ് റോഷ്ണി എച്ച്സിഎല്ലിലേക്ക് എത്തുന്നത്. ഇരുപത്തിയേഴാമത്തെ വയസില്‍ റോഷ്ണി എച്ച്സിഎല്ലിന്റെ സിഇഒ ആയി. എച്ച്സിഎല്‍ ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍മാനായ ശിഖര്‍ മല്‍ഹോത്രയാണ് റോഷ്ണിയുടെ ഭര്‍ത്താവ്.

1976-ൽ ശിവ് നാടാർ സ്ഥാപിച്ച എച്ച്‌സിഎൽ, ഇന്ത്യയുടെ ഐടി മേഖലയെ ഇന്ന് കാണുന്ന രീതിയിൽ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. റോഷ്‌നിയുടെ നേതൃത്വത്തിൽ, കമ്പനി ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക